നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഗണപതി ബപ്പ മോറിയ'; ഗണേശ ചതുര്‍ത്ഥി ദിനത്തിലെ ഷാരൂഖ് ഖാന്റെ ട്വിറ്റര്‍ പോസ്റ്റിന് വ്യാപക വിദ്വേഷ പ്രതികരണങ്ങള്‍

  'ഗണപതി ബപ്പ മോറിയ'; ഗണേശ ചതുര്‍ത്ഥി ദിനത്തിലെ ഷാരൂഖ് ഖാന്റെ ട്വിറ്റര്‍ പോസ്റ്റിന് വ്യാപക വിദ്വേഷ പ്രതികരണങ്ങള്‍

  2018ലെ 'സീറോ'യുടെ പരാജയത്തിന് ശേഷം ഒരു നീണ്ട ഇടവേളയിലായിരുന്നു കിംഗ്ഖാന്‍. ഷാരൂഖിന്റെ ഒരു ചിത്രം എത്തിയിട്ട് മൂന്ന് വര്‍ഷത്തോളമായി.

  • Share this:
   ഗണേശ ചതുര്‍ത്ഥിയുടെ അവസാന ദിവസമായിരുന്നു ഞായറാഴ്ച. അതുകൊണ്ട് തന്നെ ഗണേശ ചതുര്‍ത്ഥി ഉത്സവത്തിന്റെ അവസാന ദിവസം എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും പതിവുപോലെ ആശംസകള്‍ അര്‍പ്പിച്ചിരുന്നു. ഗണപതിയുടെ ഒരു ചിത്രം പങ്കുവച്ചുക്കൊണ്ടാണ് കിംഗ്ഖാന്‍ ട്വീറ്റ് ചെയ്തത്. 'അടുത്ത വര്‍ഷം വീണ്ടും കാണും വരെ ഗണപതിയുടെ അനുഗ്രഹം നമുക്കെല്ലാവര്‍ക്കും ഉണ്ടായിരിക്കട്ടെ. ഗണപതി ബപ്പ മോറിയ!' എന്നായിരുന്നു താരം കുറിച്ചത്.

   എന്നാല്‍ ട്വീറ്റിന് പിന്നാലെ വന്‍ നിഷേധാത്മകമായ വിദ്വേഷ പ്രതികരണങ്ങളും വിമര്‍ശനങ്ങളുമായിരുന്നു ഷാരൂഖിന് ഇന്റര്‍നെറ്റ് ലോകത്ത് നിന്ന് നേരിടേണ്ടി വന്നത്. തുടര്‍ന്ന് താരത്തിന്റെ ആരാധകര്‍ ഇത്തരം കമന്റുകള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഷാരൂഖാന്‍ ഒരു മതേതര കുടുംബമാണ് ആസ്വദിക്കുന്നതെന്നും അദ്ദേഹം എല്ലാ വിശ്വാസങ്ങളോടും ബഹുമാനത്തോടെയാണ് പ്രതികരിക്കുന്നതെന്നും ആരാധകര്‍ കുറിക്കുന്നു.

   2005ലെ ഷാരൂഖ് ഖാനെക്കുറിച്ചിട്ടുള്ള ദ ഇന്നര്‍ ആന്റ് ഔട്ടര്‍ വേള്‍ഡ് ഓഫ് ഷാറൂഖ് ഖാന്‍ എന്ന ഡോക്യുമെന്ററിയി തന്റെ കുട്ടികള്‍ എല്ലാ മതങ്ങളോടും തുറന്ന സമീപനമുള്ളവരാണെന്നും അവര്‍ തുല്യ വിശ്വാസത്തോടും ഉത്സാഹത്തോടും കൂടി ഗായത്രി മന്ത്രം ചൊല്ലുകയും നിസ്‌കരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതാദ്യമായല്ല ഷാരൂഖിനെതിരെ ഇത്തരം വിദ്വേഷ കമന്റുകള്‍ വരുന്നത്. 2018ലെ ഗണപതി ചതുര്‍ത്ഥിക്ക് ഇളയ മകന്‍ അബ്രാം ഗണേശ വിഗ്രഹത്തില്‍ പ്രാര്‍ഥിക്കുന്നതിന്റെ ചിത്രം അദ്ദേഹം പങ്കുവെച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ പോസ്റ്റിന് കീഴില്‍ അദ്ദേഹത്തിന്റെ മതത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി വിദ്വേഷ കമന്റുകള്‍ എത്തിയിരുന്നു. പലരും ഷാരൂഖിനോട് ഒരു വിഗ്രഹത്തെ ആരാധിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചിരുന്നു.
   ഈ വര്‍ഷത്തെ ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് ഷാരൂഖിന് മാത്രമല്ല വിദ്വേഷ കമന്റുകള്‍ നേരിടേണ്ടിവന്നത്.


   ജനപ്രിയ റിയാലിറ്റി ഷോയായ 'ബിഗ് ബോസ് ഒടിടി'യുടെ മുന്‍ മത്സരാര്‍ത്ഥിയായ ഉര്‍ഫി ജാവേദിനും സമാനമായ അനുഭവം ഉണ്ടായിരുന്നു. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് ഒരു ഗണപതി വിഗ്രഹം ഉര്‍ഫി തന്റെ വീട്ടില്‍ കൊണ്ടുവന്നിരുന്നു. 'ആദ്യ ഗണപതി, എന്റെ വീട്ടില്‍ ഗണപതി ബപ്പ മോറിയ' എന്ന് കുറിച്ചുക്കൊണ്ട് അലങ്കരിച്ച ഒരു ഗണപതി വിഗ്രഹത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തു. ഇതിന് പിന്നാലെയാണ് വിദ്വേഷ കമന്റുകള്‍ എത്തിയത്.

   2018ലെ 'സീറോ'യുടെ പരാജയത്തിന് ശേഷം ഒരു നീണ്ട ഇടവേളയിലായിരുന്നു കിംഗ്ഖാന്‍. ഷാരൂഖിന്റെ ഒരു ചിത്രം എത്തിയിട്ട് മൂന്ന് വര്‍ഷത്തോളമായി. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത്ത 'പത്താന്‍' ആണ് ഇനി ഷാരൂഖിന്റെതായി റിലീസ് ചെയ്യാനുള്ള ചിത്രം. തെന്നിന്ത്യന്‍ സംവിധായകന്‍ ആറ്റ്ലിയുമൊത്തുള്ള ഒരു പുതിയ പ്രോജക്റ്റ് എസ്ആര്‍കെ ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയാവുന്നത്. ചിത്രത്തിന്റെ 10 ദിവസത്തെ ആദ്യ ഷെഡ്യൂള്‍ പൂനെയില്‍ ആരംഭിച്ചു. ഇതിന് ശേഷം മുംബൈയിലായിരിക്കും ചിത്രത്തിന്റെ ബാക്കി ഭാഗങ്ങളുടെ ഷൂട്ടിംഗ് നടക്കുക. രാജ്കുമാര്‍ ഹിറാനിയുടെ ചിത്രത്തിലും ഷാരൂഖ് അഭിനയിക്കുന്നുണ്ട്.
   Published by:Jayashankar AV
   First published:
   )}