• HOME
 • »
 • NEWS
 • »
 • buzz
 • »
 • മുത്തശ്ശി കുഴിച്ച കുഴിയില്‍ വീണത് ഇന്റര്‍നെറ്റ്; 12 മണിക്കൂര്‍ സ്തംഭിച്ച് ജോര്‍ജിയ

മുത്തശ്ശി കുഴിച്ച കുഴിയില്‍ വീണത് ഇന്റര്‍നെറ്റ്; 12 മണിക്കൂര്‍ സ്തംഭിച്ച് ജോര്‍ജിയ

ഇന്റര്‍നെറ്റിന് തന്നെ പണി കൊടുത്ത ഒരു മുത്തശ്ശിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

 • Last Updated :
 • Share this:
  കുറച്ചു ദിവസം മുന്‍പ് പ്രമുഖ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ പണി മുടക്കിയതിന്റെ വിശേഷം നമ്മളെല്ലാവരും അറിഞ്ഞതാണ്. ഒരു പ്രാവശ്യമെങ്കിലും ഫോണ്‍ സ്വിച്ച് ഓഫാക്കിയോ, എയര്‍ പ്ലെയ്ന്‍ മോഡിലിട്ടോ, നെറ്റ് ഓഫാക്കി നോക്കിയോ ഇനി വൈഫൈ കണക്ഷന്‍ ഡിസ്‌കണക്ടായി പോയോ എന്നെല്ലാം നോക്കിയവരായിരിക്കും നമ്മളില്‍ ഭൂരിഭാഗം പേരും.

  വാട്‌സാപ്പും, ഇന്‍സ്റ്റാഗ്രാമും ഇല്ലെങ്കിലും ഇന്റര്‍നെറ്റ് ഉള്ളതിനാല്‍ യൂട്യൂബും, ടെലിഗ്രാമുമെല്ലാം വെച്ച് നമ്മള്‍ ആ ആറു മണിക്കൂര്‍ നേരം ഒപ്പിച്ചു. എന്നാല്‍ ഈ ആപ്പുകള്‍ക്ക് പകരം ആപ്പ് സംഭവിച്ചത് ഇന്റര്‍നെറ്റിനായിരുന്നെങ്കിലോ? ആലോചിക്കോനേ വയ്യ, ലോകം മുഴുവന്‍ സ്തംഭിച്ചു പോയെനെ അല്ലെ?

  ഇത്തരത്തില്‍ പത്ത് വര്‍ഷം മുന്‍പ്‌ ഇന്റര്‍നെറ്റിന് തന്നെ പണി കൊടുത്ത ഒരു മുത്തശ്ശിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

  ജോര്‍ജിയയുടെ തലസ്ഥാനമായ ടിബ്ലിസി നഗരത്തിന് 50 കിലോമീറ്റര്‍ അകലെയുള്ള അര്‍മാസി എന്ന ഗ്രാമത്തിലാണ് എഴുപത്തിയഞ്ച്കാരിയായ ഹൗസ്റ്റണ്‍ ഷക്കാറിയാന്‍ താമസിച്ചിരുന്നത്.  പെന്‍ഷന്‍ പറ്റിയ ഈ മുന്‍ ജീവനക്കാരിയാണ് നമ്മുടെ കഥയിലെ നായികയായ മുത്തശ്ശി.

  ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന ലോഹ വസ്തുക്കള്‍ ആക്രി വിലയ്ക്ക് വിറ്റ് പണം കണ്ടെത്തുന്ന പതിവ് അര്‍മാസി ഗ്രാമനിവാസികള്‍ക്കുണ്ടായിരുന്നു. അതിനായി തങ്ങളുടെ ചുറ്റുപാടുമുള്ള ഭൂമി കുഴിച്ചുനോക്കുന്നതും അവരുടെ പതിവായിരുന്നു. ഇത്തരത്തില്‍ എന്തെങ്കിലും ചെമ്പോ തകരമോ കിട്ടിയാല്‍ കൊണ്ടുവില്‍ക്കാനുള്ള ശ്രമമായിരുന്നു ഷക്കാറിയാനും നടത്തിയത്.

  പക്ഷെ കുഴിയെടുക്കാനായി ഷക്കാറിയാന്‍ ഉപയോഗിച്ച മണ്‍വെട്ടി ഭൂഗര്‍ഭ കേബിളുകളിലൊന്നില്‍ തട്ടുകയും മണ്‍വെട്ടിയുടെ മൂര്‍ച്ചയില്‍ കേബിള്‍ മുറയുകയും ചെയ്തു. എന്നാല്‍ രസം അതായിരുന്നില്ല, ഷക്കറിയാന്റെ മണ്‍വെട്ടി തട്ടി മുറിഞ്ഞ കേബിള്‍സെക്കന്‍ഡില്‍ 12.6 ടെറാബൈറ്റ് ഡേറ്റ കൈമാറ്റം നടക്കുന്ന ജോര്‍ജിയന്‍ കോകസസ് കേബിളായിരുന്നു. അതായത് ജോര്‍ജിയയില്‍ നിന്ന് അര്‍മീനിയയിലേക്കും അസര്‍ബൈജാനിലേക്കും ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന 500 കിലോമീറ്ററോളം നീളമുള്ള ഫൈബര്‍ ഒപ്റ്റിക് കേബിള്‍.

  കേബിള്‍ മുറിഞ്ഞതിന്റെ ഫലമായി ഇന്റര്‍നെറ്റ് നിലച്ചു. സകലതും സ്തംഭിച്ചു.
  ബാങ്കുകളില്‍ സേവനങ്ങള്‍ നടക്കാതെയായി, ടിവി ചാനലിലെ അവതാരകര്‍ക്കു മുന്‍പില്‍ ശൂന്യമായ സ്‌ക്രീനുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്റര്‍നെറ്റ് അധിഷ്ഠിത ബുക്കിങ്ങുകളെല്ലാം മുടങ്ങി. ഇമെയിലുകള്‍ പോകാതെ കെട്ടിക്കിടന്നു.എന്താണ് സംഭവിച്ചതെന്നറിയാതെ ജനങ്ങളും അര്‍മീനിയന്‍ സര്‍ക്കാരും കുഴങ്ങി. ഇത് ജോര്‍ജിയയിലും അസര്‍ബൈജാനിലും ഭാഗികമായി ബാധിക്കുകയും ചെയ്തിരുന്നു.

  ജോര്‍ജിയ ടെലികോം കമ്പനിക്കായിരുന്നു ഈ കേബിളിന്റെ ചുമതല. അവരും കാരണമറിയാതെ ആദ്യം കുഴങ്ങിയെങ്കിലും മണിക്കൂറുകള്‍ നീണ്ട അന്വേഷണങ്ങള്‍ക്കു ശേഷം അവര്‍ കാരണം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തു. പക്ഷെ ഇന്റര്‍നെറ്റ് എന്താണെന്ന് പോലും അറിയാത്ത ഷക്കാറിയന്‍ മുത്തശ്ശി ഇത് കാരണം അറസ്റ്റിലായി.
  Published by:Karthika M
  First published: