പാൻ ഇന്ത്യ ലെവലിൽ തന്നെ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട (Vijay Deverakonda). ഫിറ്റ്നസ് (Fitness) കാര്യങ്ങളിലും താരം ഏറെ ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ ആ ഫിറ്റ്നസിന്റെ രഹസ്യം അദ്ദേഹം തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. നല്ല ഉറക്കം, നല്ല ഭക്ഷണം, വ്യായാമം എന്നിവയാണ് ഫിറ്റ്നസും ആരോഗ്യവും പരിപാലിക്കാൻ വിജയ് ദേവരക്കൊണ്ട പിന്തുടർന്നു പോരുന്ന മൂന്ന് കാര്യങ്ങൾ.
''ഞാൻ നന്നായി ഉറങ്ങും. ആരോഗ്യകരമായ ഭക്ഷണം കഴിക്കും. സാധ്യമാകുമ്പോഴെല്ലാം വർക്ക് ഔട്ട് ചെയ്യാറുണ്ട്. എന്നാൽ തിരക്കുള്ള ദിവസങ്ങളിൽ ബേസിക്ക് വർക്ക്ഔട്ട് മാത്രം ചെയ്യും'', വിജയ് ദേവരക്കൊണ്ട പറഞ്ഞു.
ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുമെന്നും അധികം പഞ്ചസാര ഉപയോഗിക്കില്ലെന്നും വിജയ് ദേവരക്കൊണ്ട വെളിപ്പെടുത്തി. ''ഞാൻ പരമാവധി ഒഴിവാക്കുന്ന ഒരേയൊരു സാധനം പഞ്ചസാരയാണ്, കാരണം പഞ്ചസാര ആരോഗ്യത്തിന് നല്ലതല്ല. എല്ലാവരോടും ഞാൻ ഇക്കാര്യം ഉപദേശിക്കുകയാണ്. ധാരാളം പച്ചക്കറികൾ കഴിക്കുക. എനിക്ക് മാംസം ഇഷ്ടമാണ്, അതിനാൽ ഞാൻ ധാരാളം മാംസവും കഴിക്കാറുണ്ട്'', താരം കൂട്ടിച്ചേർത്തു. കുറേ വർഷങ്ങളായി ആരോഗ്യകരമായ ഭക്ഷണരീതിയാണ് തൻ പിന്തുടർന്നു പോരുന്നെന്നും അദ്ദേഹം പറഞ്ഞു.
ചില ദിവസങ്ങളിൽ കായിക വിനോദങ്ങളിൽ ഏർപ്പെടാറുണ്ടെന്നും വോളിബോളും ബാഡ്മിന്റണും ക്രിക്കറ്റുമെല്ലാം തനിക്ക് ഇഷ്ടമാണെന്നും വിജയ് ദേവരക്കൊണ്ട കൂട്ടിച്ചേർത്തു.
അതേസമയം, തെന്നിന്ത്യൻ യങ് സൂപ്പർ സ്റ്റാർ വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രമായ ലിഗെറിൻ്റെ പോസ്റ്ററുകൾ നവമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കൈയ്യിൽ പിടിച്ചിരിക്കുന്ന റോസാപ്പൂക്കൾ കൊണ്ടുള്ള ബൊക്കെ കൊണ്ട് നഗ്നത മറച്ചാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. കേരളത്തിലുൾപ്പെടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. അര്‍ജ്ജുന്‍ റെഡ്ഡി, ഗീതാഗോവിന്ദം, ടാക്സിവാലാ തുടങ്ങിയ വിജയ് ദേവരക്കൊണ്ട സിനിമകള്‍ കേരളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിൽ മൊഴിമാറ്റി ഇറങ്ങിയ 'ഡിയര്‍ കോമ്രേഡ്' ലെ പാട്ടുകളും ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ സന്തോഷങ്ങൾ ആരാധകരുമായി അദ്ദേഹം പങ്കുവെയ്ക്കാറുമുണ്ട്. തന്റെ ഗൃഹപ്രവേശന ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ചിരുന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ''ഞാൻ ഒരു വലിയ വീട് വാങ്ങി. അത് എന്നെ ഭയപ്പെടുത്തുന്നു. ഇനി അത് നോക്കിനടത്തേണ്ടത് അമ്മയുടെ ചുമതലയാണ്'', എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം ഫേസ്ബുക്കിൽ കുറിച്ചത്.
കോവിഡ് ധനസഹായമായി 1.3 കോടി രൂപ വിജയ് ദേവരക്കൊണ്ട മാറ്റിവെച്ചിരുന്നു. ദേവരകൊണ്ട ഫൗണ്ടേഷന്റെ ഭാഗമായി നൈപുണ്യ വികസനത്തിലൂടെ യുവാക്കൾക്ക് തൊഴിൽ നൽകുമെന്നും താരം വാഗ്ദാനം ചെയ്തിരുന്നു. മിഡിൽ ക്ലാസ് ഫണ്ടാണ് മറ്റൊന്ന്. ഇടത്തരം കുടുംബങ്ങളിൽ സ്വയം തൊഴിൽ ചെയ്തിരുന്നവർക്ക് വീട്ടിലേക്ക് ഭക്ഷണ സാമാനങ്ങൾ വാങ്ങാനുള്ളതാണ് ഈ ഫണ്ട്. സഹായിക്കാൻ സന്മനസ്സുള്ളവക്ക് സംഭാവന നൽകാനും വിജയ് ദേവരകൊണ്ട https://thedeverakondafoundation.org/ എന്ന വെബ്‌സൈറ്റിൽ അവസരം ഒരുക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.