Organic Farming | ജൈവകൃഷിയോട് താൽപര്യം; യുഎസിലെ ജോലി ഉപേക്ഷിക്കാനൊരുങ്ങി സോഫ്റ്റ് വെയർ എൻജിനീയർ
Organic Farming | ജൈവകൃഷിയോട് താൽപര്യം; യുഎസിലെ ജോലി ഉപേക്ഷിക്കാനൊരുങ്ങി സോഫ്റ്റ് വെയർ എൻജിനീയർ
ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അദ്ദേഹം, കോവിഡ് മഹാമാരിയെത്തുടര്‍ന്ന് യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിയ ശേഷം പ്രകൃതിദത്തവും ജൈവികവുമായ രീതികളില്‍ കൃഷി നടത്താന്‍ തുടങ്ങി.
News18
Last Updated :
Share this:
ഹരിത വിപ്ലവത്തിന് ശേഷം രാജ്യത്തെ കൃഷിരീതികളില്‍ വിപ്ലവകരമായ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചു. കൂടുതല്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്നത് മണ്ണിന്റെ ഗുണനിലവാരത്തെ അപകടപ്പെടുത്തുന്നതിനാല്‍, പല കര്‍ഷകരും ഇപ്പോള്‍ ക്രമേണ ജൈവകൃഷിയിലേക്ക് തിരിയുകയും കൂടുതല്‍ നാടന്‍ വിത്തുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. നാടന്‍ വിത്തുകളുടെ ഗുണങ്ങള്‍ കണക്കിലെടുത്ത്, പല കര്‍ഷകരും കൃത്രിമ വിത്തുകളും രാസവളങ്ങളും ഒഴിവാക്കി പ്രകൃതിദത്തമായ രീതിയില്‍ ജൈവകൃഷി തുടരാന്‍ മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
കൂടുതല്‍ ആളുകളും ആരോഗ്യത്തെക്കുറിച്ച് ബോധ്യമുള്ളവരായതോടെ, കൃഷി രീതികള്‍ ക്രമേണ മാറുകയാണ്. കൂടുതല്‍ വിളവെടുപ്പിനായി മണ്ണിനെ ശക്തിപ്പെടുത്താനും ചെലവ് നിയന്ത്രിക്കാനും ജൈവകൃഷി ആളുകളെ സഹായിക്കുന്നു. ഈ ജൈവ രീതികള്‍ പിന്തുടരുന്ന കര്‍ഷകര്‍ക്ക് സ്വന്തം വിപണനത്തിലൂടെ പല വിധത്തില്‍ നേട്ടമുണ്ടാക്കാനും കഴിയും. അതുമനസ്സിലാക്കിയതുക്കൊണ്ടാണ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായ ദണ്ഡേ യജ്ഞ നാരായണ ജൈവകൃഷി ആരംഭിച്ചത്.
ഗുണ്ടൂര്‍ ജില്ലയിലെ നിസാംപട്ടണം പഞ്ചായത്തിലെ ഗോകര്ണമഠം സ്വദേശിയാണ് നാരായണ. ഒരു സോഫ്റ്റ്വെയര് എഞ്ചിനീയറായ അദ്ദേഹം, കോവിഡ് മഹാമാരിയെത്തുടര്‍ന്ന് യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിയ ശേഷം പ്രകൃതിദത്തവും ജൈവികവുമായ രീതികളില്‍ കൃഷി നടത്താന്‍ തുടങ്ങി. നിലവില്‍ വീട്ടിലിരുന്ന് ജോലി (work at home) ചെയ്യുകയാണ് നാരായണ. എന്നാല്‍ ഈ ജോലിയില്‍ തൃപ്തനാകാത്തതിനെ തുടര്‍ന്നാണ് നാരായണ പ്രകൃതിദത്തവും ജൈവരീതിയിലുള്ളതുമായ കൃഷിരീതികളില്‍ ഏര്‍പ്പെട്ടു തുടങ്ങിയത്. കൃഷി നടത്തുന്നത് ആസ്വദിച്ച് തുടങ്ങിയതോടെ നാരായണ തെലങ്കാനയില്‍ നിന്ന് വിവിധ തരത്തിലുള്ള നാടന്‍ നെല്‍വിത്ത് സംഭരിക്കുകയും ഗുണ്ടൂര്‍ ജില്ലയിലെ തന്റെ ഭൂമിയില്‍ വിതയ്ക്കുകയും ചെയ്തു.
ഒരേക്കര്‍ ഭൂമി മാത്രമുള്ള അദ്ദേഹം അര ഏക്കറില്‍ കളബട്ടിയും ബാക്കി അര ഏക്കറില്‍ ''കര്‍പ്പൂര കാമിനി'' നെല്ലും ആണ് വിതച്ചിരിക്കുന്നത്. ഇതിനായി ശാസ്ത്രീയമായ കൃഷിരീതിയാണ് അദ്ദേഹം സ്വീകരിച്ചത്. 2 മീറ്റര്‍ വീതിയും 40 മീറ്റര്‍ നീളവുമുള്ള രണ്ട് പാടശേഖരം അദ്ദേഹം തയ്യാറാക്കിയെടുത്തു. ഒപ്പം ഓരോ വിളകള്‍ക്കിടയിലും രണ്ടടി അകലം നല്‍കുകയും ചെയ്തു. 15 ദിവസത്തിലൊരിക്കല്‍ മണ്ണിലും നെല്വിളകളിലും ഗോമൂത്രം തളിക്കുകയും ചെയ്യുന്നു. കൂടാതെ വിളവിലെ കീടങ്ങളെ നേരിടാന്‍ ഒരു ജൈവലായനി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
ഏക്കറിന് 12,000 രൂപ മാത്രമാണ് അദ്ദേഹത്തിന് ഈ പ്രകൃതിദത്ത രീതിയില്‍ ചിലവ് വന്നത്. നാരായണ പിന്തുടരുന്ന ഈ രീതി അനുസരിച്ച് അഞ്ച് മാസം കൊണ്ട് ഓരോ ഏക്കറില്‍ നിന്നും ഏകദേശം 30 ചാക്ക് നെല്ല് ലഭിക്കും. ഈ വിത്ത് ഇനത്തിന്റെ മറ്റൊരു ഗുണം മഴയില്‍ കുതിരാതിരിക്കുകയും വിള മണ്ണിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നുപോകാതിരിക്കുകയും ചെയ്യുന്നു എന്നതാണെന്ന് അദ്ദേഹം പറയുന്നു.
നാരായണയുടെ കൃഷിരീതി മറ്റു കര്‍ഷകര്‍ക്ക് കൂടി ജൈവകൃഷിയിലേക്ക് തിരിയുന്നതിനായി പ്രചോദനമായിട്ടുണ്ട്. ജൈവകൃഷി മാത്രമാണ് അനുയോജ്യമായ കൃഷിരീതിയെന്നും അദ്ദേഹം പറഞ്ഞു. ജൈവകൃഷിക്കായി സോഫ്റ്റ്വെയര് എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിക്കാന്‍ പദ്ധതിയിടുന്നതായും നാരായണ വ്യക്തമാക്കി. ''എനിക്ക് ഇപ്പോള്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്നതിനാല്‍, തിരികെ പോകുന്നില്ല. ജൈവകൃഷിക്കായി ഇവിടെ സ്ഥിരതാമസമാക്കാനാണ് ഞാന്‍ പദ്ധതിയിടുന്നത്,'' നാരായണ പറഞ്ഞു. രാസവളങ്ങളുടെയും കൃത്രിമ വിത്തുകളുടെയും വിവിധ ദോഷങ്ങളില്‍ നിന്ന് മുക്തി നേടാന്‍ മറ്റ് കര്‍ഷകരും ജൈവകൃഷി രീതികള്‍ മാത്രം പിന്തുടരാനും അദ്ദേഹം ഉപദേശിക്കുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.