നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'വെറുതെ ഒന്ന് വിചാരിച്ചതേയുള്ളൂ; അപ്പോൾ അതാ കൺമുന്നിൽ'

  'വെറുതെ ഒന്ന് വിചാരിച്ചതേയുള്ളൂ; അപ്പോൾ അതാ കൺമുന്നിൽ'

  • Share this:
   കൊച്ചി: ചില ദിവസങ്ങളിൽ വെറുതെ ഇരിക്കുമ്പോൾ ആയിരിക്കും കുറേ കാലമായി ഒരു വിവരവുമില്ലാത്ത സുഹൃത്തിനെ ഒന്നു വിളിക്കാൻ തോന്നുന്നത്. ഒരു അരമണിക്കൂറിനുള്ളിൽ ആ സുഹൃത്തിന്‍റെ വിളി വന്നിരിക്കും. അതാണ് ടെലിപ്പതികാരം. കൊടകരപുരാണത്തിന്‍റെ രചയിതാവ് ടെലിപ്പതികാരത്തെക്കുറിച്ച് എഴുതിയ പോസ്റ്റാണ് ടെലിപ്പതി ചിന്തകൾ വീണ്ടും സാമൂഹ്യമാധ്യമങ്ങളിലേക്ക് കൊണ്ടുവന്നത്.

   സജീവ് എടത്താടന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

   'ടെലിപ്പതികാരം

   ഇന്നലെ രാത്രി, കൊടകരപുരാണം പുസ്തകത്തിന്റെ ആദ്യത്തെ പ്രകാശനം ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വച്ച് നടന്നപ്പോൾ ബൂലോഗ ക്ലബിൽ 2007 ൽ ഇട്ട പോസ്റ്റിലെ കമന്റുകൾക്കിടയിൽ കുറുമാൻ അന്ന് എഴുതിയ കമന്റ് വായിച്ച് ചിരിക്കുമ്പോൾ, കുറുമാൻ എന്നെ ഫോണിൽ വിളിച്ചു.

   എനിക്ക് വലിയ ഞെട്ടൽ ഒന്നും തോന്നിയില്ല. കാരണം, ഇതെന്റെ അഞ്ഞൂറാമത്തെ അനുഭവമായിരിക്കും. ഒരു പതിനേഴ് വയസ്സുമുതൽ ഇരുപത്തേഴ് വയസ്സുവരെ അത്രമേൽ എനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

   കുറെ കാലമായി ഒരു വിവരവും ഇല്ലാതിരുന്ന ഒരു ആളെപറ്റി നമ്മൾ പെട്ടെന്ന് ഓർക്കുക, അത് കഴിഞ്ഞ് കുറച്ച് നേരം കഴിയുമ്പോൾ ആൾ നമ്മുടെ മുന്നിൽ വന്ന് ചാടുക അല്ലെങ്കിൽ വിളിക്കുക എന്നതാണിതിലെ ഒരു ക്യാറ്റഗറി.

   ക്രിക്കറ്റ് കളിക്കുമ്പോൾ, അടുത്ത ബോളിൽ ആൾ ഔട്ടാവും എന്ന് ഭയങ്കരമായി ഫീൽ ചെയ്യുകയും അത് സംഭവിക്കുകയും ചെയ്യുന്നതാണ് അടുത്ത സെക്ഷൻ.

   ഈ രണ്ടു ക്യാറ്റഗറീസും അത്ര വല്യ ഇഷ്യൂ ഒന്നും അല്ല. അതൊക്കെ 1000 എണ്ണത്തിൽ ഒന്ന് ശരിയാവുന്നതാവും. പക്ഷെ, മൂന്നാമൻ ഇച്ചിരി സെറ്റപ്പാ.

   അതായത്, നമ്മുടെ ചുറ്റുവട്ടത്ത് ആക്സിഡന്റോ മരണങ്ങളോ നടന്നാൽ, തലേ ദിവസം രാത്രി കുറെ ആളുകൾ കരയുന്നതും ടെൻഷൻ അടിച്ച് ഓടുന്നതുമൊക്കെ സ്വപ്നം കാണും. വിക്ട്രോറിയ കോളേജിന്റെ താഴെ ഒരു ദിവസം മനക്കുളങ്ങരയുള്ള ഒരു ചേട്ടൻ ബസിടിച്ച് മരിച്ച ദിവസം, എന്റെ പീണിക്കയിലെ അമ്മായി മരിച്ച ദിവസം, പാറേക്കാടൻ ജോണിയേട്ടന്റെ ലിസ പെട്രോൾ പമ്പിന്റെ മുന്നിൽ ഇടിച്ച ദിവസം... അളിയന്റെ ഫ്രണ്ട് ഗൾഫിൽ വച്ച് മരിച്ച ദിവസം, തുടങ്ങി ഒരു പത്തോളം സംഭവങ്ങൾ എനിക്ക് ഓർമ്മയുണ്ട്.

   സ്വപ്നം കണ്ടാൽ മുതൽ ഒടുക്കത്തെ റ്റെൻഷനാണ്. ആർക്കാ എന്താ പറ്റുക എന്നോർത്ത്. ചിലപ്പോൾ നമ്മൾ ചമ്മിപ്പോവേം ചെയ്യും. ഒന്നും സംഭവിക്കില്ല.

   ഒരിക്കൽ വിക്ടോറിയ കോളേജിൽ വച്ച് പിള്ളേരെ ഹിപ്നോട്ടൈസ് ചെയ്യാൻ
   മന:ശാത്രമൊക്കെ പഠിച്ച, പാരാസൈക്കോളജിയിൽ ഗവേഷണം നടത്തുന്ന ഒരാൾ വന്നു. ചിലരെയൊക്കെ ഉറക്കി മുട്ടൻ കോമഡി പറയിച്ച് പോകാനൊരുങ്ങവേ രഹസ്യമായി ആളോട്,

   ‘സാറെ.. എനിക്ക് ഇങ്ങിനെയൊരു ചെറിയേ കുഴപ്പം ഉണ്ട്. അതൊന്ന് ഇല്ലാണ്ടാക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?? ‘ എന്ന് ചോദിച്ചു.

   അത്ഭുതത്തോടെ ആൾ പറഞ്ഞു:

   ‘എന്ത്??? ഇത് പതിനായിരത്തിൽ ഒരാൾക്കുള്ള സംഗതിയാണ്. ഇത് കുഴപ്പമല്ല മോനേ.. സിദ്ധിയാണ്. നല്ല കാര്യമായി... ഇല്ലാതാക്കുകയല്ല, പരിപോഷിപ്പിക്കുകയാണ് വേണ്ടത്‘

   ‘അമേരിക്കയിൽ ഉള്ള മക്കൾക്ക് അപകടം പറ്റിയെന്ന് സ്വപ്നം കണ്ട് അമ്മ ചാടിയെണീക്കുമ്പോൾ, അപകട വിവരവുമായി ഫോൺ വന്നതിനെ പറ്റി ഈയടുത്ത് പത്രത്തിൽ വാർത്ത വന്നിരുന്നല്ലൊ?‘

   ‘സ്വാമി വിവേകാനന്ദൻ പ്രസംഗത്തിനിടക്ക്, തെല്ലിട മൗനിയായി നിന്ന്, ‘ക്ഷമിക്കണം, എന്റെ മാതാവ് മരിച്ചിരിക്കുന്നു!‘ എന്ന് പറഞ്ഞതും കേട്ടില്ലേ??

