• HOME
  • »
  • NEWS
  • »
  • buzz
  • »
  • Crows to pick up Cigarette Butts | സ്വീഡിഷ് തെരുവുകളിൽ ഇനി കാക്കകൾ സിഗരറ്റ് കുറ്റികള്‍ പെറുക്കും; മാലിന്യനിർമാർജനത്തിന് നൂതനാശയം

Crows to pick up Cigarette Butts | സ്വീഡിഷ് തെരുവുകളിൽ ഇനി കാക്കകൾ സിഗരറ്റ് കുറ്റികള്‍ പെറുക്കും; മാലിന്യനിർമാർജനത്തിന് നൂതനാശയം

മെഷീനിൽ നിക്ഷേപിക്കുന്ന ഓരോ സിഗരറ്റ് കുറ്റിക്കും ഭക്ഷണം കൂലിയായി നല്‍കിയാണ് കാക്കകളെ ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്.

  • Share this:
    തെരുവുകളിലും റോഡുകളിലും കാണപ്പെടുന്ന പ്രധാന മാലിന്യങ്ങളില്‍ ഒന്നാണ് സിഗരറ്റ് കുറ്റികള്‍ (Cigarette Butts). ഇവ ശേഖരിക്കുന്നത് മറ്റ് മാലിന്യങ്ങളെ അപേക്ഷിച്ച് ബുദ്ധിമുട്ടും ചെലവുമേറിയ കാര്യമാണ്. റോഡുകളിലും തെരുവുകളിലും പറ്റിപിടിച്ച് കിടക്കുന്ന ഈ സിഗരറ്റു കുറ്റികള്‍ നമുക്ക് പല തരത്തിലും ദോഷകരമാണ്. ഈ സാഹചര്യത്തിലാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി നഗരത്തിലെ തെരുവുകളില്‍ നിന്നും ചത്വരങ്ങളില്‍ നിന്നും സിഗരറ്റ് കുറ്റികള്‍ കാക്കകളെ (Crows) ഉപയോഗിച്ച് പെറുക്കിയെടുക്കാൻ ഒരു സ്വീഡിഷ് സ്റ്റാര്‍ട്ടപ്പ് (Swedish Startup) ഒരുങ്ങുന്നത്.

    ഇതിനായി സ്റ്റോക്ക്ഹോമിനടുത്തുള്ള സോഡര്‍ട്ടാല്‍ജെയിൽ ഒരു പ്രത്യേക മെഷീനും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. ഈ മെഷീനിൽ നിക്ഷേപിക്കുന്ന ഓരോ സിഗരറ്റ് കുറ്റിക്കും ഭക്ഷണം കൂലിയായി നല്‍കിയാണ് കാക്കകളെ ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. ''അവർ സ്വമേധയാ ഈ ദൗത്യം നിർവഹിക്കുന്നതാണ്'', ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്ന കോര്‍വിഡ് ക്ലീനിംഗ് എന്ന കമ്പനിയുടെ സ്ഥാപകൻ ക്രിസ്റ്റ്യന്‍ ഗുന്തര്‍-ഹാന്‍സെന്‍ പറഞ്ഞു.

    സ്വീഡനിലെ തെരുവുകളില്‍ ഓരോ വര്‍ഷവും ഒരു ബില്യണിലധികം സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയപ്പെടുന്നതായി ദി കീപ് സ്വീഡന്‍ റ്റൈഡി ഫൗണ്ടേഷന്‍ പറയുന്നു. ഇത് മൊത്തം മാലിന്യങ്ങളുടെ 62 ശതമാനത്തോളം വരും. തെരുവ് ശുചീകരണത്തിനായി 20 മില്ല്യണ്‍ സ്വീഡിഷ് ക്രോണര്‍ (£1.6m) ആണ് സോഡര്‍ട്ടാല്‍ജെ ചെലവഴിക്കുന്നത്. അതിനാല്‍ നഗരത്തില്‍ സാധാരണ നിലയിൽ സിഗരറ്റ് കുറ്റികള്‍ പെറുക്കി മാറ്റുന്നതിനുള്ള ചെലവിന്റെ 75 ശതമാനമെങ്കിലും ലാഭിക്കാന്‍ ഈ രീതിയിലൂടെ കഴിയുമെന്ന് ഗുന്തര്‍-ഹാന്‍സെന്‍ കണക്കാക്കുന്നു.

    കോര്‍വിഡ് പക്ഷികളുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ന്യൂ കാലിഡോണിയന്‍ കാക്കകള്‍ ഏഴ് വയസ്സുള്ള ഒരു മനുഷ്യന് സമാനമായ രീതിയിൽ പ്രതികരിക്കാനും പഠിക്കാനും കഴിവുള്ളവയാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഈ ജോലി ഏറ്റെടുക്കാൻ അനുയോജ്യമായ പക്ഷികളാണ് അവയെന്ന് ഗുന്തര്‍-ഹാന്‍സെന്‍ പറഞ്ഞു. ''അവരെ പഠിപ്പിക്കാന്‍ എളുപ്പമാണ്, അവര്‍ക്ക് മറ്റുള്ളവയെക്കാള്‍ പഠിക്കാനുള്ള അവസരവുമുണ്ട്. അവര്‍ അബദ്ധവശാൽ മറ്റെന്തെങ്കിലും ചവറുകള്‍ കഴിക്കുന്നതിനുള്ള അപകടസാധ്യതയും കുറവാണ്.'', അദ്ദേഹം കൂട്ടിച്ചേർത്തു.

    നിലവില്‍ സിഗരറ്റ് കുറ്റികള്‍ എടുക്കുന്നതിനുള്ള ചെലവ് ഏകദേശം 80 ഓറോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ആണ്. ചിലര്‍ രണ്ട് ക്രോണര്‍ എന്നും പറയുന്നു. കാക്കകള്‍ സിഗരറ്റ് കുറ്റികള്‍ പെറുക്കുമ്പോൾ ഒരു സിഗരറ്റ് കുറ്റിക്ക് 20 ഓറോയായിരിക്കും മുനിസിപ്പാലിറ്റിയുടെ ലാഭം. സോഡര്‍ട്ടാല്‍ജെ നഗരത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കുന്നതിന് മുമ്പായി ഒരു പൈലറ്റ് പ്രോജക്റ്റ് നടപ്പിലാക്കി വരികയാണ്.
    Published by:Sarath Mohanan
    First published: