• HOME
  • »
  • NEWS
  • »
  • buzz
  • »
  • സച്ചിൻ ടെൻഡുൽക്കർ വഴിയരികിലെ ചായക്കടയിൽ; അപ്രതീക്ഷിത അതിഥിയെ കണ്ട് വിശ്വസിക്കാനാവാതെ കടയുടമ!

സച്ചിൻ ടെൻഡുൽക്കർ വഴിയരികിലെ ചായക്കടയിൽ; അപ്രതീക്ഷിത അതിഥിയെ കണ്ട് വിശ്വസിക്കാനാവാതെ കടയുടമ!

കുടുംബത്തോടൊപ്പം മുംബൈയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രക്കിടെയാണ് സച്ചിൻ വഴിയരികിലെ കടയിൽ നിന്ന് ചായ കുടിച്ചത്

  • Last Updated :
  • Share this:
    ബെലഗാവി: കർണാടകയിലെ ബെലഗാവിയിലുള്ള ടീ സ്റ്റാൾ (Tea Stall) ഉടമയായ വൈജു നാട്ടുകറിന് ഇക്കഴിഞ്ഞ തിങ്കളാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കില്ല. ഒരു സെലിബ്രിറ്റി അതിഥിയാണ് തിങ്കളാഴ്ച അദ്ദേഹത്തെ തേടിയെത്തിയത്. അത് മറ്റാരുമല്ല, ഇതിഹാസ ക്രിക്കറ്റർ സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ (Sachin Tendulkar). കുടുംബത്തോടൊപ്പമാണ് സച്ചിൻ വൈജുവിൻെറ കടയിൽ നിന്ന് ചായ കുടിച്ചത്. മുംബൈയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രക്കിടയിലാണ് ക്രിക്കറ്റിൻെറ ദൈവം ചായ കുടിക്കാനായി ബെൽഗാവിയുടെ പ്രാന്തപ്രദേശത്തുള്ള മാച്ചെയിലെ ടീ ഷോപ്പിനരികിൽ നിർത്തിയത്.

    സച്ചിനും ഭാര്യയും മകനും മകളും ഒരു കാറിലാണ് എത്തിയത്. മറ്റൊരു കാറിൽ താരത്തിൻെറ നാല് ബോഡിഗാർഡുകളും ഉണ്ടായിരുന്നു. സച്ചിൻ കാൻറീനിലേക്ക് എത്തിയത് വൈജുവിന് പെട്ടെന്ന് വിശ്വസിക്കാൻ സാധിച്ചില്ല. ബോഡിഗാർഡുകളോട് ചോദിച്ചാണ് അത് സച്ചിൻ തന്നെയെന്ന് അദ്ദേഹം സ്ഥിരീകരിച്ചത്. രണ്ട് കാറുകളും തൻെറ കാൻറീനിന് മുന്നിൽ നിർത്തിയെന്നും ആദ്യം ബോഡിഗാർഡുകൾ പുറത്തിറങ്ങിയാണ് തന്നോട് ചായ ആവശ്യപ്പെട്ടതെന്നും വൈജു ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

    കാറിൽ തന്നെ ഇരിക്കുകയായിരുന്ന സച്ചിനും കുടുംബത്തിനും കപ്പിൽ ചായ എടുത്ത ശേഷം ബോഡിഗാർഡുകൾ നൽകുകയാണ് ചെയ്തത്. “ആ സമയം വരെ എനിക്കറിയില്ലായിരുന്നു കാറിലുള്ളത് സച്ചിനും കുടുംബവും ആണെന്ന്. പിന്നീട് സച്ചിൻ തന്നെ ഡോർ തുറന്ന് കാറിൽ നിന്ന് പുറത്തേക്കിറങ്ങി. ചായയുടെ സ്വാദ് നന്നായെന്ന് പറഞ്ഞ് എന്നെ അഭിനന്ദിച്ചു. അപ്പോഴാണ് എനിക്ക് ഇത് സച്ചിൻ തന്നെയെന്ന് ശരിക്കും ബോധ്യപ്പെട്ടത്” വൈജു ഉണ്ടായ കാര്യങ്ങൾ വിശദീകരിച്ചു.

    Also Read- ബൈക്കിൽ ഹെല്‍മറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് 'വീരന്‍'; താജ്മഹല്‍ കാണാൻ നടന്‍ അക്ഷയ് രാധാകൃഷ്ണനൊപ്പം വളര്‍ത്തുനായ

    ചായ കുടിച്ചതിൻെറ ആകെ ബിൽ 175 രൂപയായിരുന്നു. 200 രൂപയാണ് സച്ചിൻ വൈജുവിന് നൽകിയത്. തിരികെ ബാക്കി 25 രൂപ നൽകുമ്പോൾ വൈജു സച്ചിനോട് ഓട്ടോഗ്രാഫ് നൽകാമോയെന്ന് ചോദിച്ചു. സച്ചിൻ ചിരിക്കുകയും ആ 200 രൂപ നോട്ടിൽ ഒപ്പിട്ട് ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. ഓട്ടോഗ്രാഫ് ലഭിച്ചപ്പോൾ വൈജു സെൽഫി എടുക്കട്ടേയെന്ന് അഭ്യർഥിച്ചു. അക്കാര്യത്തിലും സച്ചിന് യാതൊരു എതിരഭിപ്രായവും ഇല്ലായിരുന്നു.

    വൈജുവിന് തൃപ്തിയാവുന്നത് വരെ സെൽഫികൾ എടുക്കാൻ സച്ചിൻ നിന്ന് കൊടുത്തു. കുറച്ച് നേരം നിന്ന് സംസാരിക്കുകയും ചെയ്തു. അത് കൂടാതെ സച്ചിൻ തൻെറ ഫോണിൽ വൈജുവിനൊപ്പം സെൽഫിയും വീഡിയോയും എടുക്കുകയും ചെയ്തു. “അപ്രതീക്ഷിതമായ സച്ചിൻെറ വരവ് എൻെറ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്. ഇത് ഒരു കാലത്തും ഞാൻ മറക്കില്ല. അത്ര സുന്ദരമായ ഓർമ്മയായി ഈ ദിവസം എന്നും നിലനിൽക്കും,” സന്തോഷത്താൽ മതിമറന്ന് കൊണ്ട് വൈജു പറഞ്ഞു.

    ഏറെ സന്തോഷത്തോടെയാണ് സച്ചിനും കുടുംബവും ബെലഗാവിയിലുള്ള വൈജുവിൻെറ കടയിൽ നിന്ന് യാത്ര പറഞ്ഞ് മടങ്ങിയത്. തൻെറ ജീവിതത്തിൽ ഇങ്ങനെ മനോഹരമായ ഒരു നിമിഷം ഉണ്ടാവുമെന്ന് വൈജു ഒരിക്കലും പ്രതീക്ഷിച്ചതല്ല. സച്ചിനെയും കുടുംബത്തെയും സംതൃപ്തിയോടെ യാത്ര അയക്കാൻ സാധിച്ചതിൻെറ സന്തോഷത്തിലാണ് അദ്ദേഹം.
    Published by:Anuraj GR
    First published: