നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വാക്സിൻ സൂക്ഷിക്കാനായി രാജ്യത്തെ ഏറ്റവും ചെറിയ ഫ്രിഡ്ജ് നിർമ്മിച്ച് വിദ്യാർത്ഥി; വില 1500 രൂപ മാത്രം

  വാക്സിൻ സൂക്ഷിക്കാനായി രാജ്യത്തെ ഏറ്റവും ചെറിയ ഫ്രിഡ്ജ് നിർമ്മിച്ച് വിദ്യാർത്ഥി; വില 1500 രൂപ മാത്രം

  ഒരു സാധാരണ ഫ്രിഡ്ജിനു കുറഞ്ഞത് 15,000 രൂപ വില വരുമ്പോള്‍ കമല്‍ കിഷോര്‍ മാജി നിര്‍മ്മിച്ച മിനി ഫ്രിഡ്ജിന് 1000 മുതല്‍ 1500 വരെ മാത്രമാണ് വില.

  • Share this:
   രാജ്യത്തെ ഏറ്റവും ചെറിയ ഫ്രിഡ്ജ് നിര്‍മ്മിച്ച് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചിരിക്കുകയാണ് ഒഡീഷയിലെ ഭദ്രകില്‍ നിന്നുമുള്ള കമല്‍ കിഷോര്‍ മാജി എന്ന ബിടെക് വിദ്യാര്‍ത്ഥി. ലോക്ക്ഡൗണ്‍ കാലങ്ങളില്‍ വീടുകളിലേക്ക് ചുരുങ്ങിയപ്പോഴാണ് നമ്മളില്‍ പലരും നമ്മുടെ ഉള്ളിലുള്ള കലകളും കഴിവുകളും പുറത്തെടുക്കുകയും മികച്ചരീതിയില്‍ വരുമാനം ലഭിക്കുന്ന തരത്തിലേക്കുവരെ അത് ഉയര്‍ത്താന്‍ ശ്രമിക്കുന്നതും. ഇവിടെ കമല്‍ കിഷോര്‍ മാജി നിര്‍മ്മിച്ചിരിക്കുന്നത് രാജ്യത്തെ ഏറ്റവും ചെറിയ ഫ്രിഡ്ജാണ്. കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ സംഭരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും നേരിട്ട പ്രശ്‌നങ്ങള്‍ കണ്ടാണ് അവ സൂക്ഷിക്കാന്‍ സാധിക്കുന്ന കുഞ്ഞു ഫ്രിഡ്ജ് എന്ന ആശയം കമല്‍ കിഷോര്‍ മാജിയുടെ തലയിലുദിക്കുന്നത്.

   നിത്യോപയോഗത്തിനായി നമ്മള്‍ കൈകാര്യം ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങുടെ സാങ്കേതിക വശങ്ങള്‍ പഠിക്കാനും അതില്‍ പരീക്ഷണങ്ങള്‍ നടത്താനുമാണ് കമല്‍ കിഷോര്‍ മാജിക്ക് ഏറെയിഷ്ടം. കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ സൂക്ഷിക്കുന്നതിനും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള ബുദ്ധിമുട്ടുകള്‍ മനസിലാക്കിയപ്പോഴാണ് അതിനുള്ള എളുപ്പ മാര്‍ഗം ചിന്തിച്ചു തുടങ്ങിയതെന്ന് കമല്‍ പറയുന്നു. കൂടാതെ സ്വകാര്യ ഉപയോഗത്തിനായി ചെറുതും വിലകുറഞ്ഞതുമായ ഒരു ഫ്രിഡ്ജ് എന്ന ആശയവും ഉണ്ടായിരുന്നു.

