മകന് അൽപസമയത്തേക്ക് തന്റെ മൊബൈൽ ഫോൺ കളിക്കാൻ കൊടുത്ത അച്ഛനു കിട്ടിയത് മുട്ടൻ പണി. ഗെയിം കളിക്കാനെന്നു പറഞ്ഞ് മൊബൈൽ ഫോൺ വാങ്ങിയ ആറു വയസുകാരൻ 1000 ഡോളറിനാണ് (ഏകദേശം 82,655 ഇന്ത്യൻ രൂപ) ഓൺലൈൻ ഡെലിവറി ആപ്പിൽ നിന്നും ഒന്നിനു പിറകേ ഒന്നായി ഭക്ഷണം ഓർഡർ ചെയ്തത്. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. കെയ്ത്ത് സ്റ്റോൺഹൗസ് എന്നയാളുടെ മകനാണ് ഈ ഭീമമായ തുകയ്ക്ക് ഭക്ഷണം ഓർഡർ ചെയ്തത്.
കിടക്കുന്നതിന് മുൻപ് തന്റെ ആറു വയസുകാരനായ മകന് ഗെയിം കളിക്കാനാണ് കെയ്ത്ത് ഫോൺ നൽകിയത്. മകൻ ഗെയിം കളിക്കുകയായിരിക്കും എന്നു വിചാരിച്ച് ഇടയ്ക്ക് അന്വേഷിച്ചതുമില്ല. എന്നാൽ കുട്ടി പതിവിന് വിപരീതമായി ഒരു ഓൺലൈൻ ഫുഡ് ഡെിലിവറി ആപ്പ് തുറന്ന് വിവിധ റസ്റ്റോറന്റുകളിൽ നിന്നായി ഭക്ഷണം ഓർഡർ ചെയ്യുകയായിരുന്നു.
ആദ്യത്തെ ഓർഡർ എത്തിപ്പോൾ കെയ്ത്തിന് കാര്യം മനസിലായില്ല. പിന്നീട് നിലക്കാത്ത കോളിംഗ് ബെല്ലുകൾക്കും ഓർഡറുകളുടെ നീണ്ട നിരക്കുമാണ് കെയ്ത്ത് സാക്ഷ്യം വഹിച്ചത്. അക്കൗണ്ടിൽ നിന്നും ആകെ 80,000 ലേറെ രൂപ നഷ്ടപ്പെട്ടെന്നും കെയ്ത്ത് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ കെയ്ത്തും മകനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കെയ്ത്തിന്റെ ഭാര്യ സിനിമ കാണാൻ പോയ സമയത്താണ് ഇതെല്ലാം സംഭവിച്ചത്.
ഒടുവിൽ തനിക്ക് സംഭവിച്ച അബദ്ധം പരസ്യമായി പങ്കുവെച്ചതോടെ കുട്ടി ഭഷണം ഓർഡർ ചെയ്ത ആപ്പ് ഇദ്ദേഹത്തിന് നഷ്ടമായ അതേ തുകയുടെ ഒരു ഗിഫ്റ്റ് കാർഡ് സമ്മാനിച്ചതായി കെയ്ത്തിന്റെ ഭാര്യ ക്രിസ്റ്റിൻ സ്റ്റോൺഹൗസ് പറഞ്ഞു.
”ശനിയാഴ്ച രാത്രി നടന്നതെല്ലാം ഒരു ലൈവ് സ്കിറ്റ് പോലെ എനിക്കു തോന്നുന്നു”, കെയ്ത്ത് സ്റ്റോൺഹൗസ് MLive.com-നോട് പറഞ്ഞു. ”എനിക്ക് ഇതൊരു തമാശയായി തോന്നുന്നില്ല. മറ്റുള്ളവർ ഇതു കേട്ട് ചിരിക്കുമ്പോൾ ഞാനും ചിരിച്ചേക്കാം. എന്റെ കയ്യിൽ നിന്നും ആണല്ലോ പണം നഷ്ടപ്പെട്ടത്”, കെയ്ത്ത് കൂട്ടിച്ചേർത്തു.
Also Read- ഇത്ര ചീപ്പാണോ മിലിറ്ററി മദ്യം? നേവി മെസ്സിലെ കുറഞ്ഞ മദ്യവില കണ്ട് കണ്ണുതള്ളി നെറ്റിസൺസ്
തങ്ങളുടെ മകൻ മേസൻ വളരെ ബുദ്ധിമാനാണെന്നും രണ്ടര വയസു മുതൽ വായനാ ശീലം ഉണ്ടെന്നും കെയ്ത്തിന്റെ ഭാര്യ ക്രിസ്റ്റിൻ സ്റ്റോൺഹൗസ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. “അവൻ വളരെ മിടുക്കനാണ്. ശരാശരി 6 വയസുകാരന്റെ ബുദ്ധിയല്ല അവന്”, ക്രിസ്റ്റിൻ കൂട്ടിച്ചേർത്തു.
താൻ പോകുന്നതിന് മുമ്പ് ഭക്ഷണം ഓർഡർ ചെയ്യാൻ ഭർത്താവ് ഫോണിൽ Grubhub എന്ന് ആപ്പ് ഉപയോഗിച്ചിരുന്നുവെന്നും ഒരുപക്ഷേ ആ ആപ്പ് ഫോണിൽ തുറന്ന് വെച്ചിരിക്കാമെന്നും ക്രിസ്റ്റിൻ പറഞ്ഞു. തന്റെ മകൻ ഫോൺ എടുത്ത് ഒളിച്ചിരിക്കുകയായരുന്നു. ഭർത്താവ് അറിയാതെ ഓർഡർ ചെയ്യുകയായിരുന്നെന്നും ക്രിസ്റ്റിൻ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.