• HOME
  • »
  • NEWS
  • »
  • buzz
  • »
  • Student | ഐപാഡിൽ 93 ശതമാനം മാത്രമേ ചാർജ്ജുള്ളൂ; വിദ്യാർഥിനിയെ ക്ലാസ്സിൽ നിന്ന് പുറത്താക്കി യുകെ സ്കൂൾ

Student | ഐപാഡിൽ 93 ശതമാനം മാത്രമേ ചാർജ്ജുള്ളൂ; വിദ്യാർഥിനിയെ ക്ലാസ്സിൽ നിന്ന് പുറത്താക്കി യുകെ സ്കൂൾ

ശുദ്ധ മണ്ടത്തരം എന്നല്ലാതെ സ്കൂൾ അധികൃതരുടെ തീരുമാനത്തെപ്പറ്റി മറ്റൊന്നും പറയാനാവില്ല. തൻെറ മകൾ യാതൊരു തെറ്റും ചെയ്തിട്ടില്ല. അനാവശ്യ ശിക്ഷയാണ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്; കുട്ടിയുടെ അമ്മ

  • Last Updated :
  • Share this:
    ഹോം വർക്ക് ചെയ്യാത്തതിനും ക്ലാസിൽ വൈകിയെത്തുന്നതിനുമൊക്കെ സാധാരണ അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കാറുണ്ട്. എന്നാൽ യുകെയിലെ ഒരു സ്കൂളിൽ വിചിത്രമായ കാരണത്തിന് ഒരു വിദ്യാർഥിനിയെ ക്ലാസ്സിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഐപാഡിൽ (iPad) 93 ശതമാനം മാത്രമേ ചാർജ്ജ് ഉള്ളൂവെന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയിരിക്കുന്നതെന്ന് അമ്മയായ സെലിന ട്വിറ്ററിലിട്ട പോസ്റ്റിൽ പറയുന്നു. കുട്ടിക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തത് അമ്മയെ ഞെട്ടിച്ചിരിക്കുകയാണ്. ഇത് ഒരുതരത്തിലും അനുകൂലിക്കാൻ സാധിക്കില്ലെന്നാണ് അവരുടെ നിലപാട്. “സ്കൂളിലെത്തുന്ന സമയത്ത് ഐപാഡിൽ 93 ശതമാനം ചാർജേയുള്ളൂവെന്ന് പറഞ്ഞ് എൻെറ മകൾക്കെതിരെ നടപടിയെടുത്തിരിക്കുകയാണ്,” സെലിന ട്വിറ്ററിൽ കുറിച്ചു.

    സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം വേണമെന്നാവശ്യപ്പെട്ട് സ്കൂളിലെ അസിസ്റ്റൻറ് ഹെഡിന് കുട്ടിയുടെ അമ്മ ഇ-മെയിൽ അയച്ചു. അതിലെ മറുപടിയും രസകരമാണ്. സ്കൂളിലെത്തുമ്പോൾ കുറഞ്ഞത് 97 ശതമാനം ചാർജ്ജ് ഐപാഡിൽ വേണമെന്ന് കുട്ടികളോട് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവും. അതാണ് ഇവിടെ സംഭവിച്ചിട്ടുള്ളതെന്നാണ് സ്കൂൾ അധികൃതരുടെ മറുപടി.

    താൻ സ്കൂളിനയച്ച ഇ-മെയിലിൻെറ സ്ക്രീൻ ഷോട്ടും കുട്ടിയുടെ അമ്മ മറ്റൊരു ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്. വിചിത്രമായ ഈ ശിക്ഷ എന്തൊരു മണ്ടത്തരമാണെന്നും അവർ പറഞ്ഞു. വിദ്യാർഥിയുടെ ട്യൂട്ടർക്കും ഇ-മെയിൽ അയച്ചിട്ടുണ്ട്. വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ താൻ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ സ്കൂളിൽ വരില്ലെന്നും കുട്ടിയുടെ അമ്മ ഇ-മെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്.

    “ഐ-പാഡിൽ 100 ശതമാനം ബാറ്ററി ഇല്ലെന്നത് എങ്ങനെയാണ് ഒരു കുട്ടിയെ ശിക്ഷിക്കുന്നതിനുള്ള കാരണമാവുന്നതെന്ന് താങ്കൾ വിശദീകരിക്കാമോ,” മെയിലിൽ അവർ ചോദിച്ചു. തൻെറ മകളുടെ ഐ-പാഡിൽ 93 ശതമാനം ചാർജ്ജേ ഉള്ളൂവെന്ന് കരുതി അവൾക്ക് അതു കൊണ്ട് പഠനത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. സ്കൂളിലുള്ള സമയം മുഴുവൻ നേരം ഐ-പാഡ് ഉപയോഗിച്ചാലും അതിലെ ചാർജ്ജ് തീർന്ന് പോവില്ലെന്നും അമ്മ വ്യക്തമാക്കി.

    ശുദ്ധ മണ്ടത്തരം എന്നല്ലാതെ സ്കൂൾ അധികൃതരുടെ തീരുമാനത്തെപ്പറ്റി മറ്റൊന്നും പറയാനാവില്ല. തൻെറ മകൾ യാതൊരു തെറ്റും ചെയ്തിട്ടില്ല. അനാവശ്യ ശിക്ഷയാണ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ഇത്തരം നിയമങ്ങൾ കുട്ടികളിൽ അനാവശ്യ ഭയം ഉണ്ടാക്കുന്നതിന് കാരണമാകുമെന്നും അമ്മ കൂട്ടിച്ചേർത്തു. ഒരു സ്കൂളിൻെറ അധികൃതരിൽ നിന്ന് ഇത്തരം വിശദീകരണങ്ങളല്ലെ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

    വിചിത്രമായ നിയമത്തിനെക്കുറിച്ച് കേട്ട് അന്തം വിട്ടിരിക്കുകയാണ് ട്വിറ്ററിൽ ഈ പോസ്റ്റ് വായിച്ചവർ. പെൻസിലിന് മൂർച്ച കുറഞ്ഞതിന് തൻെറ കുട്ടിക്ക് ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് ഒരു രക്ഷിതാവ് അനുഭവം പങ്കുവച്ചു. എന്നാൽ സ്കൂൾ അധികൃതരുടെ തീരുമാനത്തിൽ തെറ്റൊന്നുമില്ലെന്നാണ് മറ്റൊരു ട്വിറ്റർ യൂസറുടെ നിലപാട്. സ്കൂളിൽ വെച്ച് ഐ-പാഡ് ചാർജ്ജ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ചാർജ്ജ് കുറവായാൽ അവരുടെ പഠനത്തെയും ബാധിക്കും. അങ്ങനെയൊരു അവസ്ഥ ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് സ്കൂൾ അധികൃതർ ഇത്തരം നിയമങ്ങൾ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
    Published by:Amal Surendran
    First published: