കൽപ്പന ചൗളയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജ എന്ന റെക്കോർഡ് നേട്ടം കൈവരിക്കാനൊരുങ്ങുകയാണ്സിരിഷ ബന്ദ്‌ല. ന്യൂ മെക്സിക്കോയിൽ നിന്ന് ജൂലൈ 11 ന് ബഹിരാകാശ യാത്ര നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിര്‍ജിന്‍ ഗാലക്ടിക്കിലെ ‘വിഎസ്എസ് യൂണിറ്റി’ സ്പേസ് ഷിപ്പിലെ ആറ് ബഹിരാകാശ സഞ്ചാരികളിൽ ഒരാളായിരിക്കും ബന്ദ്‌ല.
വിർജിൻ ഗാലക്ടിക് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസന്റെ കൂടെ പോകുന്ന ആറ് അംഗ സംഘത്തിന്റെ ഭാഗമാകുന്ന ബന്ദ്‌ലയ്ക്ക് ഒരു ഗവേഷക അനുഭവം കൂടിയായിരിക്കും ഈ യാത്ര സമ്മാനിക്കുക. പർഡ്യൂ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ 34 കാരിയായ ഈ എയറോനോട്ടിക്കൽ എഞ്ചിനീയറുടെ ഈ ബഹിരാകാശ യാത്ര ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജ, നാലാമത്തെ ഇന്ത്യക്കാരി എന്ന ബഹുമതികൾ നേടിക്കൊടുക്കും.
ശതകോടീശ്വരനായ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് കഴിഞ്ഞ മാസം ബഹിരാകാശ യാത്രക്ക് പുറപ്പെടുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബെസോസ് നിശ്ചയിച്ച തിയ്യതിക്ക് ഒൻപത് ദിവസം മുമ്പാണ് വിര്‍ജിന്‍ ഗാലക്ടിക് ദൗത്യം ആരംഭിക്കുക. ട്വിറ്ററിൽ വിർജിൻ ഗാലക്ടിക് പങ്കുവെച്ച യാത്രാസംഘത്തിന്റെ വീഡിയോ റീട്വീറ്റ് ചെയ്‌തുകൊണ്ട് ബന്ദ്‌ല ഈ ദൗത്യത്തിന്റെ ഭാഗമാകുന്നതിലൂടെ ഒരു അവിശ്വസനീയമായ ബഹുമതിയാണ് തനിക്ക് ലഭിച്ചിരിക്കുന്നത് എന്ന് കുറിച്ചു.
ആന്ധ്രയിലെ ഗുണ്ടൂരിലാണ് ബന്ദ്‌ല ജനിച്ചതെന്നും, ടെക്സസിലെ ഹ്യൂസ്റ്റണിലാണ് വളർന്നതെന്നും
ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു. 2015 ൽ വിർജിൻ ഗാലക്ടികിൽ ജോലി ചെയ്യാൻ തുടങ്ങിയ ബന്ദ്‌ല ഇപ്പോൾ കമ്പനിയിലെ സർക്കാർ കാര്യങ്ങള്‍ നോക്കുന്ന വൈസ് പ്രസിഡന്റാണ്.
പർഡ്യൂ സർവകലാശാലയിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദധാരിയായ അവർ ജോർജ്ജ്ടൗൺ സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും നേടിയിട്ടുണ്ട്. വിര്‍ജിന്‍ ഗാലക്ടികിൽ ജോലി ചെയ്യുന്നതിനുമുമ്പ്, ടെക്സസിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. തുടർന്ന് വാണിജ്യ ബഹിരാകാശ യാത്രാ ഫെഡറേഷനിൽ (കൊമേഴ്സ്യല്‍ സ്പേസ് ഫ്ലൈറ്റ് ഫെഡറേഷൻ-സിഎസ്‌എഫ്) സ്പേസ് പോളിസിയില്‍ ജോലി ചെയ്തു.
“തീർച്ചയായും, ഏറ്റവും രസകരമായ കാര്യം, റിച്ചാർഡ് ബ്രാൻസണുമായി അവൾ ഹോബ്നോബിൽ എത്തുന്നു എന്നതാണ്! നാമെല്ലാവരും അവളെക്കുറിച്ച് വളരെയധികം അഭിമാനിക്കുകയും അവളുടെ സുരക്ഷിതമായ യാത്ര ആഗ്രഹിക്കുകയും ചെയ്യുന്നു,’’ സിരിഷയുടെ ബന്ധു രാമറാവു കണ്ണേഗന്തി
ഇന്ത്യ ടുഡേയോട് പറഞ്ഞു.
വടക്കേ അമേരിക്കയിലെ ഏറ്റവും പഴയതും ഏറ്റവും വലുതുമായ ഇന്തോ-അമേരിക്കൻ സംഘടനയായ നോർത്ത് അമേരിക്കയിലെ തെലുങ്ക് അസോസിയേഷനുമായി (ടാന) സിരിഷയ്ക്ക് അടുത്ത ബന്ധമുണ്ട്.
ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യൻ വംശജയായ രണ്ടാമത്തെ വനിതയും ബഹിരാകാശത്തേക്ക് പോകുന്ന നാലാമത്തെ ഇന്ത്യക്കാരിയുമാണ് സിരിഷ. അവൾക്ക് മുൻപുള്ളത് രാകേഷ് ശർമ്മ, കൽപ്പന ചൗള, സുനിത വില്യംസ് എന്നിവരാണ്.
Summary
Sirisha Bandla, on her way to become the second Indian born women to travel to Space
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.