തലയിൽ സോളാർ പാനൽ ഫിറ്റ് ചെയ്ത് അതുകൊണ്ട് ഫാൻ പ്രവർത്തിച്ച് സ്വയം കാറ്റ് കൊണ്ടാൽ എങ്ങനെയിരിക്കും? അങ്ങനെയൊരു പുത്തൻ ‘കണ്ടുപിടിത്ത’ത്തിൻെറ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നുള്ള കാഷായ വസ്ത്രം ധരിച്ച ഒരു ബാബയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കാണുന്നവരെല്ലാം അത്ഭുതത്തോടെയാണ് ബാബയെ നോക്കുന്നത്. യു.പിയിലെ പിലിഭിത്തിലുള്ള ലക്കിംപൂരിൽ നിന്നാണ് ഈ വീഡിയോ പുറത്ത് വന്നിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ലക്കിംപൂർ സ്വദേശിയായ 77കാരനായ ലല്ലുറാം ആണ് വീഡിയോയിലുള്ളത്. തലയിൽ ഒരു ഹെൽമറ്റ് വെച്ച് അതിന് മുകളിലാണ് സോളാർ പാനലും ഒപ്പം ഫാനുമൊക്കെ ഘടിപ്പിച്ച് വെച്ചിരിക്കുന്നത്. വീഡിയോ ലക്കിംപൂരിൽ നിന്ന് തന്നെയാണോയെന്ന് ന്യൂസ് 18 ലോക്കൽ ടീം സ്ഥിരീകരിച്ചിട്ടില്ല.
ലക്കിംപൂരിൽ നിന്നുള്ള ഒരു പ്രാദേശിക മാധ്യമപ്രവർത്തകനാണ് ആദ്യം ലല്ലുറാമിൻെറ വീഡിയോ എടുത്തത്. സോളാർ പാനലും ഫാനും തലയിൽ വെച്ച് കാറ്റും കൊണ്ട് വരുന്ന ബാബയെ കണ്ട് മാധ്യമപ്രവർത്തകനും അത്ഭുതപ്പെട്ടു. വൈകാതെ ബാബയുടെ വീഡിയോ എടുത്ത് ട്വിറ്ററിൽ പങ്കുവെച്ചു. വീഡിയോ അൽപസമയത്തിനുള്ളിൽ തന്നെ വൈറലായി തുടങ്ങി. ട്വിറ്ററിന് പുറമെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിലവിൽ വീഡിയോ വൈറലാണ്. ആളുകൾ വീഡിയോയോട് പലവിധത്തിലാണ് പ്രതികരിക്കുന്നത്. സോളാർ പാനൽ തലയിൽ വെച്ച് ഫാൻ കറക്കുന്ന ബാബയെ എഞ്ചിനീയർ ബാബയെന്നാണ് ചിലർ വിളിക്കുന്നത്. ചിലർ വിളിക്കുന്നത് ഫാൻവാല ബാബ എന്നാണ്. തലയിൽ ഫാൻ വെച്ച് നടക്കുന്നതിൻെറ കാരണം ലല്ലുറാം ഈ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ചൂട് തന്നെ വല്ലാതെ ബാധിക്കുന്നുണ്ട്. അത് കൊണ്ടാണ് എപ്പോഴും ഒരു ഫാൻ കയ്യിൽ വെക്കാമെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. also read : അസ്ഥിയിൽ പിടിച്ച പ്രണയം; യുവതി അറിഞ്ഞില്ല കാമുകൻ കൊടുംകുറ്റവാളിയെന്ന് കൂടുതൽ സൂര്യപ്രകാശം കിട്ടുമ്പോൾ ഫാൻ കൂടുതൽ നന്നായി കറങ്ങും. ഇങ്ങനെയൊരു ആശയം കണ്ടെത്തിയതിന് ശേഷം കൊടുംചൂടിൻെറ ബുദ്ധിമുട്ടിൽ നിന്ന് താൻ രക്ഷപ്പെട്ടതായി ബാബ പറഞ്ഞു. നാരങ്ങയും പച്ചമുളകും ഉപയോഗിച്ച് ഉണ്ടാക്കുന്ന മാലകൾ ലക്കിംപൂരിലെ കടകളിൽ വിൽക്കുന്നയാളാണ് ലല്ലുറാമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. കൊടുംചൂടിൽ സൂര്യാഘാതമേറ്റ് ലല്ലുറാം ഒരിക്കൽ ബോധം കെട്ട് വീണിരുന്നു. ആ ഘട്ടത്തിൽ അദ്ദേഹത്തിന് തൊഴിലെടുക്കാൻ സാധിക്കാതെയായി. സാമ്പത്തികമായി ആകെയുള്ള വരുമാനം ഇല്ലാതായതോടെ ജീവിതം ആകെ വഴിമുട്ടിയ അവസ്ഥയിലായി. അതോടെയാണ് ലല്ലുറാം പുതിയ ആശയം കണ്ടെത്തിയത്. ഫാനിൻെറ കാറ്റുള്ളത് കൊണ്ട് ഏത് കൊടുംചൂടിലും അദ്ദേഹത്തിന് ആശ്വാസം തോന്നും. സ്വന്തം ആവശ്യത്തിന് വേണ്ടി ഫാൻ തലയിൽ വെച്ച് ഇറങ്ങിയതാണെങ്കിലും ബാബയുടെ ആശയം ഇപ്പോൾ വൈറലായിട്ടുണ്ട്. സോളാർ പാനലും ഫാനുമായി എവിടെ പോയാലും ആളുകൾ ലല്ലുറാമിനൊപ്പം നിന്ന് സെൽഫിയെടുത്തും വീഡിയോ എടുത്തുമൊക്കെ സന്തോഷം പങ്കുവെക്കുന്നുമുണ്ട്. ഏതായാലും ചൂടിനെ തോൽപ്പിക്കാനുള്ള ബാബയുടെ കണ്ടെത്തൽ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.