നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പതിനേഴു വര്‍ഷത്തെ ഒളിവുജീവിതത്തിന് വിട; 'ഇന്ദിര'യെ കൊണ്ടുപോകാന്‍ അവകാശികളെത്തി

  പതിനേഴു വര്‍ഷത്തെ ഒളിവുജീവിതത്തിന് വിട; 'ഇന്ദിര'യെ കൊണ്ടുപോകാന്‍ അവകാശികളെത്തി

  പാലക്കാട്- കോഴിക്കോട് റൂട്ടില്‍ ഊര്‍ജസ്വലതയോടെ ഓടിയിരുന്ന ബസാണ് ഇന്ദിര. ഇന്ദിരയുടെ ഒളിവു ജീവിതത്തിന് പിന്നില്‍ ഒരു കഥയുണ്ട്.

  Indira Bus

  Indira Bus

  • Share this:
   പാലക്കാട്: പതിനേഴു വര്‍ഷത്തെ 'ഇന്ദിര'യുടെ ഒളിവുജീവിതം അവസാനിച്ചിരിക്കുകയാണ്. ഇന്ദിര മനുഷ്യനല്ല വര്‍ഷങ്ങള്‍ക്കു മുമ്പ് പാലക്കാട്- കോഴിക്കോട് റൂട്ടില്‍ ഊര്‍ജസ്വലതയോടെ ഓടിയിരുന്ന ബസാണ് ഇന്ദിര. ഇന്ദിരയുടെ ഒളിവു ജീവിതത്തിന് പിന്നില്‍ ഒരു കഥയുണ്ട്.

   തമിഴ്‌നാട് സ്വദേശിയായിരുന്നു ഇന്ദിര ബസിന്റെ ഉടമ. ബസുടമ ബസ് പണയംവച്ച് ഫൈനാന്‍സ് എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതുകൊണ്ട് ബസ് പിടിച്ചെടുക്കുമെന്ന ഘട്ടം വന്നപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തും ബസ് ഉടമയുമായ ഒരു വ്യക്തിയുടെ പറമ്പില്‍ ഇന്ദിര എന്ന ബസ് കയറ്റിയിട്ടു. ഫൈനാന്‍സ് തീര്‍ത്താല്‍ ബസ് എടുത്തു കൊണ്ടു പോകാമെന്നായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും പിന്നീട് നടന്നില്ല.

   ഇതുകൂടാതെ ടാക്‌സ്, ഇന്‍ഷുറന്‍സ് എന്നീ ഇനത്തിലും വലിയൊരു തുക കൂടിശിക വന്നു. ഇതോടെ ബസ് റൂട്ടിലിറക്കാന്‍ കഴിയാത്ത അവസ്ഥയായി. ചുരുക്കിപ്പറഞ്ഞാല്‍ ബസ് മുതലാളി പാപ്പരായി. വള്ളിച്ചെടികള്‍ പടര്‍ന്നും മഴയും വെയിലും കൊണ്ടും വണ്ടിയുടെ ഭാഗങ്ങളെല്ലാം തുരുമ്പ് പിടിച്ചു നശിച്ചു. സുഹൃത്തുക്കളായ ബസുടമകള്‍ തമ്മില്‍ ഫോണിലൂടെ സൗഹൃദം പങ്കുവയ്ക്കാറുണ്ടായിരുന്നു.

   ഒടുവില്‍ കഴിഞ്ഞ ആഴ്ച തമിഴ്‌നാട്ടില്‍ നിന്നും ബസുടമയുടെ അവകാശികളെത്തി ക്രെയിന്‍ ഉപയോഗിച്ച് കെട്ടിവലിച്ച് കൊണ്ടു പോയി. ഒളിസങ്കേതത്തിലേക്ക് ഓടിയെത്തിയ ഇന്ദിരയുടെ അസ്ഥിപഞ്ജരത്തിനു തുല്യമായ ഭാഗങ്ങള്‍ മാത്രമേ ഇന്ദിരയുടെ അവകാശികള്‍ക്കു കിട്ടിയുള്ളു.

   ഇത് ഒരു ബസ് മുതലാളിയുടെ മാത്രം കാര്യമല്ല. ഒട്ടേറെ പേര്‍ ബസ് വ്യവസായം മൂലം തകര്‍ന്നവരുണ്ട്. കൊറോണകാലം വന്നതോടെ ഒട്ടേറെ ബസ് മുതലാളിമാരാണ് ബസുകള്‍ കട്ടപ്പുറത്തു കയറ്റിയിട്ടിരിക്കുന്നത്. അവയില്‍ പലതിന്റെയും ഗതി ഇതു തന്നെയാവാം. കുതിച്ചുയരുന്ന ഇന്ധനവിലയും സ്വകാര്യ ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ സ്വകാര്യ ബസ് ഗതാഗതം തന്നെ ഇല്ലാതാവുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥന്‍ പറഞ്ഞു.
   Published by:Sarath Mohanan
   First published: