• News
 • World Cup 2019
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

'നിങ്ങള്‍. എസ്.എഫ്.ഐക്കാരോട് എനിക്ക് പുച്ഛമാണ്.' സഹോദരതുല്യരായവരുടെ തോന്ന്യാസങ്ങളെക്കുറിച്ചറിഞ്ഞ് സങ്കടപ്പെടുന്ന ആക്ടിവിസ്റ്റിനെ കുറിച്ച് ഇ. സനീഷിന് പറയാനുള്ളത്

News18 Malayalam
Updated: August 2, 2018, 5:50 PM IST
'നിങ്ങള്‍. എസ്.എഫ്.ഐക്കാരോട് എനിക്ക് പുച്ഛമാണ്.' സഹോദരതുല്യരായവരുടെ തോന്ന്യാസങ്ങളെക്കുറിച്ചറിഞ്ഞ് സങ്കടപ്പെടുന്ന ആക്ടിവിസ്റ്റിനെ കുറിച്ച് ഇ. സനീഷിന് പറയാനുള്ളത്
News18 Malayalam
Updated: August 2, 2018, 5:50 PM IST
സഹപ്രവര്‍ത്തകരും സഹോദരതുല്യരുമായവരില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങങ്ങളെ കുറിച്ച് പെണ്‍കുട്ടികള്‍ തുറന്നു പറയുന്ന കാലത്ത് മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

''നിങ്ങള്‍. എസ് എഫ് ഐക്കാരോട് എനിക്ക് പുച്ഛമാണ്.'' (മുന്‍ എസ്സെഫൈക്കാരോടെന്നല്ല) ഇങ്ങനെ മുഖത്ത് നോക്കി പറഞ്ഞ ആ ആക്ടിവിസ്റ്റ് ഇപ്പോള്‍ അവര്‍ക്ക് സഹോദരതുല്യരായ ചിലര്‍ നടത്തിയ അങ്ങേയറ്റത്തെ തോന്ന്യാസങ്ങളെക്കുറിച്ചറിഞ്ഞ് സങ്കടപ്പെട്ടും രോഷപ്പെട്ടും കുലുങ്ങിയ ശേഷം നടത്തുന്ന പ്രതികരണങ്ങള്‍ വായിക്കുന്നുണ്ടായിരുന്നു.

ഔദ്ധത്യം കലര്‍ന്നൊരു ചിരിയോടെയാണ് അന്ന് അവരത് പറഞ്ഞത്. ഒട്ടും ഒളിച്ച് വെക്കാത്ത പുച്ഛത്തോടെ. എന്നോടും ഹര്‍ഷനോടുമായിട്ട്. ഏറണാകുളം ടൗണ്‍ഹാളിന് മുന്നില്‍ വെച്ച്. മനുഷ്യസംഗമം പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു ഞങ്ങള്‍. പുറത്തേക്കിറങ്ങി റോഡ് ക്രോസ് ചെയ്യുമ്പോള്‍ ഇവരും മറ്റൊരാളും മുന്നില്‍ വന്ന് നില്‍ക്കുന്നു. നേരിട്ട് ആദ്യമായാണ് കാണുന്നത്. എങ്കിലും അവരെ എനിക്ക് അറിയാം.

കോട്ടയത്ത് എംജിയില്‍ പഠിക്കുന്ന കാലത്ത് വി.സി ഹാരിസ് സാറിനൊപ്പം നടന്ന് ദലിത് രാഷ്ട്രീയത്തെക്കുറിച്ചും, കേരളത്തിലെ അതിന്റെ നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെക്കുറിച്ചും വലുതായല്ലെങ്കിലും അറിവുള്ളതാണ്. അക്കൂട്ടത്തില്‍പ്പെട്ടവരോട് ബഹുമാനവും ഉള്ളതാണ്. ഇവരോടും ഉണ്ടായിരുന്നു. അത്‌കൊണ്ട് സംസാരിക്കാന്‍ നിന്നു. അപ്പോഴാണ് അവരിക്കാര്യം പറഞ്ഞത്. അത് കൊണ്ടും, പെട്ടെന്ന് പോയി രണ്ട് ബിയറടിക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങള്‍ ചിരിച്ചും കൊണ്ട് ഒന്ന് രണ്ട് വാക്കുകള്‍ കൂടെ പറഞ്ഞ് വേഗം അവിടെ നിന്ന് മാറി.

ലോകത്തിലെ ഏറ്റവും ഹിംസാത്മകമായ മുന്‍വിധിയാണ് ഇന്നാട്ടിലെ ജാതി മുന്‍വിധി. അതിനെതിരായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നൊരു ആക്ടിവിസ്റ്റ് നമ്മളെ എസ്സെഫൈക്കാരാക്കിയും അത്തരക്കാര്‍ പുച്ഛമര്‍ഹിക്കുന്നവരായിരിക്കും എന്ന മുന്‍വിധി ഇമ്മട്ടില്‍ പരത്തിയും സംസാരിച്ചതിലെ വൈരുദ്ധ്യവും തമാശയും അവരോടുള്ള ബഹുമാനം വിടാതെ ആ ബിയറടിക്കുന്നതിനിടയില്‍ പരസ്പരം പറഞ്ഞിരുന്നെന്നാണ് ഓര്‍മ്മ.

പക്ഷെ, ആ പുച്ഛവും മുന്‍വിധിയും ഹിംസാത്മകമായി പിന്നീട് അനുഭവപ്പെട്ടപ്പോഴാണ് അത് നിസ്സാരീകരിക്കേണ്ട ഒന്നായിരുന്നില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടത്. അത് ഓഫീസില്‍ ഒരു കേസ് ഉണ്ടായപ്പോഴാണ്. എനിക്കെതിരെ പരാതികളൊന്നുമുണ്ടായിരുന്നില്ല, എന്നിട്ടും എന്റെ പേര് മാത്രം വെച്ചാണ് ആ ആക്ടിവിസ്റ്റ് രോഷപ്രകടനപോസ്റ്റിട്ടത്. പരാതിയിലോ, രണ്ട് മൊഴികളിലോ കേസ് നടപടികളിലോ ഒടുവില്‍ കോടതി ഉത്തരവിലോ പേരേ ഇല്ലാതിരുന്ന ആളാണ് ഞാനെന്ന് ഓര്‍ക്കണം. എന്നിട്ടും നാല് ഭാഗത്ത് നിന്നും സംഘികള്‍ ആഞ്ഞ് തല്ലിക്കോണ്ടിരിക്കുകയായിരുന്നു. ആ സമയത്ത്. ഞങ്ങള്‍ ലൈംഗികപീഡനം നടത്തി എന്നായിരുന്നു പ്രചാരണം.
Loading...

വ്യക്തിപരമായി അറിയാവുന്ന ദലിത് സംഘടനാപ്രവര്‍ത്തകര്‍ക്ക് പോലും മിണ്ടാതെ നില്‍ക്കേണ്ടി വരും വിധം മാരകമായ അടിയായിരുന്നു എനിക്ക് മേല്‍ അന്നേരത്ത് ആ ആക്ടിവിസ്റ്റിന്റെ പോസ്റ്റ്. കുടുംബമടക്കം അടുപ്പമുള്ളവര്‍ അന്തം വിട്ട് നില്‍ക്കുന്ന ആ കാലത്ത് ഉണ്ടായ ആ ആക്രമണം ഞാനൊരിക്കലും മറക്കില്ല. നിങ്ങളെ കംപാര്‍ട്മെന്റലൈസ് ചെയ്ത് വച്ച്, നിങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുന്ന ആളായിരിക്കും എന്ന മുന്‍വിധി വെച്ച് ആക്രമിക്കുന്ന നിരവധി പേരുണ്ടാകും, അവരില്‍ നിങ്ങള്‍ക്ക് ബഹുമാനമുള്ളവരുമുണ്ടാകും, നിങ്ങളുടെ സുഹൃത്തുക്കളായി നടിക്കുന്നവര്‍ പോലും അക്കൂട്ടത്തിലുണ്ടാകും എന്നൊക്കെ മനസ്സിലാക്കിത്തന്ന സംഭവമായിരുന്നു എനിക്കത്. അതുകൊണ്ട് ആ വിഷയത്തോട് എനിക്ക് ഇപ്പോള്‍ നന്ദിയുമുണ്ട്. ഇത് ഇപ്പോള്‍ എഴുതിയത് ഇത് ഇപ്പോഴാണ് എഴുതേണ്ടത് എന്ന തോന്നല്‍ വന്നത് കൊണ്ടാണ്.

രൂപേഷ്, രജേഷ് പോള്‍ എന്നീ നാറികള്‍ക്ക് ഏതെങ്കിലും കാലത്ത് എസ്സെഫൈബന്ധമുള്ളവരായിരുന്നുവെങ്കില്‍ അവരുടെ മാപ്പ് പറച്ചില്‍ ഇപ്പോഴത്തെ എന്ന മട്ടില്‍ സ്വീകരിക്കപ്പെടുകയില്ലായിരുന്നു എന്ന തോന്നല്‍ പറയാനാണ്. നിഷ്പക്ഷമായി, ക്രൈമിനെ മാത്രം മുന്‍നിര്‍ത്തിയുള്ള വിലയിരുത്തല്‍ എന്നത് ഇച്ചങ്ങായ്മ്മാര്‍ക്ക് സാധ്യമാകുന്ന കാര്യമല്ല എന്ന എന്റെ മുന്‍വിധി പറയാനായിക്കൂടെയാണ്.

മുന്‍വിധിയും ഗ്രൂപ്പ് ഗ്രൂപ്പായുള്ള നിലപാടെടുക്കലുമാണ് മനുഷ്യരുടെ രീതി. അത്തരം രീതികള്‍ രജേഷ് പോള്‍ എന്ന പരമതോന്ന്യാസിയെപ്പോലും രക്ഷപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചേക്കാമെന്ന് മുന്നറിയിപ്പ് എഴുതാനുമായാണ്. പ്രായപൂര്‍ത്തിയാകാത്ത, ദലിത് പെണ്‍കുട്ടികളെയടക്കം ആസൂത്രണം ചെയ്ത് കുടുക്കി, ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പരമനാറികളൊന്നും ഇതുവരെയുള്ള ജീവിതത്തിനിടയില്‍ സഹോദരതുല്യരോ, സുഹൃത്തുക്കളോ ആയി ഉണ്ടായിട്ടില്ല എന്നതില്‍ ചെറുതല്ലാത്ത സന്തോഷം തോന്നുന്നുണ്ട്. അതിക്രമങ്ങള്‍ തമസ്‌കരിക്കാന്‍ പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും അവ തുറന്ന് വന്ന് പറഞ്ഞ ആ പെണ്‍കുട്ടികള്‍ക്ക് ആകാവുന്നതിലേറ്റവുമേറെ ബഹുമാനത്തില്‍ ഐക്യം അറിയിക്കുന്നു.

(ആ ആക്ടിവിസ്റ്റിന്റെ പേര് എഴുതാതിരുന്നത് ഞാനീ എഴുതുന്നത് നേരിട്ട് അവരെ അപമാനിക്കുന്ന തരത്തില്‍ ആയിക്കൂടാ എന്ന തോന്നല്‍ കൊണ്ടാണ്. അവര്‍ ചെയ്യുന്ന കാര്യങ്ങളോടും അവരുടെ രാഷ്ട്രീയനിലപാടുകളോടും എനിക്ക് യോജിപ്പുകളുണ്ട്. അവര്‍ എന്നോട് മോശം ചെയ്തു എന്ന് വെച്ച് ഞാനവരോട് അതേ തരത്തില്‍ പെരുമാറിയാല്‍ പിന്നെ ഞാനും അവരും തമ്മിലെന്ത് വ്യത്യാസം. )

അപരരോട് പുലര്‍ത്തുന്ന പുച്ഛം കലര്‍ന്ന മുന്‍വിധിയും, ഗ്രൂപ്പ് ഗ്രൂപ്പായുള്ള നിലപാടെടുക്കലുമാണ് ചില മനുഷ്യരുടെ രീതി.

First published: August 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...