ഏറിയ പങ്ക് ആളുകളും നല്ല ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളില്‍ (Restaurants) നിന്ന് ആഹാരം (Food) കഴിക്കാൻ താല്‍പര്യപ്പെടുന്നവരാണ്. എന്നാല്‍ ഒട്ടുമിക്ക റെസ്റ്റോറന്റുകളിലും ഭക്ഷണത്തിന് ഓര്‍ഡര്‍ (Order) നല്‍കിയാല്‍ 20-30 മിനിറ്റോളം നമുക്ക് കാത്തിരിക്കേണ്ടി വരാറുണ്ട്. ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണം പാചകം ചെയ്യുന്ന റെസ്റ്റോറന്റുകളാണെങ്കില്‍ ഭക്ഷണത്തിനായുള്ള കാത്തിരിപ്പ് പിന്നെയും നീളാന്‍ സാധ്യതയുണ്ട്. ഒരു റെസ്റ്റോറന്റിനെ വിലയിരുത്തുന്നതിന് ഭക്ഷണത്തിന്റെ രുചി, ആതിഥ്യ മര്യാദ, വൃത്തി തുടങ്ങി നിരവധി മാനദണ്ഡങ്ങൾ ഉണ്ട്. ഓർഡർ ചെയ്ത് കഴിഞ്ഞാൽ ഭക്ഷണം മേശയിലേക്ക് എത്താനുള്ള സമയവും അതിൽ ഉൾപ്പെടുന്നു.
ഈ സ്പാനിഷ് റെസ്റ്റോറന്റിന്റെ പ്രത്യേകത, നിങ്ങള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ തല്‍ക്ഷണം അത് മേശയിലെത്തും എന്നതാണ്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും വേഗത്തില്‍ ഭക്ഷണം നല്‍കുന്നതിന്റെ പേരിൽ റെക്കോർഡ് നേടിയിട്ടുള്ള ഭക്ഷണശാലയാണ് സ്‌പെയിനിലെ കാര്‍നെ ഗാരിബാള്‍ഡി (Karne Garibaldi) റെസ്റ്റോറന്റ്.
ഓര്‍ഡര്‍ നല്‍കി വെറും 13.4 സെക്കന്‍ഡിനുള്ളിൽ ഭക്ഷണം ഉപഭോക്താവിന്റെ മേശയിലെത്തിക്കുന്ന ഈ റെസ്റ്റോറന്റ് ഇപ്പോള്‍ ഗിന്നസ് ബുക്കിലും ഇടം പിടിച്ചിട്ടുണ്ട്. മിന്നല്‍ വേഗത്തില്‍ ഭക്ഷണ വിതരണം നടത്തുന്നതിന് കാര്‍നെ ഗാരിബാള്‍ഡിയ്ക്ക് മറ്റ് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. റെസ്റ്റോറന്റ് സന്ദര്‍ശിച്ച ഉപഭോക്താക്കള്‍ ഓര്‍ഡര്‍ നല്‍കിയത് മുതൽ അത് മേശപ്പുറത്ത് എത്തുന്നതുവരെയുള്ള സമയം എല്ലായ്‌പ്പോഴും 13-14 സെക്കന്‍ഡുകൾ മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
കാര്‍നെ ഗാരിബാള്‍ഡി റെസ്റ്റോറന്റില്‍ പ്രധാനമായും സ്പാനിഷ്, മെക്‌സിക്കന്‍ വിഭവങ്ങളാണ് ലഭിക്കുക. ഈ വിഭവങ്ങളില്‍ പലതും കുറഞ്ഞ തീയില്‍ മണിക്കൂറുകളോളം സമയമെടുത്ത് പാകം ചെയ്യുന്നവയാണ്. ഇവിടുത്തെ എല്ലാ വിഭവങ്ങളും റെസ്റ്റോറന്റ് തുറക്കുന്നതിന് വളരെ മുമ്പു തന്നെ തയ്യാറാക്കിവെയ്ക്കും. അതുകൊണ്ടാണ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഈ ഭക്ഷണങ്ങള്‍ ഉപഭോക്താവിന് വിളമ്പാൻ കഴിയുന്നത്.
Also Read-
Astrology| January 14: ജോലിയിൽ വിജയം കൈവരിക്കും, ഇഷ്ട വ്യക്തിയെ കണ്ടുമുട്ടും; ഇന്നത്തെ ദിവസ ഫലമറിയാം''വെയിറ്റര്‍മാര്‍ തമ്മിലുള്ള ഒരു മത്സരം എന്ന നിലയ്ക്കാണ് അധികം സമയമെടുക്കാതെ ഭക്ഷണം വിളമ്പാൻ ആരംഭിച്ചത്. ആര്‍ക്കാണ് വേഗത്തില്‍ ഭക്ഷണം വിളമ്പാന്‍ കഴിയുക എന്നതായിരുന്നു അവരുടെയിടയിലെ സൗഹൃദ മത്സരം. ഇത് ഒടുവില്‍ റസ്റ്റോറന്റിന്റെ നയമായി പരിണമിക്കുകയായിരുന്നു'', കാര്‍നെ ഗാരിബാള്‍ഡി റെസ്റ്റോറന്റിന്റെ മാനേജർ വൈസ് മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വെറും 14 സെക്കന്‍ഡിനുള്ളില്‍ ഭക്ഷണം മേശയില്‍ എത്തിക്കുക എന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തുതന്നെയാലും കാര്‍നെ ഗാരിബാള്‍ഡിയില്‍ വന്ന് ഓര്‍ഡര്‍ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് പരാമവധി ഒരു മിനിറ്റിനുള്ളില്‍ ഭക്ഷണം വിളമ്പുക എന്നത് ഇവിടുത്തെ നയമാണെന്നാണ് റെസ്റ്റോറന്റ് അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ റെസ്റ്റോറിലെ ഡെലിവറി വേഗതയറിഞ്ഞ് അത് നേരിട്ടറിയാൻ ധാരാളം ആളുകള്‍ ഇവിടെ എത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.