ഇംഗ്ലീഷ് വൊക്കാബുലറിയിൽ ഇന്ത്യയിൽ ശശി തരൂർ (Shashi Tharoor) എംപിയെ വെല്ലുകയെന്നത് എളുപ്പമുള്ള കാര്യമല്ല. പുതിയ വാക്കുകളുമായി അദ്ദേഹം ഇടയ്ക്കിടെ ഞെട്ടിക്കാറുണ്ട്. പലർക്കും അർഥം പിടികിട്ടാത്ത സാഹചര്യം ഉണ്ടാവുമ്പോൾ തരൂർ തന്നെ രംഗത്തെത്തുകയും അർഥം വിശദീകരിക്കുകയും ചെയ്യാറുമുണ്ട്.
തരൂർ സംഭാവന ചെയ്ത വാക്കുകൾ വെച്ച് ഒരു ഡിക്ഷ്ണറി തന്നെ തുടങ്ങാവുന്നതാണ്. ഇപ്പോഴിതാ ഒരു പുതിയ വാക്കും അതിൻെറ അർഥവുമായി എത്തിയിരിക്കുകയാണ് തരൂർ. Quockerwodgerൻെറ അർഥം പറഞ്ഞാണ് തരൂർ ട്വിറ്റർ (Twitter) ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
രാഷ്ട്രീയ പദാവലിക്ക് പുതിയ സംഭാവനയായിരിക്കും ഈ പദമെന്ന് പറഞ്ഞു കൊണ്ടാണ് തരൂർ അർഥം വിശദീകരിച്ചിരിക്കുന്നത്. ശശി തരൂർ പങ്കുവെച്ചിരിക്കുന്നത് പ്രകാരം മരപ്പാവ എന്നാണ് ഈ വാക്കിന്റെ അർഥം. അൽപം കൂടി വ്യത്യസ്തമായ രാഷ്ട്രീയമാനങ്ങൾ കൂടി ഈ പദത്തിനുണ്ട്.
സ്വന്തമായി തീരുമാനങ്ങളൊന്നും എടുക്കാതെ മൂന്നാമതൊരാളുടെ നിർദ്ദേശത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയാണ് ഈ പദം കൊണ്ട് അർഥമാക്കുന്നത്. അവനവന്റെ ഉത്തരവാദിത്വങ്ങളോ അവകാശങ്ങളോ ഒന്നും അറിയാത്ത ഒരു രാഷ്ട്രീയക്കാരനാണ് ഇതെന്നും തരൂർ കൂട്ടിച്ചേർക്കുന്നു. ഈ വാക്കിനെ രാഷ്ട്രീയനിഘണ്ടുവിലേക്ക് ചേർത്തുവെച്ചോളൂ എന്നും അദ്ദേഹം പറയുന്നു.
തരൂരിൻെറ ട്വീറ്റിന് വലിയ സ്വീകാര്യതയാണ് സമൂഹ്യമാധ്യമങ്ങളിൽ ലഭിക്കുന്നത്. പുതിയ വാക്കിൻെറ അർഥവുമായി ബന്ധപ്പെട്ട് വലിയ ചർച്ച തന്നെ നടക്കുന്നുണ്ട്. ഈ വാക്ക് എങ്ങനെ ഉച്ചരിക്കുമെന്നാണ് ഒരൾ കമന്റിൽ ചോദിച്ചിരിക്കുന്നത്. തരൂർ ഒരു വാക്ക് കൊണ്ടുവരുമ്പോൾ ഡിക്ഷ്ണറി തന്നെ നവീകരിക്കപ്പെടുകയാണെന്നാണ് മറ്റൊരാളുടെ കമൻറ്. ഏതെങ്കിലും ഒരു വാചകത്തിൽ ഈ വാക്ക് ഉപയോഗിക്കാമോയെന്ന് കോൺഗ്രസ് എംപിയോട് ഒരാൾ ആവശ്യപ്പെടുന്നു. ഏതായാലും തരൂരിയൻ ഡിക്ഷ്ണറി അപ്ഡേറ്റ് ചെയ്യപ്പെടുന്ന കാര്യത്തിൽ വലിയ ആവേശത്തിലാണ് ട്വിറ്റർ ലോകം.
ഇംഗ്ലീഷ് ഭാഷയിൽ അപാര പാണ്ഡിത്യം ഉണ്ടെങ്കിലും ടൈപ്പിങിൽ തനിക്കും പാളിച്ചകൾ പറ്റുമെന്ന് ശശി തരൂർ ഈയടുത്ത് സമ്മതിച്ചിരുന്നു. കേന്ദ്രമന്ത്രി രാംദാസ് അത്താവാലെക്കുള്ള തരൂരിൻെറ മറുപടി ട്വിറ്ററിൽ വൈറലായിരുന്നു. അത്താവാലെക്കെതിരായ ട്വീറ്റിൽ തരൂരിന് ടൈപ്പിങിൽ പാളിച്ചകൾ പറ്റി. ഇത് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയപ്പോഴാണ് തരൂർ അത് അംഗീകരിച്ച് കൊണ്ട് തന്നെ വിശദീകരണവുമായി എത്തിയത്. "ഞാൻ എൻെറ തെറ്റ് തിരുത്തുകയാണ് രാം ദാസ് ജി. മോശം ഇംഗ്ലീഷിനേക്കാൾ വലിയ തെറ്റാണ് അക്ഷരത്തെറ്റ് വരുത്തുന്നതെന്ന് എനിക്കറിയാം. നിങ്ങൾ ഇത് തുടരുകയാണെങ്കിൽ നിങ്ങളുടെ ട്യൂഷൻ കൊണ്ട് ഗുണം ലഭിക്കുന്ന ഒരാൾ ജെഎൻയുവിലുണ്ട്," തരൂർ പറഞ്ഞു.
ധനകാര്യമന്ത്രി നിർമല സീതാരാമനെയും രാംദാസ് അത്താവാലെെയെയും വിമർശിച്ച് കൊണ്ടുള്ള തരൂരിൻെറ ട്വീറ്റിലാണ് അക്ഷരത്തെറ്റുകൾ കടന്ന് കൂടിയത്. ബജറ്റ് ചർച്ചയ്ക്ക് ശേഷമുള്ള നിർമല സീതാരാമൻെറ മറുപടി പ്രസംഗത്തെയാണ് തിരുവനന്തപുരം എംപിയായ തരൂർ വിമർശിച്ചത്. എന്നാൽ അക്ഷരത്തെറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് അത്താവാലെ തിരിച്ചടിക്കുകയായിരുന്നു.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.