സഹോദരി സന്ധ്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച സംവിധായകൻ സനൽകുമാർ ശശിധരൻ മറ്റൊരു ആരോപണവുമായി രംഗത്ത്. പോസ്റ്റ്മോർട്ടം ചെയ്‌തോ എന്ന് പോലും ഉറപ്പില്ലാത്ത സാഹചര്യത്തിൽ മൃതദേഹം ദഹിപ്പിക്കാൻ അമിതോത്സാഹം കാട്ടുന്നു എന്നും, മരണത്തിൽ അവയവ കച്ചവട മാഫിയയുടെ ബന്ധമുണ്ടോ എന്ന തന്റെ പരാതിയിന്മേൽ അന്വേഷണം ഉണ്ടായില്ലെന്നും സനൽ. അച്ഛന്റെ സഹോദരിയുടെ മകളാണ് സന്ധ്യ. സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ ഉണ്ട് എന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉണ്ടായ ഈ മരണം വളരെ ദുരൂഹവും സംശയാസ്പദവുമാണെന്നായിരുന്നു സനൽകുമാറിന്റെ ആദ്യ
പോസ്റ്റ്.
ആരോപണത്തെ തുടർന്ന് ആശുപത്രി അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. ശശിധരന്റെ ആരോപണങ്ങള്‍ തെറ്റിദ്ധാരണാജനകവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് ആശുപത്രി അധികൃതർ
വാർത്താസമ്മേളനത്തിൽ വാദിച്ചു.
സനൽകുമാറിന്റെ പുതിയ പോസ്റ്റ് ചുവടെ:
സന്ധ്യയുടെ മരണത്തെ സംബന്ധിച്ചും മൃതശരീരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ദഹിപ്പിക്കാൻ പോലീസ് കാണിക്കുന്ന അമിതോത്സാഹത്തെ സംബന്ധിച്ചും കൂടുതൽ ആലോചിക്കുമ്പോൾ സംസ്ഥാനത്ത് നിലനിൽക്കുന്നത് ഗുരുതരമായ ക്രമസമാധാന തകർച്ചയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കുറ്റകൃത്യത്തെ കുറിച്ചന്വേഷിക്കേണ്ട പോലീസ് തന്നെ അത് മൂടിവെയ്ക്കാൻ കൂട്ടുനിൽക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.
ഈ മരണത്തിൽ ഓർഗൻ മാഫിയയുദെ കരങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കണം എന്ന് 9/11 നു തന്നെ ഞാൻ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു എങ്കിലും യാതൊരു അന്വേഷണവും ഉണ്ടായില്ല. എന്നാൽ അന്നേദിവസം പ്രധാനമന്ത്രിക്ക് ഞാൻ സമർപ്പിച്ച പരാതിയിന്മേൽ നടപടിയുണ്ടായപ്പോൾ 11/11 നു ഡിജിപി തിരുവനതപുരം റൂറൽ എസ്പിക്ക് അന്വേഷണ ചുമതല നൽകി ഉത്തരവിടുകയായിരുന്നു. എങ്കിലും ഇതുവരെയും കാര്യമായ യാതൊരു അന്വേഷണങ്ങളും ഉണ്ടായില്ല എന്ന് മാത്രമല്ല മൃതദേഹം എത്രയും വേഗം കത്തിച്ച് കളയാൻ അമിതോത്സാഹം കാണിക്കുകയാണ് പോലീസ് ചെയ്തത്.
ഇതോടൊപ്പമുള്ള ചിത്രങ്ങളിൽ ഉള്ളത് നെയ്യാറ്റിൻകര സ്റ്റേഷനിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് എഴുതിയ തിയതി വെക്കാത്ത കത്താണ്. സന്ധ്യയുടെ ശരീരം പോസ്റ്റ് മോർട്ടം കഴിഞ്ഞ് മോർച്ചറിയിൽ സൂക്ഷിക്കുകയാണെന്നും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ദഹിപ്പിക്കാൻ നടപടിയുണ്ടാവണം എന്നുമാണ് ഉള്ളടക്കം.
എന്നാൽ പോസ്റ്റ് മോർട്ടം കഴിഞ്ഞോ ഇല്ലയോ എന്ന് മെഡിക്കൽ കോളേജിൽ നിന്നും ഒരു തീർപ്പും ഇതുവരെയും കിട്ടിയിട്ടില്ല. മെഡിക്കൽ കോളേജ് സൂപ്രണ്ട് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിക്ക് എഴുതിയിരിക്കുന്ന കത്തിൽ പറയുന്നത് സന്ധ്യ 8/11 നു മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു എന്നും ആയത് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മറവുചെയ്യാൻ നടപടി ഉണ്ടാവണം എന്നുമാണ്. ഈ കത്തിന്റെ തിയതി 10/11 എന്നത് വെട്ടിത്തിരുത്തി 11/11 എന്നാക്കി മാറ്റിയിട്ടുണ്ട്.
ഇതോടൊപ്പമുള്ള മറ്റൊരു ചിത്രം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനാണ്. അതിൽ പറയുന്നത് സന്ധ്യയുടെ TrueNat കോവിഡ് പൊസിടിവ് ആനെന്നും nasopharyngeal ആലപ്പുഴയിൽ അയച്ചിടുണ്ടെന്നും ആവശ്യമുള്ള പക്ഷം പോസ്ട് മോര്‍ട്ടം നടത്തിയ ശേഷം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അടക്കം ചെയ്യണം എന്നുമാണ്.
ഇതൊരു വ്യക്തിക്ക് ഉണ്ടായ അനീതി ആണെന്ന് പൊതുജനം ഇനിയും വിശ്വസിക്കുന്നു എങ്കിൽ അത് ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാക്കും എന്ന് മാത്രം പറഞുകൊള്ളട്ടെ. എന്റെ ജീവന്‍ അപകടത്തിലാണ് എന്നെനിക്കറിയാം. അതിലും അപകടത്തിലാണ് കേരള സമൂഹത്തിന്റെ ക്രമസമാധാന ജീവിതം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.