10 വർഷത്തിലേറെയായി ഒരു കടല വിൽപ്പനക്കാരന്റെ കടം വീട്ടാൻ ശ്രമിക്കുന്ന പ്രവാസി കുടുംബത്തിന്റെ പരിശ്രമങ്ങളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 2010ൽ നെമാനി പ്രണവ് എന്ന 10 വയസ്സുകാരനും സഹോദരി സുചിതയും അവരുടെ മാതാപിതാക്കളും അടങ്ങുന്ന ഒരു പ്രവാസി കുടുംബം യു കോതപ്പള്ളിയിലെ കടൽത്തീരത്ത് എത്തിയതാണ് സംഭവങ്ങൾക്ക് ആധാരം.
ഗിഞ്ജല പെഡ്ഡ സത്തയ്യ എന്ന ഒരു കച്ചവടക്കാരനിൽ നിന്ന് ഇവർ നിലക്കടല വാങ്ങാൻ തീരുമാനിച്ചു. എന്നാൽ, പ്രണവിന്റെ അച്ഛൻ മോഹൻ താൻ പേഴ്സ് എടുക്കാൻ മറന്നു പോയി എന്ന കാര്യം അപ്പോഴാണ് ഓർത്തത്. കാര്യം മനസ്സിലായ സത്തയ്യ ഇവർക്ക് കടല വെറുതെ നൽകി. ഇതോടെ കുടുബം കൈവശമുണ്ടായിരുന്ന ക്യാമറയിൽ വിൽപ്പനക്കാരന്റെ ഫോട്ടോ എടുത്ത് സൂക്ഷിച്ചു. പിന്നീട് എപ്പോഴെങ്കിലും എത്തി പണം നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് ഈ പ്രവാസി കുടുംബം യുഎസിലേക്ക് മടങ്ങി.
പിന്നീട് ഇവർ നാട്ടിലെത്തിയെങ്കിവും സത്തയ്യയെ എവിടെയും കണ്ടെത്താനായില്ല. കടം തീർക്കാനായി മോഹൻ സത്തയ്യയെ പലയിടത്തും തേടി. സത്തയ്യയെ കണ്ടെത്താൻ കാക്കിനാഡ സിറ്റി എംഎൽഎയായ ഡി ചന്ദ്രശേഖർ റെഡ്ഡിയുടെ സഹായവും തേടി. 2010ലെടുത്ത കടല വിൽപനക്കാരന്റെ ഫോട്ടോയാണ് ഇവർ എംഎൽഎയ്ക്ക് നൽകിയത്. സത്തയ്യയെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനായി എംഎൽഎ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഫോട്ടോ ഷെയർ ചെയ്തു. ആളെ കണ്ടെത്താൻ ശ്രമിക്കണമെന്ന് പിഎ ഗോവിന്ദരാജുലുവിനോടും എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
ഭാഗ്യത്തിന് സത്തയ്യയുടെ ഗ്രാമമായ നാഗുലാപ്പള്ളിയിലുള്ള ചിലർ ചിത്രം കാണുകയും അദ്ദേഹത്തെ തിരിച്ചറിയുകയും ചെയ്തു. അവർ ഗോവിന്ദരാജുലുവുമായി ബന്ധപ്പെടുകയും കച്ചവടക്കാരന്റെ കുടുംബത്തെ കുറിച്ച് വിവരം അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ്, യുഎസിൽ ബിരുദ പഠനം നടത്തുന്ന 21 കാരനായ പ്രണവ്, സഹോദരി സുചിതയ്ക്കൊപ്പം ഇന്ത്യയിലെത്തി. ഡിസംബർ 30ന് സത്തയ്യയുടെ കുടുംബത്തെ കണ്ടു. നിർഭാഗ്യവശാൽ ആ കച്ചവടക്കാരൻ മരിച്ചു പോയിരുന്നു. സഹോദരങ്ങൾ അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുകയും അന്ന് സൗജന്യമായി നൽകിയ 'കടലയുടെ' കടം തീർക്കാനായി കുടുംബത്തിന് 25,000 രൂപ നൽകുകയും ചെയ്തു.
കുട്ടിക്കാലത്ത് മാതാപിതാക്കളിൽ നിന്ന് വേർപെട്ട, ചൈനയിലെ ലി ജിംഗ്വെയ് എന്ന 37കാരന് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം തന്റെ സ്വന്തം വീട് കണ്ടെത്തി മടങ്ങിയെത്തിയ വാർത്ത അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നാല് വയസ്സുള്ളപ്പോള്‍ ജിംഗ്വെയിനെ അയൽക്കാരൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓര്‍മ്മയില്‍ നിന്ന്, തന്റെ വീട് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ ഒരു ഭൂപടം വരച്ച ജിംഗ്വെയ് അത് സോഷ്യല്‍ മീഡിയില്‍ പങ്കുവെയ്ക്കുകയും ആ ഗ്രാമം കണ്ടെത്താൻ ആളുകളുടെ സഹായം തേടുകയുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.