മൃഗങ്ങളെ വീട്ടില്‍ വളര്‍ത്താനും അവരോടൊപ്പം സമയം ചെലവിടാനും ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. നായ്ക്കള്‍, പൂച്ചകള്‍ എന്നിങ്ങനെയുള്ള മൃഗങ്ങളെയാണ് കൂടുതല്‍ ആളുകളും വീട്ടില്‍ വളര്‍ത്താറുള്ളത്. മനുഷ്യരുമായി വലിയ ആത്മബന്ധവും ഇത്തരം മൃഗങ്ങള്‍ക്ക് ഉണ്ടാകാറുണ്ട്. എന്നാല്‍ കാട്ടിലെ ഒരു ഭീമന് കരടിയുമായി അപൂര്‍വ്വമായ സൗഹൃദ ബന്ധം സ്ഥാപിച്ചിരിക്കുകയാണ് റഷ്യന്‍ യുവതിയായ വെറോണിക്ക ദിക്ക്ച്ച.
കാണുന്ന ആരിലും ഭീമന് കരടി ഭയം ജനിപ്പിക്കും എങ്കിലും വെറോണിക്കക്ക് ഇവന് അടുത്ത സുഹൃത്താണ്. വെറോണിക്കക്ക് ഒപ്പം സദാ സമയവും കരടിയുണ്ടാകും. ഭക്ഷണം കഴിക്കലും, മീന്‍ പിടുത്തവും, നോവോസിബിര്‍സ്ക് തടാകത്തിലൂടെയുള്ള ബോട്ട് യാത്രയും എന്നു വേണ്ട ഉറക്കം പോലും ഇരുവരും ഒരുമിച്ചാണ്. ഭീമന് കരടിക്ക് ആര്‍ച്ചി എന്ന പേരും വെറോണിക്ക നല്‍കിയിട്ടുണ്ട്.
2019 ലാണ് ഇരുവരും കണ്ടു മുട്ടുന്നത്. സഫാരി പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തിയ വെറോണിക്ക ഒരു അപകടത്തില്‍ നിന്നും കരടിയെ രക്ഷിക്കുകയായിരുന്നു. കരടിക്ക് ഒപ്പം കൂടുതല്‍ സമയം ചെലവഴിച്ചതോടെ ഇരുവരും സുഹൃത്തുക്കളായി മാറി. ബോട്ടില്‍ മീന്‍ പിടിക്കാനും മറ്റും കരടിയുമായി വെറോണിക്ക പോയതോടെ ബന്ധം കൂടുതല്‍ ദൃഡമായി. ഇന്ന് പിരിയാന്‍ കഴിയാത്ത തരത്തില്‍ സുഹൃത്തുക്കളാണ് വെറോണിക്കയും ആര്‍ച്ചി എന്ന കരടിയും. വലിയൊരു ബന്ധം താനും ആര്‍ച്ചയുമായി ഉണ്ടായിരിക്കുന്നു എന്നു, ഞങ്ങള്‍ പരസ്പരം ഇഷ്ട്ടപ്പെടുന്നു എന്നും വെറോണിക്ക പറയുന്നു.
സാധാരണ ഗതിയില്‍ മനുഷ്യരുമായി അടുപ്പം കാണിക്കുന്ന മൃഗമല്ല കരടികള്‍. പലപ്പോഴും കരടിയുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ പോലും ഉണ്ടാകാറുണ്ട്. എന്നാല്‍ തങ്ങള്‍ രണ്ടു പേരുടെയും കാര്യത്തില്‍ യാതൊരു പ്രശ്നവും ഒരിക്കലും ഉണ്ടാകില്ല എന്നും ഈ സുഹൃത്ത് ബന്ധം എല്ലാക്കാലവും തുടരും എന്നും വെറോണിക്ക ഉറപ്പിച്ച് പറയുന്നു.
''ഞാന്‍ ഒരു കുടുംബാംഗത്തെ പോലെയാണ് ആര്‍ച്ചിയുമായി ഇടപഴകുന്നത്. ഞങ്ങള്‍ ഭക്ഷണം പങ്കുവെക്കുന്നു, എന്റെ കയ്യില്‍ കിടന്ന് അവന് ഉറങ്ങുകയും ചെയ്യുന്നു. എന്തെങ്കിലും പേടി തോന്നിയാല്‍ എന്റെ പിറകില്‍ അവന് ഒളിക്കാന്‍ ശ്രമിക്കുന്നു. എന്നെ സ്വന്തം അമ്മയെ പോലെ ആര്‍ച്ചി കാണുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്,'' വെറോണിക്ക വിവരിച്ചു.
ആര്ച്ചിയുമായുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും വെറോണിക്ക പങ്കുവെക്കാറുണ്ട്. ആര്‍ച്ചിയും ഒത്ത് ബോട്ടില്‍ പോയി മീന്‍ പിടിക്കുന്നതിന്റെയും, ആര്‍ച്ചിയുടെ സ്നേഹ പ്രകടനങ്ങളുടെയും ഫോട്ടോകളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ വെറോണിക്ക പങ്കു വച്ചിട്ടുണ്ട്. വലിയ പ്രചാരം സോഷ്യല്‍ മീഡിയയില്‍ ഇവക്ക് ലഭിക്കാറുണ്ട്. ഏറെ അപകടകമായി കണക്കാക്കുന്ന കരടി പോലുള്ള മൃഗങ്ങളുമായി ഇടപഴകുന്ന വെറോണിക്കയുടെ ധൈര്യത്തെ മിക്ക ആളുകളും പുകഴ്ത്തുന്നു. കരടിയുമൊത്തുള്ള ഫോട്ടോ ഷൂട്ടിനെ അത്ഭുതത്തോടെ നോക്കി കാണുന്നവരും ഏറെയാണ്. 16,500 ഫോളോവേഴ്സാണ് വെറോണിക്കക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. കുതിരക്കും നായ്ക്കള്‍ക്കും ഒപ്പമുള്ള ധാരാളം ഫോട്ടോകളും വീഡിയോകളും ഇവരുടെ ഇന്‍സ്റ്റഗ്രാമില്‍ കാണാനാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.