ഇന്റർഫേസ് /വാർത്ത /Buzz / 'അച്ഛനമ്മമാർ നോക്കിനിൽക്കുമ്പോഴാണ് അവൾ വെന്തുരുകിയത്'; ദേവികയുടെ മരണം ചർച്ചയാകാത്തത് എന്തുകൊണ്ട്?

'അച്ഛനമ്മമാർ നോക്കിനിൽക്കുമ്പോഴാണ് അവൾ വെന്തുരുകിയത്'; ദേവികയുടെ മരണം ചർച്ചയാകാത്തത് എന്തുകൊണ്ട്?

news18

news18

'ഇത്തരം കുറ്റകൃത്യങ്ങൾ ഒരു സാധാരണ സംഭവം പോലെ കേരള സമൂഹം കാണുന്നതുകൊണ്ടാണ് ഇത് ചർച്ചയാകാതിരുന്നതെന്നും ഒരുപാട് ഭയം തോന്നുന്ന അവസ്ഥയാണിത്'

 • Share this:

  കാക്കനാട് സ്വദേശിനിയായ ദേവിക എന്ന പെൺകുട്ടിയെ, അവളുടെ വീട്ടിൽവെച്ച് അച്ഛനമ്മമാരുടെ മുന്നിൽവെച്ച് മിഥുൻ എന്ന യുവാവ് പെട്രോളൊഴിച്ചുകത്തിച്ച് കൊലപ്പെടുത്തി. ഈ വർഷം ഇത്തരത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെ സംഭവമാണിത്. എന്നാൽ ഇതിനോട് തികഞ്ഞ നിസംഗതയാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ കേരള സമൂഹം പുലർത്തുന്നതെന്ന് സന്ദീപ് ദാസ് എന്ന യുവാവ് ഫേസ്ബുക്കിലൂടെ പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ ഒരു സാധാരണ സംഭവം പോലെ കേരള സമൂഹം കാണുന്നതുകൊണ്ടാണ് ഇത് ചർച്ചയാകാതിരുന്നതെന്നും ഒരുപാട് ഭയം തോന്നുന്ന അവസ്ഥയാണിതെന്നും അദ്ദേഹം എഴുതി.

  സന്ദീപ് ദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

  ഒരു പെൺകുട്ടിയെക്കൂടി പെട്രോളൊഴിച്ച് കത്തിച്ചുകൊന്നിട്ടുണ്ട്. കാക്കനാട് സ്വദേശിനിയായ ദേവികയെ മിഥുൻ എന്ന യുവാവാണ് കൊലപ്പെടുത്തിയത്. ദേവികയുടെ വീട്ടിൽ അർദ്ധരാത്രി അതിക്രമിച്ചു കടന്നാണ് കൃത്യം നടപ്പിലാക്കിയത്.ദേവികയോടൊപ്പം മിഥുനും പൊള്ളലേറ്റ് മരിച്ചു.

  ഇത്തരമൊരു സംഭവം നടന്നാൽ,ഫെയ്സ്ബുക്കിൽ അതിനെക്കുറിച്ച് വലിയ ചർച്ചകളുണ്ടാവാറുണ്ട്. പക്ഷേ ദേവികയുടെ കൊലപാതകം മുഖപുസ്തകത്തെ പിടിച്ചുകുലുക്കിയിട്ടില്ല. അപൂർവ്വം ചിലർ മാത്രമാണ് ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. ശരിക്കും ഒരുപാട് ഭയം തോന്നുന്നു. ഇതുപോലുള്ള കുറ്റകൃത്യങ്ങൾ നമുക്ക് തീർത്തും സാധാരണമായി മാറിക്കഴിഞ്ഞുവോ? ചർച്ച ചെയ്യാൻ മാത്രം ഇതിലൊന്നുമില്ല എന്ന് കുറേപ്പേർക്കെങ്കിലും തോന്നിത്തുടങ്ങിയോ!?

  പെട്രോളും ആസിഡും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ പതിവാണ്. ആ വൃത്തികെട്ട രീതി കേരളത്തിൽ നിലനിന്നിരുന്നില്ല. ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. ഓർമ്മ ശരിയാണെങ്കിൽ ഈ വർഷം ഈ രീതിയിൽ കൊല്ലപ്പെടുന്ന നാലാമത്തെ മലയാളി പെൺകുട്ടിയാണ് ദേവിക !

  വീടിനുള്ളിൽ വെച്ചാണ് ദേവികയെ കൊലപ്പെടുത്തിയത് ! അച്ഛനമ്മമാർ നോക്കിനിൽക്കുമ്പോഴാണ് അവൾ വെന്തുരുകിയത് ! ഒരു പെൺകുട്ടി സ്വന്തം വീടിനകത്ത് പോലും സുരക്ഷിതയല്ല ! ഇതിനേക്കാൾ വലിയൊരു നാണക്കേട് വേറെ ഉണ്ടാകുമോ?

  ദേവികയും മിഥുനും തമ്മിൽ പ്രണയത്തിലായിരുന്നില്ല എന്നാണ് അവരോട് അടുപ്പമുള്ളവർ പറയുന്നത്. ദേവികയുടെ അമ്മയുടെ അകന്ന ബന്ധുവായിരുന്നു മിഥുൻ. ആ നിലയ്ക്ക് അവർ തമ്മിൽ പരിചയമുണ്ടായിരുന്നു എന്ന് മാത്രം. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് മിഥുൻ ദേവികയെ കൊലപ്പെടുത്തിയത്.

  പക്ഷേ ചില ആളുകൾ ഇതൊന്നും അംഗീകരിക്കില്ല. അവർ ദേവികയും മിഥുനും തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന് പാടിനടക്കും. തീയില്ലാതെ പുകയുണ്ടാവില്ല എന്ന് അഭിപ്രായപ്പെടും. ഉപ്പുതിന്നവൾ വെള്ളം കുടിക്കണം എന്ന് പ്രഖ്യാപിക്കും ! ഇത്തരം സംഭവങ്ങളുണ്ടാവുമ്പോൾ കൊലപാതകിയെ പരോക്ഷമായി ന്യായീകരിക്കാൻ ചില 'പ്രബുദ്ധരായ' മലയാളികൾക്ക് ഒരു മടിയുമില്ല !

  ദേവിക മിഥുനെ പ്രണയിച്ചിരുന്നു എന്ന് തന്നെ സങ്കൽപ്പിക്കുക. അതുകൊണ്ട് ഈ പൈശാചിക കൃത്യം ന്യായീകരിക്കപ്പെടുമോ? ഒരിക്കലുമില്ല.ദേവികയുടെ സ്ഥാനത്ത് നമുക്ക് വേണ്ടപ്പെട്ട ഒരു പെൺകുട്ടിയെ സങ്കൽപ്പിച്ചുനോക്കിയാൽ അക്കാര്യം എളുപ്പത്തിൽ മനസ്സിലാവും.

  ദേവികയുടെ കുടുംബത്തെ മൊത്തത്തിൽ ഇല്ലായ്മ ചെയ്യാൻ പദ്ധതിയിട്ടാണ് മിഥുൻ പെട്രോളുമായി എത്തിയത്. അയാളുടെ മനോനില നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. തികഞ്ഞ ക്രിമിനലായിരുന്നു മിഥുൻ.അങ്ങനെയുള്ള ഒരാളുടെ പ്രണയാഭ്യർത്ഥന എങ്ങനെയാണ് ഒരു പെൺകുട്ടി സ്വീകരിക്കുന്നത്? ഇനി സ്വീകരിച്ചാൽ തന്നെയും ആ ബന്ധം എത്രകാലം തുടരാനാകും?സാമാന്യബോധമുള്ള പെൺകുട്ടികൾ അത്തരക്കാരെ വേണ്ടെന്നുവെയ്ക്കില്ലേ?

  മിഥുൻമാരാൽ സമ്പന്നമാണ് ഈ ലോകം.അവരെ പല പെൺകുട്ടികളും കാര്യമറിയാതെ പ്രണയിക്കും. എന്നാൽ മിഥുൻമാരുടെ യഥാർത്ഥ സ്വഭാവം പെൺകുട്ടികൾക്ക് മനസ്സിലാവുമ്പോൾ പ്രണയം തകരും. അപ്പോൾ അവൻമാർ പെട്രോളുമെടുത്ത് കൊല്ലാനിറങ്ങും. സത്യം മനസ്സിലാക്കാതെ പെൺകുട്ടിയെ 'തേപ്പുകാരി' എന്ന് വിളിച്ച് കുറേപ്പേർ രംഗത്തെത്തുകയും ചെയ്യും. ഇതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് !

  ഇങ്ങനെയുള്ള കൊലപാതകങ്ങൾ ഇല്ലാതാക്കാൻ മുൻകൈ എടുക്കേണ്ടത് നമ്മൾ തന്നെയാണ്.പൊലീസിനും നിയമത്തിനും എല്ലാം വിട്ടുകൊടുത്ത് മാറിനിൽക്കരുത്.

  ബന്ധങ്ങൾക്ക് അനാവശ്യമായ ദിവ്യതയും പരിശുദ്ധിയുമൊക്കെ കല്പിച്ചുകൊടുക്കുന്ന ഏർപ്പാട് നാം കാലാകാലങ്ങളായി ചെയ്തുവരുന്നുണ്ട്. സ്വന്തം ഭർത്താവ് എത്ര മോശമായി പെരുമാറിയാലും, പല സ്ത്രീകളും നിശബ്ദമായി സഹിക്കാറുണ്ട്. വിവാഹബന്ധം വേർപെടുത്തിയാൽ അവരെ സമൂഹം വെറുതെവിടില്ല. അവളാണ് കൂടുതൽ പഴികൾ കേൾക്കുക.

  ചില ഭർത്താക്കൻമാർ ഭാര്യമാരെ ശാരീരികമായി ഉപദ്രവിക്കാറുണ്ട്. ഇഷ്ടമില്ലാത്ത അവസരങ്ങളിൽപ്പോലും സെക്സിന് നിർബന്ധിക്കാറുണ്ട്. പക്ഷേ അതെല്ലാം ഭർത്താവിന്‍റെ അവകാശങ്ങളുടെ പരിധിയിൽ വരുമെന്നാണ് നമ്മുടെ ധാരണ !

  കാര്യങ്ങളെ ഇത്രയും സങ്കീർണ്ണമാക്കി മാറ്റേണ്ടതില്ല. മനുഷ്യന്‍റെ സന്തോഷത്തിനുവേണ്ടിയാണ് ബന്ധങ്ങൾ.നിങ്ങളുമായി ഒത്തുപോകാൻ നിങ്ങളുടെ പ്രണയിനിയ്ക്ക് യാതൊരു കാരണവശാലും സാധിക്കുന്നില്ലെങ്കിൽ, ആ ബന്ധം അവസാനിപ്പിക്കുന്നത് തന്നെയാണ് രണ്ടുകൂട്ടർക്കും നല്ലത്. സ്ത്രീകളെ പെട്രോളൊഴിച്ച് കത്തിക്കുന്ന പുരുഷൻമാർക്ക് നഷ്ടങ്ങൾ മാത്രമേ സംഭവിക്കുകയുള്ളൂ.

  'നോ' പറയാനുള്ള അവകാശം എല്ലാ മനുഷ്യർക്കും ഉണ്ട്. ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും ആ വാക്ക് ഉച്ചരിക്കാം. ചില മനുഷ്യരെ തിരിച്ചറിയാൻ ചിലപ്പോൾ വർഷങ്ങൾ വേണ്ടിവരും. അഞ്ചുവർഷം പ്രണയിച്ചതുകൊണ്ടോ പത്തുവർഷം ഒന്നിച്ചുജീവിച്ചതുകൊണ്ടോ 'നോ' പറയാനുള്ള അവകാശം ഇല്ലാതാകുന്നില്ല. പിടിച്ചുവാങ്ങുന്ന സ്നേഹം കൊണ്ട് പ്രയോജനവുമില്ല. ഇക്കാര്യം നമ്മുടെ ആൺകുട്ടികളെ ചെറുപ്പം മുതൽ പഠിപ്പിക്കണം. അപ്പോൾ ഇത്തരം സംഭവങ്ങൾ ഇല്ലാതായിക്കൊള്ളും.

  ഇനിയൊരു ദേവിക ഉണ്ടാകാതിരിക്കട്ടെ....!!

  First published:

  Tags: Devika murder, Kakkanad, Kochi, Murder case, Sandeep das facebook post