കൊച്ചി: വേനലവധിക്കായി അടച്ചതോടെ അടുത്ത അധ്യയനവർഷത്തേക്ക് കുട്ടികളെ ക്യാൻവാസ് ചെയ്യാൻ പതിനെട്ടടവും പയറ്റുകയാണ് സ്കൂളുകൾ. ഇത്തവണ സോഷ്യൽ മീഡിയയിലൂടെ കുട്ടികളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് സ്കൂള്‍ അധികൃതർ. ഇത്തരത്തിലുള്ള പരസ്യ പോസ്റ്ററുകൾ വൈറലാവുകയാണ്. സിനിമ സംഭാഷണങ്ങൾ ഉൾപ്പെടുത്തിയുള്ള വ്യത്യസ്‌ത പ്രവേശന പോസ്‌റ്ററുകളാണ് വൈറലാവുന്നത്.
അടിമാലി ഉപജില്ലയിലെ മുതിരപ്പുഴ ഗവ. എൽപി സ്‌കൂളിലെ അഡ്‌മിഷൻ പോസ്‌റ്ററാണ് സോഷ്യൽ മീഡിയ ആദ്യമേറ്റെടുത്തതെങ്കിൽ കൂടുതൽ സ്കൂളുകള്‍ ഇപ്പോൾ ഈ വഴി സഞ്ചരിക്കുകയാണ്. കോഴിക്കോട് ഒളവണ്ണ എഎൽപി സ്‌കൂളിന്റെ അഡ്‌മിഷൻ പോസ്റ്ററും ഇതിനോടകം വൈറലായിട്ടുണ്ട്.
ലേലം സിനിമയിലെ ‘നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല.’ എന്ന ഹിറ്റ് ഡയലോഗ് ഉൾപ്പെടുത്തിയായിരുന്നു മുതിരപ്പുഴ ഗവ. എൽപി സ്കൂളിന്റെ പരസ്യം. ‘മുതിരപ്പുഴ ഗവൺമെൻറ് എൽ പി സ്‌കൂൾ പോലെ സൗജന്യവും മികച്ചതുമായ വിദ്യാഭ്യാസം കൊടുക്കുന്ന സ്‌കൂൾ അന്ന് ഉണ്ടായിരുന്നെങ്കിൽ ഈപ്പച്ചൻ ഇംഗ്ലീഷ് പറഞ്ഞേനെ, ഏത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പിള്ളേരെക്കാളും നന്നായി തന്നെ..’, പോസ്‌റ്ററിൽ പറയുന്നു.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ പോസ്‌റ്റ് ഷെയർ ചെയ്‌തു.
ഇതിപ്പോ ടീച്ചർമാർ ഇങ്ങനെ തുടങ്ങിയാൽ പരസ്യ കമ്പനിക്കാർ എന്ത് ചെയ്യും…! ശ്രീപ്രിയ ടീച്ചർക്കും മുതിരപ്പുഴ ഗവൺമെന്റ് എൽ പി സ്‌കൂളിനും അഭിനന്ദനങ്ങൾ ?? (ഇംഗ്ലീഷ് ഭാഷാ മികവിന് ഇംഗ്ലീഷ് മീഡിയം മറ്റേതെങ്കിലും മീഡിയം എന്ന വ്യത്യാസമില്ല)- എന്നായിരുന്നു മന്ത്രിയുടെ പോസ്‌റ്റ്.
ഇതിന് പിന്നാലെ മിക്ക സ്‌കൂളുകളും ട്രോൾ പോസ്‌റ്ററുകളുമായി രംഗത്തുവന്നു. ഒരു വടക്കൻ വീരഗാഥയിലെ ‘ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ’ എന്ന മമ്മൂട്ടി ഡയലോഗുമായെത്തിയ ഒളവണ്ണ എഎൽപി സ്‌കൂളിന്റെ അഡ്‌മിഷൻ പോസ്റ്ററും ഇതിനോടകം വൈറലായി. ”പലരും പല വട്ടം പലകുറി ചന്തുവിനെ തോൽപ്പിച്ചു.. പക്ഷേ ചന്തുവിന്റെ മകനെ ഇനി ആർക്കും തോൽപ്പിക്കാനാവില്ല മക്കളേ… എന്റെ മകൻ പഠിക്കുന്നത് ഒളവണ്ണ എഎൽപി സ്‌കൂളിലാണ്..” എന്ന പോസ്‌റ്ററാണ് ശ്രദ്ധേയമാവുന്നത്.
അൺ എയ്‌ഡഡ് സ്‌കൂളുകളുടെ പരസ്യ പ്രചരണങ്ങൾക്ക് മുമ്പിൽ പിടിച്ച് നിൽക്കാൻ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി നൂതന മാർഗങ്ങളാണ് സർക്കാർ എയ്ഡഡ് സ്‌കൂളുകൾ സ്വീകരിക്കുന്നത്. നവമാധ്യമങ്ങളിലൂടെയുള്ള സ്‌കൂളുകളുടെ പോസ്‌റ്ററുകൾ കൗതുകം ഉയർത്തുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Schools, Schools In Kerala, Viral