പൂർണ ആരോഗ്യമുള്ളവർക്ക് പോലും തലകുത്തി നിന്ന് ശരീരം ബാലൻസ് ചെയ്ത് നിർത്താൻ വളരെ പ്രയാസമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഇരു കാലുകളും മുറിച്ചു മാറ്റിയ ഒരു യുവതി തലകുത്തി നിന്ന് യോഗ ചെയ്യുന്നതാണ്. പശ്ചിമ ബംഗാളിലെ ബാരക്പൂരിലുള്ള അർപിത റോയി എന്ന പെൺകുട്ടിയാണ് വീഡിയോയിൽ തല തറയിൽ കുത്തി നിന്ന് യോഗാഭ്യാസം നടത്തുന്നത്. 2006 ൽ ഉണ്ടായ ഒരു അപകടത്തിലാണ് ഇവർക്ക് കാലുകൾ നഷ്ടപ്പെട്ടത്.
കൃത്രിമ അവയവങ്ങളില്ലാതെ മുറിച്ച് മാറ്റിപ്പെട്ട കാലുകൾ സ്വയം കാണിക്കുന്നതെന്തിന് എന്ന് തനിയ്ക്ക് ചില ട്രോളുകൾ വന്നുവെന്ന് അർപിത തന്നെ തന്റെ വീഡിയോ പോസ്റ്റിന്റെ അടിക്കുറിപ്പിൽ കുറിച്ചിട്ടുണ്ട്. കാലുകൾ മുറിച്ച് മാറ്റേണ്ടി വന്ന ദാരുണമായ അപകടമാണ് തനിയ്ക്കുണ്ടായതെന്നും അത് തന്റെ തെറ്റല്ലെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ, അപകടങ്ങളും നിർഭാഗ്യകരമായ സംഭവങ്ങളും ആർക്കും സംഭവിക്കാമെന്നും ആളുകൾ ദയ കാണിക്കണമെന്നും യോഗ പരിശീലക കൂടിയായ അർപിത കുറിച്ചു. തന്റെ ശരീരത്തെക്കുറിച്ച് ഓർത്ത് ലജ്ജ ഇല്ലെന്നും സോഷ്യൽ മീഡിയയിൽ കാണിക്കാൻ താൻ വ്യാജ ജീവിതം നയിക്കുന്നില്ലെന്നും അർപിത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
2006 ഏപ്രിലിലാണ് തന്റെ ജീവിതത്തിലെ ആ കറുത്ത ദിനം സംഭവിച്ചതെന്നാണ് ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവെ അർപിത, പറഞ്ഞു. ബൈക്കിൽ നിന്ന് വീണ അർപിതയുടെ കാലുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. പരിക്ക് വളരെ ഗുരുതരമായതിനാൽ ഡോക്ടർമാർക്ക് അവളുടെ കാലുകൾ മുറിച്ചുമാറ്റുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു. കാലുകൾ മുറിച്ച് മാറ്റിയതിന് ശേഷം അടുത്ത നാല് മാസം അർപിത ആശുപത്രി കിടക്കയിൽ തന്നെ ഒതുങ്ങുകയായിരുന്നു. എന്നാൽ പിന്നീട് തന്റെ ജീവിതം തിരിച്ചു പിടിച്ചതിനെക്കുറിച്ചും അർപിത ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ചു.
View this post on Instagram
ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവളുടെ യഥാർത്ഥ യാത്ര ആരംഭിച്ചത്. ക്രമേണ വയ്പ്പുകാലുകളിൽ നടക്കാൻ പഠിച്ചു. ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പലരും അവളെ തുറിച്ചുനോക്കാൻ തുടങ്ങിയെന്നും സമൂഹം തന്നോട് ദയ കാണിച്ചില്ലെന്നും അർപിത പറയുന്നു. ചിലർ അവളെ ഭാരമായി കണ്ടു. ഇതിൽ നിന്നെല്ലാം ശ്രദ്ധ തിരിക്കുന്നതിനായി വർക്ക് ഔട്ടുകൾ ഉൾപ്പെടെ വ്യത്യസ്തമായ പല കാര്യങ്ങളും പരീക്ഷിച്ചു.
Also Read-സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് പുറത്തു കടന്ന് രാജ്യം; ഒക്ടോബർ-ഡിസംബർ പാദത്തിൽ 0.4 ശതമാനം വളർച്ച നേടി
ഒടുവിൽ അവൾ യോഗയിൽ അവളുടെ സ്ഥാനം കണ്ടെത്തി. യോഗ ചെയ്യുന്നത് അവളുടെ ശാരീരിക ക്ഷമതയെ മാത്രമല്ല, മാനസികമായും സഹായിച്ചുവെന്ന് അർപിത പറയുന്നു. ക്രമേണ, യോഗയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ തുടങ്ങി. പരിശീലന സെഷനുകളിലെ ചില വീഡിയോകൾ പോസ്റ്റുചെയ്യാൻ തുടങ്ങി. താമസിയാതെ, ചില പ്രശസ്ത കായികതാരങ്ങളും മറ്റും അർപിതയുടെ സോഷ്യൽ മീഡിയയിലെ വീഡിയോകളും മറ്റും കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. ചില മത്സരങ്ങളിൽ വിജയിച്ചതോടെ യോഗ ജേണൽ, ആംപ്യൂട്ടി കോളിഷൻ എന്നിവിടങ്ങളിൽ അർപിതയെക്കുറിച്ച് വാർത്തകളും നിറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Life positive, West bengal, Yoga