   ഞാൻ പറഞ്ഞു:

   ‘അതൊന്നും ഞാൻ കേട്ടിട്ടില്ല. പക്ഷെ, സ്വപ്നം കണ്ടത് മുഴുവൻ നടക്കുകയാണെങ്കിൽ എനിക്ക് പ്രശ്നമില്ലായിരുന്നു, ഇത് വണ്ടി ആക്സിഡന്റാവുന്നതും ആളുകൾ ചാവുന്നതും തുടങ്ങിയത് മാത്രേ നടക്കുന്നുള്ളൂ.... പൂനം ദാസ് ഗുപ്തയുടെ കൂടെ ഏതോ ഒരു കടലിൽ ജെറ്റ് സ്കീയിങ്ങ് നടത്തുന്നതും തമിഴ് നടി റോജയെ കല്യാണം കഴിക്കുന്നതും ഒന്നും നടക്കുന്നില്ല‘

   അപ്പോൾ ആൾ “അത് പിന്നെ, വാർത്തയുടെ ഇടക്ക് പരസ്യവും കാണിക്കും. അത്രേ ഉള്ളൂ!“ എന്ന് പറഞ്ഞു.

   (സീരിയസ്സായി ഒരു കാര്യം പറഞ്ഞോണ്ടിരിക്കേ പൂനം ദാസ് വന്നപ്പോൾ ആ ഫ്ലോ അങ്ങട് പോയി. ഈ തലച്ചോറിനെ കൊണ്ട് ഞാൻ തോറ്റു!)

   ആൾ തുടർന്ന് പറഞ്ഞു. ടെലിപ്പതി എന്നാണ് ഇതിനെ പറയുന്നത്. പ്രാക്റ്റീസ് ചെയ്യുകയാണെങ്കിൽ ഇതിന്റെ കപ്പാസിറ്റി കൂട്ടാം. അല്ലെങ്കിൽ അത് തനിയെ ഇല്ലാതാവും. എന്തായാലും ഈ നമ്പറിൽ എന്നെ വിളിച്ചിട്ട് ഓഫീസിലേക്ക് വരുക, വിശദമായി അവിടെയിരുന്ന് സംസാരിക്കാം.

   ആൾടെ ഉദ്ദേശം എന്താണ് എന്ന് അത്ര ക്ലിയറല്ലാത്തോണ്ട്, ഞാൻ ആളെ വിളിക്കാനും കാണാനും പോയില്ല, പക്ഷെ, ആൾ പറഞ്ഞത് ശരിയായി. കരച്ചിൽ സ്വപ്നങ്ങൾ കാണൽ നിന്നു.

   പക്ഷെ, മറ്റു സ്വപ്നങ്ങൾ ഇഷ്ടമ്പോലെ കാണൽ തുടർന്നു. ഒരിക്കലും സംഭവിക്കില്ലാന്ന് സ്വപ്നം അവസാനിക്കുമ്പോൾ തന്നെ തോന്നുന്നവ.

   ബ്ലോഗിൽ പൂണ്ട് വിളയാടിയിരുന്ന കാലത്ത് അതെഴുതാൻ മാത്രമായി ‘സ്ക്രാപ്പ് സ്വപ്നങ്ങൾ‘ എന്നൊരു ബ്ലോഗ് തുടങ്ങിയിരുന്നു. പിന്നെ പിന്നെ കാണലും നിന്നു, എഴുതലും നിന്നു.

   ഇപ്പോൾ, നമ്മുടെ ‘സമ്പൂർണ്ണത്തിൽ‘ ചേർക്കാനായി വീണ്ടും വായിച്ചതുകൊണ്ടാണോ എന്തോ...

   കഴിഞ്ഞ രണ്ടാഴ്കയായി സ്ക്രാപ്പ് സ്വപ്നങ്ങൾ വീണ്ടും റിലീസായി തുടങ്ങിയിട്ടുണ്ട്.

   പഴയ ഗുമ്മില്ല, എന്നാലും ടെമ്പോ അറിയാൻ ഒന്നു രണ്ടെണ്ണം സാമ്പിൾ ഇവിടെ പൂശിയേക്കാം... ല്ലേ?

   ശേഷം സ്ക്രാപ്പിൽ. :)'

   First published: