• HOME
  • »
  • NEWS
  • »
  • buzz
  • »
  • സോഫയിടാൻ പോലും സ്ഥലമില്ല; ബ്രിട്ടനിലെ ഏറ്റവും ചെറിയ വീട് കാണാനെത്തുന്നത് ആയിരക്കണക്കിന് ടൂറിസ്റ്റുകൾ

സോഫയിടാൻ പോലും സ്ഥലമില്ല; ബ്രിട്ടനിലെ ഏറ്റവും ചെറിയ വീട് കാണാനെത്തുന്നത് ആയിരക്കണക്കിന് ടൂറിസ്റ്റുകൾ

നാല് നൂറ്റാണ്ടിന് മേല്‍ പഴക്കമുള്ള ഈ വീട് ബ്രിട്ടനിലെ ഏറ്റവും ചെറിയ വീടായി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകരിച്ചിട്ടുണ്ട്.

  • Share this:
ബ്രിട്ടനില്‍ ഏറ്റവും ചെറിയ വീടിനെ കുറിച്ചാണ് ഇപ്പോള്‍ പലയിടത്തെയും സംസാരം. ഒരു സോഫ പോലും വയ്ക്കാന്‍ കഴിയാത്തവിധം വളരെ ചെറുതായ ഈ വീടിന് രണ്ട് മുറികള്‍ മാത്രമാണുള്ളത്. നോര്‍ത്ത് വെയില്‍സിലെ കോണ്‍വിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 1891 മുതല്‍ തലമുറകളായി കുടുംബത്തിന് കൈമാറി കിട്ടിയതാണ് ഈ വീട് എന്നാണ് ഇപ്പോഴത്തെ ഉടമയായ ജാന്‍ ടൈലി പറയുന്നത്. നാല് നൂറ്റാണ്ടിന് മേല്‍ പഴക്കമുള്ള ഈ വീട് ബ്രിട്ടനിലെ ഏറ്റവും ചെറിയ വീടായി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകരിച്ചിട്ടുണ്ട്.

ജാന്‍ കുടുംബത്തിന് ഈ വീടിന്റെ ഉടമസ്ഥാവകാശം ലഭിച്ചിട്ട് 130 വര്‍ഷമായി. ജാന്‍ കുടുംബത്തിന്റെ അഞ്ച് തലമുറകളുടെ സന്തോഷവും സങ്കടവും പങ്കുവച്ചിട്ടുണ്ട് ഈ ചെറിയ വീട്. 1891ലാണ് ജാന്‍ ടൈലിയുടെ മുത്തുമുത്തച്ഛന്‍ ഈ വീട് വാങ്ങിയത്. വീടിന് രണ്ട് നിലകളാണുള്ളത്. ഓരോ നിലയിലും ഒരു മുറിയുണ്ട്. വീടിന്റെ സ്വീകരണമുറിയുടെ വലിപ്പം ഏകദേശം ഒരു ആഡംബര വസ്ത്രഷെല്‍ഫിനുള്ള സ്ഥലത്തിന് തുല്യമാണ്. വീട് തകര്‍ന്ന് വീഴാതിരിക്കുന്നതിനായി അടിത്തറ വളരെ ശക്തമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

വെറും 122 ഇഞ്ച് ഉയരവും 72 ഇഞ്ച് വീതിയുമുള്ള വീടിനുള്ളില്‍ ഒറ്റ വലിപ്പത്തിലുള്ള ഒരു കിടക്ക, അടുപ്പ്, വാഷ് ബേയ്സിന്‍ എന്നിവയുണ്ട്. വീട്ടില്‍ ശുചിമുറി ഇല്ല. യഥാര്‍ത്ഥത്തില്‍ ഒരു നിര വീടുകള്‍ക്കിടയിലാണ് ഇത് നിര്‍മ്മിച്ചത്. മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത വീട് എന്ന ഗണത്തില്‍പ്പെടുത്തി 1990ല്‍ സിറ്റി കൗണ്‍സില്‍ ഇത് പൊളിക്കാന്‍ ഉത്തരവിട്ടിരുന്നു. പക്ഷെ വീട് പൊളിക്കുന്നതിനെതിരെയും ഇത് സംരക്ഷിക്കാനും പ്രദേശവാസികള്‍ നടത്തിയ ഒരു പ്രചരണത്തെ തുടര്‍ന്ന് അധികൃതര്‍ ആ സാഹസത്തില്‍ നിന്ന് പിന്മാറിയെന്നാണ് ഹൗസ് ബ്യൂട്ടിഫുള്‍ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

400 വര്‍ഷത്തിന് മേല്‍ പഴക്കുണ്ട് ഈ വീടിനെന്നാണ് ജാന്‍ പറയുന്നത്. 1900 കാലഘട്ടത്തില്‍ ഈ വീട്ടില്‍ താമസക്കാരുണ്ടായിരുന്നു. അത് സംബന്ധിച്ച് രസകരമായ ഒരു കഥ ആ വീട്ടിലെ അവസാനത്തെ താമസക്കാരന്‍ ആറ് അടി 3 ഇഞ്ച് ഉയരമുള്ള ഒരു മത്സ്യത്തൊഴിലാളിയായിരുന്നു എന്നാണ്. എങ്ങനെയാണ് അയാള്‍ അതിനുള്ളില്‍ താമസിച്ചതെന്ന് ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നാണ് ഇപ്പോഴത്തെ ഉടമ പറയുന്നത്. ഓരോ വര്‍ഷവും ഏകദേശം 55,000 സന്ദര്‍ശകരെ ഈ വീട് സ്വാഗതം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ വീടിനുള്ളിലെ ചെറിയ ഒരു സോഫാ സെറ്റ് കാണാനും ആളുകള്‍ എത്തുന്നുണ്ട്.

സമീപകാലത്ത് സോഫ ഇന്‍ ബോക്സ് എന്ന ഒരു കമ്പനി വീടിനുള്ളിലെ സ്വീകരണമുറിയില്‍ ഒരു സോഫ സ്ഥാപിച്ചു നല്‍കിയിരുന്നു. ബ്രിട്ടനിലെ മാധ്യമങ്ങളില്‍ ഇത് കാര്യമായ വാര്‍ത്തയായിരുന്നു. വളരെയധികം ബുദ്ധിമുട്ടിയാണെങ്കിലും സോഫ സ്ഥാപിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ അവസാനം വിജയിച്ചു. വീടിനുള്ളില്‍ സോഫ സ്ഥാപിച്ച കമ്പനി ഗംഭീരമായ മാര്‍ക്കറ്റിംഗ് ആയിരുന്നു നടത്തിയത്. '400 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഈ വീട്ടിലേക്ക് ഒരു സോഫ എത്തി, ഏത് ഇടുങ്ങിയ ഇടങ്ങളിലും തങ്ങളുടെ ഫര്‍ണിച്ചര്‍ സ്ഥാപിക്കാന്‍ സാധിക്കും' എന്ന തരത്തിലായിരുന്നു പ്രചരണം. അതിനെ തുടര്‍ന്ന് ഇപ്പോള്‍, ഈ സോഫയും സന്ദര്‍ശകര്‍ക്ക് ഒരു അധിക ആകര്‍ഷണമായി വര്‍ത്തിക്കുന്നുണ്ട്.
Published by:Jayashankar AV
First published: