• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'തിരിച്ചുതരാൻ സ്നേഹവും പ്രാർത്ഥനകളും മാത്രം'; വിവാഹവാർഷിക വേളയിൽ നല്ലപാതിയോട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

'തിരിച്ചുതരാൻ സ്നേഹവും പ്രാർത്ഥനകളും മാത്രം'; വിവാഹവാർഷിക വേളയിൽ നല്ലപാതിയോട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

''ക്ഷമിക്കണമെന്ന ഉപചാര വാക്കുകളാണ് ഈ വേളയിൽ അവരുടെയടുത്ത് പറയാനുള്ളത്.കാരണം ജീവിതകാലം മുഴുവൻ സമൂഹ മധ്യത്തിൽ ക്വാറന്റൈൻ ചെയ്യപ്പെട്ട ജീവിത രീതിയാണ് നമ്മുടേത്.പൂർവ്വികർ തൊട്ടേയുള്ള പാതയാണത്.അത് വിധിയും നിമിത്തവുമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു.അതിൽ സന്തോഷം കണ്ടെത്തുന്നു.''

Sayyid Munavvar Ali Shihab Thangal

Sayyid Munavvar Ali Shihab Thangal

 • Share this:
  വിവാഹ വാർഷിക വേളയിൽ പ്രിയ പത്നിക്ക് ഹൃദയകാരിയായ കുറിപ്പുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. മടുപ്പും പ്രയാസവും തോന്നുന്ന മാനസികാവസ്ഥയിലും കണ്ണ് ചിമ്മിക്കാണിച്ച് "എല്ലാം ശരിയാവും,ഇങ്ങള് തളരരുത്"എന്ന് പറഞ്ഞ് കൈ പിടിച്ച് അവർ നൽകുന്ന ധൈര്യം ലോകത്ത് നമുക്ക് മുന്നേറാനുള്ള വലിയ പ്രചോദനമായി തീരുന്നുവെന്ന് അദ്ദേഹം കുറിച്ചു.

  കുറിപ്പ് ഇങ്ങനെ

  എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിന്ന്.വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് മനുഷ്യന്റെ ജീവിതമാകുന്ന യാത്ര. ചോരക്കുഞ്ഞായി പിറന്ന് വീഴുമ്പോൾ ഒന്നിനും കഴിയാതെ നിസ്സഹായമായി മാതാവിന്റെ സംരക്ഷണത്തിൽ അവൻ/അവൾ വളരുന്നു. പിന്നീട് പിച്ചവെച്ച്, ജീവിതത്തിന്റെ ഓരോ ചുവടും പടിപടിയായി കയറുന്നു.ഏറെ സ്വാതന്ത്ര്യമുള്ള സ്കൂൾ,കലാലയ ജീവിതത്തിലൂടെ സൗഹൃദവും ലോകവും അറിയുന്നു.പിന്നീട് രണ്ട് കാലിൽ നിൽക്കാനും ഉപജീവന മാർഗ്ഗം കണ്ടെത്താനുള്ള നെട്ടോട്ടമായി.പുരുഷനെ സംബന്ധിച്ചു സ്വന്തം ജീവിതത്തെ രൂപകല്പന ചെയ്യാൻ പെടാപാടു പെടുമ്പോൾ ഒരു കൈതാങ്ങായി, എല്ലാത്തിനും കൂടെ നിൽക്കാൻ ഒരാൾ. അതാണ് ഭാര്യ.

  മടുപ്പും പ്രയാസവും തോന്നുന്ന മാനസികാവസ്ഥയിലും കണ്ണ് ചിമ്മിക്കാണിച്ച് "എല്ലാം ശരിയാവും,ഇങ്ങള് തളരരുത്"എന്ന് പറഞ്ഞ് കൈ പിടിച്ച് അവർ നൽകുന്ന ധൈര്യം ലോകത്ത് നമുക്ക് മുന്നേറാനുള്ള വലിയ പ്രചോദനമായി തീരുന്നു. കഴിഞ്ഞ 16 വർഷമായി അങ്ങനെയൊരാൾ എന്റെ ജീവിതത്തിലും നിർണായക സ്വാധീനമായി നിലകൊള്ളുന്നു.എന്റെ പ്രിയപ്പെട്ട ഉമ്മ, എനിക്കായി കണ്ടു വെച്ച പ്രിയപത്നി..

  TRENDING:Bev Q App | മര്യാദക്ക് ആപ്പ് ഇറക്കിയാൽ നിനക്ക് കൊള്ളാമെന്ന് 'കുടിയന്മാർ'; അധികം നീളില്ലെന്ന് സ്റ്റാർട്ടപ്പ് കമ്പനി [NEWS]സൗഹൃദവും പകയും കൊതിയും നിറഞ്ഞൊരു സസ്പെൻസ് ത്രില്ലർ; നടന്നത് പരിയാരം വനംവകുപ്പ് ഓഫീസിൽ [NEWS]Mohanlal Movie Challenge | മോഹൻലാലിന്റെ ഈ സിനിമകളിൽ എത്രയെണ്ണം നിങ്ങൾ കണ്ടിട്ടുണ്ട്? [PHOTOS]

  ജീവിതത്തിൽ ഒരു തവണ മാത്രമേ പെണ്ണ് കാണാൻ പോയിട്ടുള്ളൂ.'പെണ്ണ് കാണൽ' കേവലം ഒരു ചടങ്ങു മാത്രമായിരുന്നു എന്നെ സംബന്ധിച്ച്.കുടുംബങ്ങൾ തമ്മിൽ എല്ലാം തീരുമാനിച്ചുറപ്പിച്ചതായിരുന്നു .കൊയിലാണ്ടി സനഫിലെ അബ്ദുള്ള സഖാഫ് തങ്ങളുടെ മകളായ പ്ലസ് ടുകാരി പെൺകുട്ടിയാണ് നല്ല പതിയായി ജീവിതത്തിലേക്ക് കടന്ന് വന്നത്.അന്നത്തെ ആ പ്ലസ് ടുക്കാരി തിരക്കു പിടിച്ച നമ്മുടെ ജീവിത ക്രമത്തിനിടയിലും സമയം കണ്ടെത്തി ഡിസ്റ്റൻസ് എജുക്കേഷൻ സംവിധാനത്തിലൂടെ ഡിഗ്രിയും കരസ്ഥമാക്കി.ഇപ്പോൾ എന്റെ മൂന്ന് കുട്ടികളുടെ ഉത്തരവാദിത്വപ്പെട്ട ഉമ്മായാണവർ.

  മിക്കവാറും തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ കുടുംബത്തിൽ നമ്മുടെ ഭാഗധേയം കൂടി പരാതികളില്ലാതെ നിർവ്വഹിക്കുന്നു അവർ. ക്ഷമിക്കണമെന്ന ഉപചാര വാക്കുകളാണ് ഈ വേളയിൽ അവരുടെയടുത്ത് പറയാനുള്ളത്.കാരണം ജീവിതകാലം മുഴുവൻ സമൂഹ മധ്യത്തിൽ ക്വാറന്റൈൻ ചെയ്യപ്പെട്ട ജീവിത രീതിയാണ് നമ്മുടേത്.പൂർവ്വികർ തൊട്ടേയുള്ള പാതയാണത്.അത് വിധിയും നിമിത്തവുമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു.അതിൽ സന്തോഷം കണ്ടെത്തുന്നു.

  എന്റെ മൂത്ത സഹോദരിയുടെ മകൻ ഉവൈസ് മോന്റെ നിക്കാഹ്‌ ചടങ്ങിൽ പ്രമുഖ പണ്ഡിതൻ റഫീക്ക് സകരിയ ഫൈസിയുടെ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞ ഒരു വാക്ക് മനസ്സിലേക്കെത്തുന്നു. "കേരള സമൂഹം ഒരു ഭാര്യ എന്ന നിലയിൽ മാപ്പ് പറയേണ്ടതുണ്ടെങ്കിൽ അത് മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പത്നി ശരീഫ ഫാത്തിമാ ബീവിയോടാണെന്ന്"അദ്ദേഹം പറയുകയുണ്ടായി. സത്യത്തിൽ ബാപ്പയുടെയും ഉമ്മയുടെയും വിയോഗത്തിലും ഓർമ്മകളിലും കണ്ണുനീർ വരാതെ പിടിച്ച് നിൽക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ആ വാക്കുകൾ കേട്ടപ്പോൾ ഞാനറിയാതെ എന്റെ കണ്ണുകളിൽ അശ്രുകണങ്ങൾ നിറഞ്ഞു.ഒരു പക്ഷെ ഞാൻ പോലും അപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞിട്ടുണ്ടാവുക എന്നത് കൊണ്ടായിരിക്കണമത്.

  ബാപ്പയുടെ വിശ്രമമില്ലാത്ത ജീവിതത്തിനിടയിൽ ഞങ്ങളെ വളർത്തിയത് ആദരവോടെയും അഭിമാനത്തോടെയും നിറഞ്ഞ സ്നേഹത്തോടെയും മാത്രം എനിക്കോർക്കാൻ കഴിയുന്ന എന്റെ പ്രിയപ്പെട്ട ഉമ്മയായിരുന്നു.ഈ ജീവിതത്തിൽ എന്തെങ്കിലും നന്മ അവശേഷിക്കുന്നുണ്ടെങ്കിൽ അതവരുടെ ലാളനയുടെയും ശാസനയുടെയും ശക്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നു.

  ബാപ്പയോളം തിരക്കൊന്നുമില്ലെങ്കിലും ആ തുടർച്ചയെന്നോണം ചെയ്ത് തീർക്കേണ്ട ഉത്തരവാദിത്വത്തെ കുറിച്ചുള്ള ബോധ്യവും അതിന് ജനങ്ങൾ നൽകുന്ന പൂർണ്ണ പിന്തുണയുമാണ് മുന്നോട്ട് നയിക്കുന്നത്.അതിനിടയിൽ ജീവിതത്തിൽ ചേർന്ന് നിൽക്കുന്നവളെ സന്തോഷിപ്പിക്കാനും ഭാര്യയെന്ന നിലയിൽ ശ്രദ്ധ ചെലുത്താനും കഴിയാതെ പോയിട്ടുണ്ടെങ്കിൽ അതൊരു അപാകതയായി കാണരുതെന്നാണ് അവർക്ക് മുൻപിൽ സ്നേഹത്തോടെ പറയാനുള്ളത്.
  പ്രചോദനമായി കൂടെ നിന്നതിനും മനസ്സിലാക്കിയതിനും അതിരുകളില്ലാത്ത സ്നേഹവും ശ്രദ്ധയും കൊണ്ട് മനസ്സ് നിറച്ചതിനും എന്റെ കുട്ടികളുകളുടെ നല്ല ഉമ്മയായതിനും ജീവിതത്തിലെ നന്മ നിറഞ്ഞ നല്ല പങ്കാളിയായതിനും ഈ സന്ദർഭത്തിലും തിരിച്ചു തരാൻ സ്നേഹവും പ്രാർത്ഥനകളും മാത്രം.

  Published by:Rajesh V
  First published: