അച്ഛന് അപകടം സംഭവിച്ചതിനെത്തുടർന്ന് സൊമാറ്റോ (Zomato) ഡെലിവറി ഏജന്റിന്റെ ജോലി ഏറ്റെടുത്ത് 7 വയസുകാരൻ. സൈക്കിളിലാണ് ഈ സ്കൂൾ വിദ്യാർത്ഥി ഉപഭോക്താക്കൾക്ക് ഭക്ഷണം എത്തിക്കുന്നത്. രാഹുൽ മിത്തൽ (Rahul Mittal ) എന്നയാളാണ് ഈ കുട്ടി ഡെലിവറി ബോയ് ചോക്ലേറ്റ് ബോക്‌സ് പിടിച്ച് നിൽക്കുന്ന വീഡിയോയ്ക്കൊപ്പം സംഭവം ട്വിറ്ററിൽ (Twitter) പങ്കുവെച്ചത്. "ഈ 7 വയസ്സുള്ള കുട്ടി അവന്റെ അച്ഛന്റെ ജോലി ചെയ്യുന്നു" എന്നും വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.
ഈ കുട്ടിയുടെ അച്ഛന് ഒരു അപകടമുണ്ടായെന്നും സ്‌കൂളിൽ പോയി തിരിച്ചെത്തി വൈകുന്നേരം 6 മണിക്ക് ശേഷം സൊമാറ്റോ ഡെലിവറി ബോയ് ആയി ഇപ്പോൾ ജോലി ചെയ്യുന്നുന്നത് ഇവനാണെന്നും രാഹുൽ മിത്തൽ വിശദീകരിച്ചു.
രാഹുൽ മിത്തലും കുട്ടിയും തമ്മിലുള്ള സംഭാഷണമാണ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ കാണുന്നത്. തന്റെ പിതാവിന്റെ പ്രൊഫൈലിലേക്ക് ബുക്കിംഗ് വരുന്നുണ്ടെന്നും ഇപ്പോൾ താനാണ് ചുമതല ഏറ്റെടുത്തിരിക്കുന്നതെന്നും കുട്ടി പറയുന്നത് വീഡിയോയിൽ കേൾക്കാം.
This 7 year boy is doing his father job as his father met with an accident the boy go to school in the morning and after 6 he work as a delivery boy for @zomato we need to motivate the energy of this boy and help his father to get into feet #zomato pic.twitter.com/5KqBv6OVVG
— RAHUL MITTAL (@therahulmittal) August 1, 2022
ട്വിറ്ററിൽ വൈറലായ വീഡിയോ ഇതിനോടകം 42000 ൽ അധികം ആളുകളാണ് കണ്ടത്. ''ഈ കുട്ടി കഠിനാധ്വാനം ചെയ്യുന്നത് കാണുമ്പോൾ സങ്കടമുണ്ട്. കഷ്ടപ്പെടുന്ന നിരവധി ആളുകൾ ഇപ്പോളും സൊമാറ്റോയിലുണ്ട്. അവരെ ആരും ശ്രദ്ധിക്കുന്നില്ല. നിങ്ങൾക്ക് ഒരു മികച്ച കോർപ്പറേറ്റ് നയം ആവശ്യമാണ്," എന്നാണ് വീഡിയോക്കു താഴെ ഒരാളുടെ കമന്റ്.
''ഈ വീഡിയോ കണ്ടിട്ട് ഞാൻ കുറേ കരഞ്ഞു. ധീരനും കഠിനാധ്വാനിയുമായ കുട്ടിയാണിവൻ. ഇവൻ ബഹുമാനം അർഹിക്കുന്നു ആർക്കെങ്കിലും അവനെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ പങ്കിടാമോ? അവന്റെ പഠനവുമായി ബന്ധപ്പെട്ട് സഹായം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു", എന്നും മറ്റൊരാൾ കമന്റ് ചെയ്തിട്ടുണ്ട്.
read also: തീപിടുത്ത സാധ്യത; ബിഎംഡബ്ല്യു ഇലക്ട്രിക് കാറുകൾ തിരിച്ചു വിളിച്ചു
ഭിന്നശേഷിക്കാരനായ ഒരു ഡെലിവറി ഏജന്റ് തിരക്കേറിയ റോഡിലൂടെ വീൽചെയറിൽ സഞ്ചരിക്കുന്ന വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അദ്ദേഹത്തിന്റെ ധൈര്യത്തെയും അർപ്പണബോധത്തെയും പ്രശംസിച്ച് പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഗ്രൂമിംഗ് ബുൾസ് എന്നയാളാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.
സൊമാറ്റോയിലെ ഉപഭോക്താക്കളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട് മുൻപും പല വാർത്തകളും പുറത്തു വന്നിട്ടുണ്ട്. ഫുഡ് ഡെലിവറി ചെയ്യാനെത്തിയ സൊമാറ്റോ ജീവനക്കാരൻ മർദിച്ചു എന്നാരോപിച്ച് ഹിതേഷ എന്ന യുവതി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ സംഭവത്തിൽ തന്‍റെ നിരപരാധിത്വം വിശദീകരിച്ച് ഡെലിവറി ഏജന്റ് ആയ കാമരാജും വീഡിയോയുമായി എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും തനിക്കാണ് അധിക്ഷേപവും ഉപദ്രവവും നേരിടേണ്ടി വന്നതെന്നും കരഞ്ഞു കൊണ്ട് കാമരാജ് വിശദീകരിച്ചിരുന്നു. ഇതോടെ ആദ്യം ജീവനക്കാരനെതിരെ നടപടി സ്വീകരിച്ച സൊമാറ്റോ അധികൃതരും ഇയാളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
see also: മിഠായി കഴിച്ച് ലക്ഷങ്ങൾ സമ്പാദിക്കാം; അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും അവസരം
ഫുഡ് ഡെലിവറി ചെയ്യുന്നയാളെ ജാതി അധിക്ഷേപം നടത്തിയ സൊമാറ്റോ ഉപഭോക്താവിനെക്കുറിച്ചുള്ള വാർത്ത ഉത്തർപ്രദേശിൽ നിന്നും പുറത്തു വന്നിരുന്നു. തൊട്ടുകൂടാത്തയാളാണെന്നു പറഞ്ഞായിരുന്നു മർദനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.