   ഫ്രിഡ്ജ് നിര്‍മ്മിക്കാന്‍ വളരെയധികം പരിശ്രമിച്ചിരുന്നു എന്ന് കമല്‍ കിഷോര്‍ മാജി പറയുന്നു. ഫ്രിഡ്ജിന്റെ ബ്ലൂ പ്രിന്റ് തയ്യാറാക്കാനാണ് ഏറെ സമയം എടുത്തത്. ബ്ലൂ പ്രിന്റ് തയ്യാറാക്കി കഴിഞ്ഞ ശേഷം നിര്‍മ്മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ ശേഖരിച്ചു. ഇത് രണ്ടും ചെയ്തു കഴിഞ്ഞപ്പോള്‍ ബ്ലൂ പ്രിന്റ് അനുസരിച്ചുള്ള ഫ്രിഡ്ജ് നിര്‍മ്മിക്കാന്‍ എനിക്ക് രണ്ട് മണിക്കൂര്‍ മാത്രം വേണ്ടി വന്നുള്ളൂ എന്നാണ് കമല്‍ പറയുന്നത്.

   ലോക്ക്ഡൗണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നത് കമല്‍ കിഷോര്‍ മാജി എന്ന വിദ്യാര്‍ത്ഥിക്ക് ഒരു അനുഗ്രഹമായി. പഠനത്തിനുപുറമെ, തന്റെ പരീക്ഷണങ്ങള്‍ നടത്താന്‍ കമലിന് ലോക്ക്ഡൗണ്‍ ധാരാളം സമയം നല്‍കി.നിര്‍മ്മാണം എളുപ്പമായിരുന്നെന്നും എന്നാല്‍ രൂപകല്പനയ്ക്കും സാധനങ്ങള്‍ ശേഖരിക്കാനുമാണ് സമയമെടുത്ത് എന്ന് അദ്ദേഹം വ്യകതമാക്കുന്നു.

   അലുമിനിയം ഷീറ്റ്, തെര്‍മോകോള്‍, ഹീറ്റ് സിങ്ക്, തെര്‍മോ ഇലക്ട്രിക്കല്‍ മൊഡ്യൂള്‍, കൂളിംഗ് ഫാന്‍, സേഫ്റ്റി ഗ്രില്‍, സോക്കറ്റുകള്‍, എല്‍ഇഡികള്‍ എന്നിവയാണ് ചെറിയ റഫ്രിജറേറ്റര്‍ നിര്‍മ്മിക്കുന്നതിനുള്ള അടിസ്ഥാന വസ്തുക്കള്‍.
   ഏത് സാധാരണ യുപിഎസ് ബാറ്ററിയും ഉപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാമെന്നും എന്നാല്‍ കൂടുതല്‍ ഉപയോഗത്തിന് വേണമെങ്കില്‍ 12 വോള്‍ട്ട് കാര്‍ ബാറ്ററി ഉപയോഗിക്കാമെന്നും കമല്‍ പറഞ്ഞു. റീചാര്‍ജ് ചെയ്ത സൂക്ഷിക്കാവുന്ന ബാറ്ററി ഉള്ളതിനാല്‍ വൈദ്യുതി ലഭ്യമല്ലാത്ത ഏത് സ്ഥലത്തും ഇത് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   ഒരു സാധാരണ ഫ്രിഡ്ജിനു കുറഞ്ഞത് 15,000 രൂപ വില വരുമ്പോള്‍ കമല്‍ കിഷോര്‍ മാജി നിര്‍മ്മിച്ച മിനി ഫ്രിഡ്ജിന് 1000 മുതല്‍ 1500 വരെ മാത്രമാണ് വില. ഒഡീഷയിലെ ഭദ്രകില്‍ നിന്നുള്ള കൃഷ്ണ ചന്ദ്ര മാജിയുടെയും കുന്തള മാജിയുടെയും മകനാണു കമല്‍ കിഷോര്‍ മാജി. രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായ കമല്‍ നേരത്തെ മിനി വാക്വം ക്ലീനര്‍ നിര്‍മ്മിച്ചിരുന്നു. മിനി വാക്വം ക്ലീനര്‍ നിര്‍മ്മിച്ച് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡും കമല്‍ സ്വന്തമാക്കിയിട്ടുണ്ട്. ഭാവിയില്‍, ഒരു ബഹിരാകാശ ശാസ്ത്രജ്ഞനാകാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് കമല്‍ പറഞ്ഞു.
   First published: