• HOME
  • »
  • NEWS
  • »
  • buzz
  • »
  • Book Tree | മരത്തിൽ നിന്നും പറിച്ചെടുക്കുന്നത് പുസ്തകങ്ങൾ; വേറിട്ട മാതൃകയുമായി പ്രൈമറി സ്കൂൾ

Book Tree | മരത്തിൽ നിന്നും പറിച്ചെടുക്കുന്നത് പുസ്തകങ്ങൾ; വേറിട്ട മാതൃകയുമായി പ്രൈമറി സ്കൂൾ

മരത്തിൽ ഏറ്റവും പുതിയതായി തൂക്കിയിട്ടിരിക്കുന്നത് 3-ഡി സ്റ്റോറി പുസ്തകങ്ങളാണ്. ഈ പുസ്തകങ്ങൾക്ക് ആവശ്യക്കാരേറെയാണ്.

  • Share this:
    വേറിട്ട മാതൃകയുമായി മഹാരാഷ്ട്രയിലെ (Maharashtra) നാ​ഗ്പൂരിലുള്ള ഗഡ്ചിരോളി ജില്ലയിലുള്ള ഒരു പ്രൈമറി വിദ്യാലയം. ഇവിടുത്തെ മരത്തിൽ നിന്ന് വിദ്യാർഥികൾ പറിച്ചെടുക്കുന്നത് മാമ്പഴമോ ആപ്പിളോ ഓറഞ്ചോ ഒന്നുമല്ല, അത് പുസ്തകങ്ങളാണ്. നക്സൽ ബാധിത പ്രദേശങ്ങളിലൊന്നായ ഭമ്രഗഡ് താലൂക്കിലെ കോയങ്കുട ZP പ്രൈമറി സ്കൂൾ (Koyanguda ZP primary school) ആണ് വിദ്യാർഥികൾക്കിടയിലെ വായനാശീലം വർധിപ്പിക്കാൻ ഈ വേറിട്ട ആശയവുമായി മുന്നോട്ട് വന്നത്. പഴങ്ങൾ കണക്കെയാണ് മരത്തിൽ പുസ്തകങ്ങൾ തൂങ്ങിക്കിടക്കുന്നത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വിദ്യാർഥികൾക്ക് പറിച്ചെടുക്കാം.

    "ഞങ്ങൾ ഈ മരത്തെ പുസ്തകാഞ്ച ജാഡ് (പുസ്തക മരം) എന്നാണ് വിളിക്കുന്നത്. വിദ്യാർത്ഥികളുടെ വായനയോടുള്ള താൽപര്യം വർധിപ്പിക്കുക എന്നതാണ് ഏക ഉദ്ദേശം. അതിനുള്ള ഏറ്റവും നല്ല മാർഗം അവർക്ക് ആവശ്യമുള്ളത് നൽകുക എന്നതാണ്. അതിനാൽ, സംഭാവനയായി ഞങ്ങൾക്ക് ലഭിച്ച, അവരുടെ പ്രായത്തിന് അനുയോജ്യമായ കഥാ പുസ്തകങ്ങൾ ആണ് ഇവിടെ തൂക്കിയിട്ടിരിക്കുന്നത്'', സ്കൂളിലെ അധ്യാപകനും പദ്ധതിയുടെ ആസൂത്രകരിൽ ഒരാളുമായ വിനീത് പത്മവാർ പറഞ്ഞു. കുട്ടികളുടെ ശ്രദ്ധാശേഷി പരിമിതമാണ്. അവർക്ക് ഒരേ കാര്യങ്ങൾ നൽകിക്കൊണ്ടിരുന്നാൽ ശരിയാകില്ല. അതുകൊണ്ടു തന്നെ അവർക്കിഷ്ടപ്പെടുന്ന രീതീയിൽ കാര്യങ്ങൾ വ്യത്യസ്തമായി അവതരിപ്പിക്കണം. ​ഗ്രാമങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ മനസിലാകുന്ന ഒരു ആശയമാണ് പുസ്തക മരം എന്നും വിനീത് കൂട്ടിച്ചേർത്തു.

    കാട്ടിൽ നിന്നോ ​ഗ്രാമത്തിലെ ഏതെങ്കിലും മരത്തിൽ നിന്നോ പഴങ്ങൾ പറിക്കുന്നതും ഭക്ഷിക്കുന്നതും ​ഗ്രാമവാസികൾക്കിടയിൽ സാധാരണമാണെന്നും വിനീത് പറയുന്നു. ''ഒരു പഴം പറിച്ചെടുക്കുമ്പോൾ അതിൽ സന്തോഷവും അതിന് മധുരം ഉണ്ടാകുമോ എന്ന ആശ്ചര്യവും ഒക്കെ അടങ്ങിയിരിക്കുന്നു. അതുപോലെ, ഒരു വിദ്യാർത്ഥി ഒരു പുസ്തകം പറിച്ചെടുക്കുമ്പോൾ ഉള്ളിലെ ഉള്ളടക്കം എന്തായിരിക്കുമെന്ന് അവനറിയില്ല'', വീനീത് പറഞ്ഞു. പുസ്തകങ്ങളുടെ കവർ നോക്കിയാണ് വിദ്യാർഥികൾ അവ പറിച്ചെടുക്കുന്നതെന്നും വിനീത് പറയുന്നു.

    മരങ്ങളോടും മരങ്ങളിൽ നിന്നും പഴങ്ങൾ പറിക്കുന്ന രീതിയോടും ബന്ധിപ്പിച്ചാണ് പുസ്തക മരവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും അധ്യാപകർ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മരത്തിൽ നിന്നും കിട്ടുന്ന പഴം മുഴുവനും തിന്നുന്നതുപോലെ തങ്ങൾ പറിച്ചെടുക്കുന്ന പുസ്തകങ്ങൾ മുഴുവനായും കുട്ടികൾ വായിക്കുന്നു. ഈ പുതുമയും ആവേശവും വായന എന്ന ശീലത്തെ മുൻപ് കണ്ടിരുന്നതിൽ നിന്നും വ്യത്യസ്തമായി കാണാൻ അവരെ സഹായിക്കുന്നു. മഴയോ പൊടിയോ ഏറ്റ് നശിക്കാൻ സാധ്യത ഉള്ളതിനാൽ പുസ്തകങ്ങൾ എപ്പോഴും പുറത്ത് വയ്ക്കാൻ കഴിയില്ല. അതിനാൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണയാണ് പുസ്തകങ്ങൾ മരത്തിൽ തൂക്കി ഇടുന്നത്. വിദ്യാർത്ഥികൾ ഇത് പരമാവധി ഉപയോ​ഗപ്പെടുത്തുകയും ചെയ്യുന്നു.

    മരത്തിൽ ഏറ്റവും പുതിയതായി തൂക്കിയിട്ടിരിക്കുന്നത് 3-ഡി സ്റ്റോറി പുസ്തകങ്ങളാണ്. ഈ പുസ്തകങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ''ആ പ്രത്യേക കണ്ണട ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കുട്ടികളിൽ അധികവും. ഓരോ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നത് കാണാനും അവർ ഇഷ്ടപ്പെടുന്നു'', വിനീത് പത്മവാർ കൂട്ടിച്ചേർത്തു.
    Published by:Sarath Mohanan
    First published: