ഈ വർഷത്തെ ഫിഫ ലോകകപ്പിന്റെ തുടക്കത്തിൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിൽ തോൽവി അറിഞ്ഞെങ്കിലും അർജന്റീന ഫൈനലിലെത്തിയിരിക്കുകയാണ്. ഇതിനിടെ, ആദ്യം സൗദി ആരാധകനാണെന്ന് പറഞ്ഞെത്തിയ ഒരു ആരാധകൻ ഇപ്പോൾ അർജന്റീനയെ പിന്തുണക്കുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
നവംബർ 22 നാണ് സൗദി അറേബ്യയ്ക്കെതിരെ അർജന്റീന 1-2 ന് തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ ഇയാൾ മെസിക്കെതിരെ സംസാരിക്കുകയും വാർത്ത റിപ്പോർട്ട് ചെയ്യാൻ വന്ന ദക്ഷിണ കൊറിയൻ റിപ്പോർട്ടറെ തടസപ്പെടുത്തുകയും ചെയ്തത് വാർത്തയായിരുന്നു. ‘എവിടെ മെസി?’ എന്ന് ഇയാൾ പരിഹാസത്തോടെ ചോദിക്കുകയും ചെയ്തിരുന്നു.
Also Read-അഭിമാന നിമിഷം; കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നെയ്മർ
എന്നാൻ, ബുധനാഴ്ച നടന്ന സെമി ഫൈനലിൽ ക്രൊയേഷ്യയെ അർജന്റീന വീഴ്ത്തിയതോടെ ഈ ആരാധകൻ മറുകണ്ടം ചാടിയിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെ അർജന്റീനയുടെ പതാകയുടെ നിറമുള്ള സ്കാർഫ് ധരിച്ച് ഈ ആരാധകൻ എത്തിയതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇയാൾ ‘ വാമോസ് അർജന്റീന്’ എന്ന് വീഡിയോയിൽ പറയുന്നതും കേൾക്കാം.
അതേസമയം, ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ അർജന്റീന നേരിടും. ആദ്യമായി ലോകകപ്പ് കിരീടം നേടാനുള്ള മെസ്സിയുടെ അവസാന അവസരമാണിത്. ലോകകപ്പിൽ അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡും മെസി സ്വന്തമാക്കിയിരുന്നു. 11 ഗോളുകളുമായി ഇതിഹാസ താരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെയാണ് മെസി മറികടന്നത്. ഏഴ് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയ താരം ഖത്തർ ലോകകപ്പിൽ ഇതുവരെ അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്.
ക്രൊയേഷ്യയെ എതിരില്ലാത്തെ മൂന്നു ഗോളുകൾക്ക് തകർത്ത് അർജന്റീനയും മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി ഫ്രാൻസും ഫൈനലിലെത്തി. നിലവിലെ ജേതാക്കളായ ഫ്രാൻസ് ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിലേക്ക് കുതിക്കുന്നത്. ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന രണ്ട് ടീമുകൾ മുഖാമുഖം വരുമ്പോൾ ലോകകപ്പ് ഫൈനൽ തീപാറുമെന്ന് ഉറപ്പാണ്.
ഇത്തവണ ലോകകപ്പ് നേടുന്ന ടീം മൂന്നാം കിരീടനേട്ടത്തിലേക്കാണ് എത്തുക. അർജന്റീന 1986, 1978 വർഷങ്ങളിലാണ് ലോകകപ്പ് ജേതാക്കളായത്. ഫ്രാൻസ് വിശ്വവിജയികളായത് 2018ലും 1998ലുമാണ്. അർജന്റീനയെ വീഴ്ത്തി ലോകകിരീടം നേടിയാൽ ഫ്രാൻസിനെ കാത്തിരിക്കുന്ന മറ്റൊരു അതുല്യ നേട്ടം കൂടിയുണ്ട്. 60 വർഷത്തിനിടെ ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമെന്ന നേട്ടമാകും ഫ്രാൻസിനെ തേടിയെത്തുക.
സമകാലീന ഫുട്ബോളിലെ മികച്ച കളിക്കാരായ ലയണൽ മെസിയും കീലിയൻ എംബാപ്പെയും മുഖാമുഖം വരുന്നുവെന്ന പ്രത്യേകതയും അർജന്റീന ഫ്രാൻസ് പോരാട്ടത്തിനുണ്ട്. അതേസമയം, 36 വർഷത്തിന് ശേഷം ഒരു ലോകകപ്പിനായി കാത്തിരിക്കുകയാണ് അർജന്റീന. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഓരോ തോൽവി വഴങ്ങിയാണ് പ്രീ ക്വാർട്ടറിലെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.