• HOME
  • »
  • NEWS
  • »
  • buzz
  • »
  • River without bridges | ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയ്ക്കു കുറുകേ പാലങ്ങളില്ലാത്തത് എന്തുകൊണ്ട്?

River without bridges | ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയ്ക്കു കുറുകേ പാലങ്ങളില്ലാത്തത് എന്തുകൊണ്ട്?

ബ്രസീൽ, പെറു, കൊളംബിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലൂടെയാണ് ആമസോൺ നദി ഒഴുകുന്നത്. എന്നാൽ ആമസോൺ നദിക്ക് ഒരു വശത്ത് നിന്ന് മറ്റൊന്നിലേക്ക് കടക്കാൻ പാലമില്ല.

  • Share this:
    ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണ് ആമസോൺ (Amazon River). ഇതു മാത്രമല്ല, മറ്റനേകം പ്രത്യേകതകളും ആമസോണിന് ഉണ്ട്. ഏറ്റവും വലിയ ഡോൾഫിൻ (dolphin) ഇനത്തിന്റെയും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെയും ആവാസ വ്യവസ്ഥ കൂടിയാണ് ആമസോൺ നദി. ഇങ്ങനെ അഭിമാനിക്കാൻ കാര്യങ്ങൾ പലതുമുള്ള ആമസോൺ നദിക്ക് ഇല്ലാത്ത ഒരു അടിസ്ഥാന കാര്യമുണ്ട്. പാലങ്ങൾ (bridges) ആണ് അവ.

    ബ്രസീൽ, പെറു, കൊളംബിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലൂടെയാണ് ആമസോൺ നദി ഒഴുകുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ നദിയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. എന്നാൽ ആമസോൺ നദിക്ക് ഒരു വശത്ത് നിന്ന് മറ്റൊന്നിലേക്ക് കടക്കാൻ പാലമില്ല എന്ന കാര്യം ചിലർക്കെങ്കിലും വിചിത്രമായി തോന്നാം.

    ആമസോണിനെക്കാൾ ചെറിയ നദികളിൽ പോലും നൂറുകണക്കിന് പാലങ്ങൾ ഉണ്ട്. ഏറ്റവും നീളം കൂടിയ നദിയായ നൈലിന് (Nile) ഒന്നിലധികം പാലങ്ങളുണ്ട്. ഇതിൽ ഒൻപതും കെയ്‌റോയിൽ മാത്രം ആണ്. ആമസോണിന് പാലങ്ങൾ ആവശ്യമില്ല എന്നതാണ് ഇതിനു കാരണമെന്ന് സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വാൾട്ടർ കോഫ്മാൻ (Walter Kaufmann) പറയുന്നു.

    ജനസാന്ദ്രത കുറവുള്ള പ്രദേശങ്ങളിലൂടെയാണ് ആമസോൺ നദി ഒഴുകുന്നത്. ചരക്കു നീക്കത്തിനും ​ഗതാ​ഗതത്തിനും ആളുകൾ പ്രധാനമായും ബോട്ടുകളെയും ഫെറികളെയും ആശ്രയിക്കാറുണ്ടെന്നും പാലം നിർമിക്കുന്നതിന് ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും വാൾട്ടർ കോഫ്മാൻ പറയുന്നു. നദിയുടെ സമീപത്തുള്ള വലിയ പട്ടണങ്ങളിൽ പാലത്തിന്റെ ആവശ്യമില്ലാതെ തന്നെ ആളുകളെ ഒരു വശത്ത് നിന്ന് മറ്റൊന്നിലേക്ക് എത്തിക്കാൻ സുസ്ഥിരമായ ഗതാഗത സൗകര്യവുമുണ്ട്.

    ആമസോൺ നദിക്ക് സമീപമുള്ള പ്രദേശങ്ങൾ പാലം പണിയാൻ പറ്റിയ സ്ഥലങ്ങളല്ല. ചതുപ്പുനിലങ്ങളും മൃദുവായ മണ്ണും നിർമ്മാതാക്കൾക്ക് വെല്ലുവിളി തന്നെ ആയിരിക്കും. ശക്തമായ അടിത്തറ നിർമിക്കുന്നതിന് ആഴത്തിൽ കുഴിക്കേണ്ടിവരും. പരിസ്ഥിതി സംരക്ഷണമാണ് മറ്റൊരു കാരണം. ആമസോണിലെ പരിസ്ഥിതി വളരെ സങ്കീർണമായ ഒന്നാണെന്നും കോഫ്മാൻ പറഞ്ഞു.

    ആമസോണിന് കുറുകെ പാലങ്ങളൊന്നുമില്ലെങ്കിലും അതിന്റെ പ്രാഥമിക പോഷകനദിയായ നീഗ്രോ നദിക്കു (Negro River) കുറുകെ പോന്റെ റിയോ നീഗ്രോ (Ponte Rio Negro) എന്ന ഒരു പാലമുണ്ട്. 2011 ലാണ് ഈ പാലം നിർമിച്ചത്.

    ഒഴുകുന്ന ജലത്തിന്റെ അളവനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയാണ് ആമസോൺ. 6,400 കിലോമീറ്റർ നീളമുള്ള നദി പ്രധാനമായും തെക്കേ അമേരിക്കയിലൂടെയാണ് ഒഴുകുന്നത്. ബ്രസീലിൽ വച്ചാണ് ആമസോൺ അറ്റ്ലാന്റിക് സമുദ്രത്തിൽ ചേരുന്നത്. ആമസോണിനെ കടൽ നദി എന്നും വിളിക്കാറുണ്ട്. പെറുവിലെ നെവാഡൊ മിസ്മി എന്ന മഞ്ഞു പാളിയിൽ നിന്നാണ് ആമസോൺ നദി ഉദ്ഭവിക്കുന്നത്. ലോകത്തെ സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന ശുദ്ധജലത്തിന്റെ അഞ്ചിലൊന്നും ആമസോണിൽ നിന്നാണ്‌. ലോകത്തിലെ ജൈവ സമ്പത്തിൽ മൂന്നിലൊന്നിൽ കൂടുതൽ ആമസോൺ ഉഷ്ണമേഖലാ മഴക്കാടുകളിൽ ആണ് കാണപ്പെടുന്നത്.
    Published by:Sarath Mohanan
    First published: