• HOME
  • »
  • NEWS
  • »
  • buzz
  • »
  • മുൻ കാമുകന്റെ ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോ; ആരാധകരെ ഞെട്ടിച്ച് സെലീന ഗോമസ്

മുൻ കാമുകന്റെ ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോ; ആരാധകരെ ഞെട്ടിച്ച് സെലീന ഗോമസ്

സെലീനയിൽ നിന്ന് ജസ്റ്റിൻ ബീബറെ ഹെയ്‌ലി തട്ടിയെടുത്തുവെന്നായിരുന്നു ആരാധകർ ആരോപിച്ചിരുന്നത്

  • Share this:
    ഒരൊറ്റ ചിത്രം കൊണ്ട് ലോകം മുഴുവനുമുള്ള ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഗായിക സെലീന ഗോമസും മോഡൽ ഹെയ്‌ലി ബീബറും. ഇരുവരും തമ്മിൽ ഏറെ കാലമായി നീണ്ടു നിന്നിരുന്ന പിണക്കം മറന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. പിണക്കത്തിന് കാരണക്കാരനാകട്ടേ സാക്ഷാൽ ജസ്റ്റിൻ ബീബറും.

    ഒരു കാലത്ത് ഹോളിവുഡിലും ലോകം മുഴുവനും അറിയപ്പെട്ടിരുന്ന പ്രണയ ജോഡികളായിരുന്നു സെലീന ഗോമസും ജസ്റ്റിൻ ബീബറും. ജസ്റ്റിൻ ബീബറും സെലീനയും പിരിയാൻ കാരണം ഹെയ്‌ലിയാണെന്നും ഇതിനു ശേഷമാണ് ജസ്റ്റിൻ ഹെയ്‌ലിയെ വിവാഹം കഴിച്ചതെന്നുമായിരുന്നു ആരാധകർ വിശ്വസിച്ചിരുന്നത്.

    ഇതിനെ സാധൂകരിക്കുന്ന രീതിയിലായിരുന്നു സെലീന ഗോമസും ഹെയ്‌ലിയും തമ്മിലുള്ള ബന്ധവും. പരസ്പരം മുഖത്തോട് മുഖം നോക്കിയാൽ പോലും കണ്ട ഭാവം കാണിക്കാതെ തിരിഞ്ഞു നിൽക്കും. ആ രണ്ട് പേരാണ് ഒന്നിച്ച് സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തത് എന്നതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.


    ഹെയ്‌ലിയും ജസ്റ്റിൻ ബീബറും വിവാഹതിരായതിനു ശേഷം സെലീന ഇരുവരുമായി അകന്നു നിൽക്കുകയായിരുന്നു. അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേർസിന്റെ രണ്ടാം വാർഷിക ആഘോഷത്തിന‍്റെ ഭാഗമായാണ് സെലീനയും ഹെയ്‌ലിയും എത്തിയത്.

    ലോസ് ആഞ്ചൽസിൽ നടന്ന ചടങ്ങിന് ഒരാഴ്ച്ച മുമ്പ് ഹെയ്‌ലി സെലീനയെ കുറിച്ച് നടത്തിയ പരാമർശത്തോടെയാണ് ഇരുവരും തമ്മിലുള്ള ശീതയുദ്ധം അവസാനിച്ചത് എന്നാണ് കരുതുന്നത്. കോൾ ഹെർ ഡാഡി പോഡ്കാസ്റ്റിൽ സെലീനയുടെ കാമുകനെ ഹെയ്‌ലി തട്ടിയെടുത്തതാണോ എന്ന ചോദ്യത്തിന് അങ്ങനെയല്ലെന്ന് ഹെയ്‌ലി മറുപടി നൽകിയിരുന്നു.


    2018 ലാണ് സെലീനയും ജസ്റ്റിൻ ബീബറും വേർപിരിയുന്നത്. ഇതിനു പിന്നാലെ അതേ വർഷം സെപ്റ്റംബറിൽ ബീബർ ഹെയ്‌ലിയെ വിവാഹം കഴിക്കുകയും ചെയ്തു. തങ്ങളുടെ പ്രിയതാരങ്ങളെ വേർപെടുത്തിയത് ഹെയ്‌ലിയാണെന്ന് ആരോപിച്ച് സെലീന-ജസ്റ്റിൻ ആരാധകർ ഹെയ്‌ലിയെ ഓൺലൈനിൽ കടന്നാക്രമിക്കുകയും ചെയ്തിരുന്നു.

    മൂന്ന് പേരും ഇത്തരം ആരോപണങ്ങൾക്ക് ഇതുവരെ മറുപടി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഒറ്റ ഫോട്ടോയിലൂടെ സെലീനയും ഹെയ്‌ലിയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഇനിയെങ്കിലും ഹെയ്‌ലിയെ വെറുതെ വിടണമെന്നാണ് മോഡലിന്റെ ആരാധകർ പറയുന്നത്.
    Published by:Naseeba TC
    First published: