പട്ന: തെറ്റായ പ്രചരണങ്ങള്‍ ദിനം പ്രത് സമൂഹ മാധ്യമങ്ങളില്‍ വര്‍ദ്ധിച്ചു വരുന്നത് നാം കാണുന്നതാണ്. ഇത്തരം കിംവദന്തികളില്‍ വീണ് പോകുന്നവരും കുറവല്ല. ഇപ്പോഴിതാ പാര്‍ലെ-ജി ബിസ്കറ്റ് സംബന്ധിച്ചുള്ള കിംവദന്തി എത്തി നില്‍ക്കുന്നത് ബീഹാറിലെ വിചിത്രമായ ഒരു വാര്‍ത്തയിലാണ്.
സിതാമാര്‍ഹി ജില്ലയില്‍ കഴിഞ്ഞ ദിവസം പെട്ടെന്ന് പ്രദേശത്തെ കടകളില്‍ പാര്‍ലെ-ജി ബിസ്കറ്റിന് വന്‍തോതില്‍ ആവശ്യക്കാരേറി. ചെറിയ കടകളിലെയും സൂപ്പര്‍മാര്‍ക്കറ്റുകളിലെയും ബിസ്കറ്റ് പാക്കറ്റുകള്‍ ആളുകള്‍ കൂട്ടത്തോടെ വന്നു വാങ്ങാന്‍ തുടങ്ങിയതോടെ കടക്കാര് അമ്പരന്നു. വിശ്വാസികള്‍ക്കിടയില്‍ കാട്ടുതീ പോലെ പ്രചരിച്ച ഒരു കിംവദന്തിയാണ് ബിസ്കറ്റ് കച്ചവടക്കാര്‍ക്ക് ഗുണമായത്.
നോര്‍ത്ത് ഇന്ത്യയിലെ ബിഹാര്‍ ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് മൈഥിലി, മഗധി, ഭോജ്പുരി ഭാഷകള്‍ സംസാരിക്കുന്ന വിഭാഗങ്ങള്‍ക്കിടയിലുള്ള ആഘോഷമാണ് ജിതിയ. ഈ ആഘോഷവുമായി ബന്ധപ്പെട്ടാണ് വിശ്വാസികള്‍ക്കിടയില്‍ ഒരു കിംവദന്തി പ്രചരിച്ചത്.
ജിതിയ ആഘോഷ ദിവസങ്ങളില്‍ ആണ്‍കുട്ടികള്‍ പാര്‍ലെ ജി ബിസ്കറ്റ് കഴിക്കണമെന്നും കഴിക്കാതിരുന്നാല്‍ ജീവിതത്തില്‍ വലിയ ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു കിംവദന്തി. ഇത് ഒരു വിഭാഗം വിശ്വാസികള്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ജനങ്ങള്‍ തിക്കിത്തിരിക്കാന്‍ തുടങ്ങുകയും ചെയ്തു.
സിതാമാര്‍ഹി ജില്ലയിലെ ബൈര്‍ഗാനിയ, ധൈന്‍ഗ്, നാന്‍പുര്‍ ദുമ്ര, ബജ്പട്ടി എന്നീ പ്രദേശങ്ങളിലാണ് ബിസ്കറ്റിനായുള്ള ഈ നെട്ടോട്ടം ഉണ്ടായത്. ഈ പ്രചരണം പിന്നീട് അടുത്ത ജില്ലകളിലും അരങ്ങേറിയതോടെ പല കച്ചവടക്കാരും കരിഞ്ചന്തയില്‍ ബിസ്കറ്റ് വില്ക്കാന് തുടങ്ങി. അഞ്ച് രൂപയുടെ ബിസ്കറ്റ് 50 രൂപയ്ക്കു വരെ വില്‍പ്പനയ്ക്ക് വച്ചിരുന്നതായാണ് ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bihar, Fake news and rumours, Parle G