സ്വതന്ത്രമായി വസിക്കുന്ന പക്ഷികളും മൃഗങ്ങളും പൊതുവെ മനുഷ്യരോട് അധികം അടുപ്പം സൂക്ഷിക്കാറില്ല. മിക്കപ്പോഴും ഈ പക്ഷികളും മൃഗങ്ങളും മനുഷ്യ സാന്നിദ്ധ്യം അറിയുമ്പോള്‍ തന്നെ അകന്നുപോകുകയോ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിനില്‍ക്കുകയോ ചെയ്യാറാണ് പതിവ്. എന്നാല്‍ ഇന്ത്യയുടെ ഹൃദയഭാഗത്തുള്ള സംസ്ഥാനമായ മധ്യപ്രദേശില്‍ നിന്ന് അപൂര്‍വമായ ഒരു സംഭവമാണ് ഇപ്പോൾ ഇന്റര്‍നെറ്റിൽ വൈറലായിരിക്കുന്നത്. ഗ്വാളിയോറിലെ ശാരദ ബല്‍ഗ്രാം വനത്തില്‍ ഒരു തത്തയുണ്ട്, അത് വനത്തിനടുത്തുള്ള സ്കൂളായ രാമകൃഷ്ണ വിദ്യാ മന്ദിറിലെ വിദ്യാര്‍ത്ഥികളുമായി വലിയ ചങ്ങാത്തത്തിലാണ്.
കുട്ടികളുമായുള്ള സഹവാസം ആസ്വദിക്കുകയും അവരുമായുള്ള സൗഹൃദബന്ധം ഇഷ്ടപ്പെടുകയും ചെയ്യുന്ന ഈ തത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും താരമായി മാറിയിരിക്കുകയാണ്. സ്കൂളിലേക്കും തിരിച്ചുപോകുമ്പോഴും ഈ തത്ത വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ചേരും. പോകുന്ന വഴി വിദ്യാര്‍ത്ഥികളുമായി കളിക്കുകയും അവരുടെ ബഹളങ്ങളില്‍ പങ്കുചേരുകയും ചെയ്യും. ''ഞങ്ങള്‍ എല്ലാ ദിവസവും സ്കൂളിലേക്ക് പോകുമ്പോള്‍ അവന് വരും, ഞങ്ങളുടെ തോളിലോ തലയിലോ ഇരിക്കും. വഴിയിലുടനീളം ഞങ്ങളോടൊപ്പം കളിക്കും'' സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളായ വിവേക് എഎന്‍ഐ-യോട് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ അവരുടെ വഴിയില്‍ എല്ലാ ദിവസവും തത്തയെ കണ്ടുമുട്ടുന്നത് പതിവാണെന്നും അവരുമായി കളിക്കാറുണ്ടെന്നും രാം കൃഷ്ണ വിദ്യാ മന്ദിര്‍ സൂപ്രണ്ട് ദീപക് ബേദി പറഞ്ഞു. ''ഈ തത്ത വളരെക്കാലമായി വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാറുണ്ട്. കുട്ടികള്‍ സ്കൂളില്‍ എത്തുമ്പോള്‍, അത് കുന്നുകള്‍ക്ക് മുകളിലൂടെ പറക്കുന്നത് കാണാം. തത്ത വിദ്യാര്‍ത്ഥികളുമായി കളിക്കുകയും അവരുടെ ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്.'' അദ്ദേഹം വിശദീകരിച്ചു. എഎന്‍ഐ ഒക്ടോബര്‍ ഒന്നിനായിരുന്നു ഈ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്.
As kids reach school, he flies over hills and joins them back on their way to the hostel. This parrot has been visiting them since long. In the hostel, the parrot plays with the students and eats their food: Deepak Bedi, Superintendent, Ram Krishna Vidya Mandir, Gwalior pic.twitter.com/ls0vPm3yTB
വിദ്യാര്‍ത്ഥികളുടെ ഒപ്പം കളിക്കുന്ന തത്തയുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കിട്ടതിനുശേഷം, ട്വീറ്റ് നാലായിരത്തോളം ആളുകള്‍ ലൈക്ക് ചെയ്യുകയും ഒട്ടേറേ പേര് കമന്റ് ഇടുകയും ചെയ്തു. തത്തയുടെയും കുട്ടികളുടെയും മനോഹരമായ ഈ ബന്ധത്തില്‍ ആകൃഷ്ടരായ നെറ്റിസണുകള്‍ അവരുടെ കമന്റുകളിലൂടെ അത് അറിയിക്കുകയും ചെയ്തു. കുട്ടികളും തത്തയും തമ്മിലുള്ള ബന്ധത്തെ 'കലര്‍പ്പില്ലാത്ത സ്നേഹം' എന്നും,' 'ഹൃദയം കവരുന്ന കാഴ്ചകള്‍', 'സുഹൃത്ത് ബന്ധം', 'ഉപാധികളില്ലാത്ത ബന്ധം' എന്നൊക്കെയിരുന്നു ട്വിറ്റര്‍ ഉപയോക്താക്കള്‍ വിശേഷിപ്പിച്ചത്.
അതേസമയം കൂട്ടിലിട്ട് വളര്‍ത്തിയ ഒരു തത്തയുടെ ചിത്രം കമന്റില്‍ പോസ്റ്റ് ചെയ്ത ഉപയോക്താവിനോട് ആ ചിത്രങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ചിലര്‍ വിമര്‍ശനങ്ങളുമായും രംഗത്തെത്തി. 'എനിക്ക് തത്തയെ ഇഷ്ടമാണ്, പക്ഷേ ആ ചിത്രം നീക്കം ചെയ്യുക. തത്തകളെ വളര്‍ത്തുമൃഗമായി പരിപാലിക്കുന്നത് നിയമവിരുദ്ധമാണ്' എന്നായിരുന്നു കമന്റ്.
ഇന്ത്യയില്‍ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍പ്പെട്ട പക്ഷികളാണ് തത്തകള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് തത്തകള്‍. അതിനാല്‍ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് തത്തകളെ വേട്ടയാടാനോ കൂടുകളില്‍ പാര്‍പ്പിക്കാനോ പാടില്ല.
അങ്ങനെ സംഭവിച്ചാല്‍, വന്യജീവി സംരക്ഷണ നിയമം ഒമ്പതാം വകുപ്പനുസരിച്ച് അത് മൂന്ന് വര്‍ഷം മുതല്‍ തടവ് ശിക്ഷയും 25000 രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്. വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍പ്പെട്ട പക്ഷികളെയോ ജീവികളെയോ കിട്ടുകയാണെങ്കില്‍ ബന്ധപ്പെട്ട അധികാരികളെ ഏല്‍പ്പിക്കണമെന്നതാണ് നിയമം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.