നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • India Book of Records | 108 മന്ത്രങ്ങള്‍ ജപിക്കാൻ വെറും 24 മിനിറ്റും 50 സെക്കന്‍ഡും; റെക്കോർഡിൽ ഇടം നേടി ആറ് വയസ്സുകാരി

  India Book of Records | 108 മന്ത്രങ്ങള്‍ ജപിക്കാൻ വെറും 24 മിനിറ്റും 50 സെക്കന്‍ഡും; റെക്കോർഡിൽ ഇടം നേടി ആറ് വയസ്സുകാരി

  വീട്ടില്‍ എല്ലാ ആഴ്ചകളിലും പൂജകള്‍ നടത്താറുണ്ട്, പുരോഹിതര്‍ ചൊല്ലുന്നത് കേട്ടാണ് മന്ത്രങ്ങള്‍ പഠിച്ചത്.

  സായ് ശ്രേയാന്‍സി

  സായ് ശ്രേയാന്‍സി

  • Share this:
   വ്യത്യസ്തമായ ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഒഡീഷ സ്വദേശിയായ ആറു വയസ്സുകാരി. വെറും 24 മിനിറ്റും 50 സെക്കന്‍ഡുമെടുത്ത് 108 മന്ത്രങ്ങള്‍ ജപിച്ചാണ് പെൺകുട്ടി റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലാണ് (ഐബിആര്‍) ഈ ആറു വയസ്സുകാരി ഇടം നേടിയത്. ജഗത്സിങ്പൂര്‍ ജില്ലയിലെ ഡി സായ് ശ്രേയാന്‍സി എന്ന പെണ്‍കുട്ടിയാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. താരദാപഡ ഗ്രാമത്തിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധനായ രശ്മി രഞ്ജന്‍ മിശ്രയുടെ ചെറുമകളാണ് സായ് ശ്രേയാന്‍സി.

   ''ഞങ്ങളുടെ വീട്ടില്‍ എല്ലാ ആഴ്ചകളിലും പൂജകള്‍ നടത്താറുണ്ട്, പുരോഹിതര്‍ ചൊല്ലുന്നത് കേട്ടാണ് മന്ത്രങ്ങള്‍ പഠിച്ചത്,'' സായ് പറയുന്നു. തന്റെ മാതാപിതാക്കളും മുത്തച്ഛനും മന്ത്രങ്ങള്‍ പഠിക്കാന്‍ സഹായിച്ചതായും പെണ്‍കുട്ടി വെളിപ്പെടുത്തി. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സായ്. പകര്‍ച്ചവ്യാധി കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ഓണ്‍ലൈനിലൂടെയാണ് പെണ്‍കുട്ടി പഠിക്കുന്നത്.

   മന്ത്രങ്ങള്‍ മാത്രമല്ല സായിയുടെ താല്‍പര്യം. ക്ലാസിക്കല്‍ നൃത്തമായ ഒഡീസിയും ഈ കൊച്ചുമിടുക്കി പഠിക്കുന്നുണ്ട്. സായിയുടെ നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും നൃത്തത്തിലും അവള്‍ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പെണ്‍കുട്ടിയുടെ അമ്മയായ ഷസ്മിത മിശ്ര പറഞ്ഞു. ''അവളുടെ (സായ്) നേട്ടത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. അവള്‍ ഒഡീസിയിലും റെക്കോർഡ് സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' എന്ന് ഷസ്മിത മിശ്ര വ്യക്തമാക്കി.

   ദീര്‍ഘമായ മന്ത്രങ്ങളും പദ്യങ്ങളും കവിതകളും മന:പാഠമാക്കി ചൊല്ലി രാജ്യത്ത് ശ്രദ്ധ നേടുന്ന ആദ്യത്തെ കുട്ടിയല്ല സായ് ശ്രേയാന്‍സി. ഈ വര്‍ഷം ആദ്യം, പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു മൂന്നര വയസ്സുകാരി ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ 50 കവിതകള്‍ കാണാപ്പാഠം ചൊല്ലി റെക്കോര്‍ഡ് നേടിയിരുന്നു. പശ്ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്നാപൂര്‍ ജില്ലയിലാണ് അരാത്രിക ഘോഷ് എന്ന ഈ പെണ്‍കുട്ടിയുടെ സ്വദേശം.

   ഈ ഭാഷകളിലെ കവിതകളില്‍ മാത്രം ഒതുങ്ങുന്നതല്ല അരാത്രികയുടെ കഴിവുകള്‍. രബീന്ദ്ര സംഗീതം, നാടോടി സംഗീതം, ഭക്തിഗാനങ്ങള്‍ തുടങ്ങി സിനിമ ഗാനങ്ങള്‍ വരെ ഉള്‍പ്പെടുന്ന ഇരുപത്തോളം പാട്ടുകള്‍ പാടാന്‍ ഈ കൊച്ചുമിടുക്കിയ്ക്ക് കഴിയും. ഇതേതുടര്‍ന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അരാത്രികയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചിരുന്നു. ഐബിആര്‍ അധികൃതര്‍, മേയ് 15ന് ആരാത്രികയുടെ റെക്കോര്‍ഡ് നേട്ടം സ്ഥിരീകരിച്ചുവെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.

   ജൂണ്‍ 19 ന് ചില ഉദ്യോഗസ്ഥര്‍ അവരുടെ വീട്ടില്‍ എത്തി സര്‍ട്ടിഫിക്കറ്റും അവാര്‍ഡും വിതരണം ചെയ്തു. സമ്മാനങ്ങളുടെ പട്ടികയില്‍ ഒരു സ്വര്‍ണ്ണ മെഡല്‍, മനോഹരമായ പേന, അരാത്രികയുടെ പേരില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ്, ഐബിആറിന്റെ ലോഗോ പതിച്ച ഏതാനും വാഹന സ്റ്റിക്കറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അരാത്രികയുടെ പിതാവ് ശുഭങ്കര്‍ ഘോഷ്, ചന്ദ്രകോണ ജിറാത്ത് ഹൈസ്‌കൂളിലെ അദ്ധ്യാപകനാണ്, അമ്മ തനുശ്രീ ഘോഷ് വീട്ടമ്മയാണ്.
   Published by:Sarath Mohanan
   First published:
   )}