നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘തല്ലി നന്നാക്കാൻ’ നോക്കേണ്ട; കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ദോഷം ചെയ്യുമെന്ന് പഠനം

  ‘തല്ലി നന്നാക്കാൻ’ നോക്കേണ്ട; കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ദോഷം ചെയ്യുമെന്ന് പഠനം

  നിരന്തരം ശാരീരിക ശിക്ഷകള്‍ നേരിടുന്ന കുട്ടികള്‍ ക്രൂരമായ അക്രമവാസന കാണിക്കുമെന്നതാണ് പഠനത്തില്‍ കണ്ട ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:


   അടി നല്‍കിയും മറ്റുമുള്ള ശാരീരിക ശിക്ഷകള്‍ കുട്ടികളുടെ സ്വഭാവ രീതി മെച്ചപ്പെടുത്താന്‍ ഉപകരിക്കില്ലെന്ന് പഠനം. മറിച്ച് ഇത്തരം ശിക്ഷാരീതികള്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ദോഷമായി ബാധിക്കും എന്നും പഠനം പറയുന്നു. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കൊളേജിന്റെ നേതൃത്തില്‍ രാജ്യാന്തര തലത്തിലുള്ള വിദഗ്ധരുടെ സംഘം 20 വര്‍ഷം നീണ്ട പഠനങ്ങള്‍ വിലയിരുത്തിയാണ് കണ്ടെത്തല്‍.

   ദ ലാന്‍സറ്റ് എന്ന ജേണലിലാണ് പഠന വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 69 പഠനങ്ങള്‍ വിദഗ്ധ സംഘം വിലയിരുത്തിയിരുന്നു. കുട്ടികള്‍ക്ക് നല്‍കുന്ന ശാരീരിക ശിക്ഷകളും അതിന്റെ വ്യത്യസ്ഥ ഫലങ്ങളും ഉള്‍പ്പെടുന്ന വിവരങ്ങള്‍ ഗവേഷണ സംഘം വിലയിരുത്തി.

   ''കുട്ടികള്‍ക്ക് ശാരീരികമായ ശിക്ഷകള്‍ നല്‍കുന്നതിലൂടെ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. കുട്ടികള്‍ക്കോ കുടുംബത്തിനോ യാതൊരു ഗുണവും ഇത്തരം ശിക്ഷകള്‍ നല്‍കുന്നില്ല. അതേ സമയം കുട്ടികളെ ഇത് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു,'' വിലയിരുത്തലുകള്‍ക്ക് നേതൃത്വം നല്‍കിയ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എപ്പിഡമോളജി ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്ത് വിഭാഗത്തില്‍ നിന്നുള്ള ഡോ. അന്‍ഞ്ച ഹെയില്‍മാന്‍ പറഞ്ഞു.

   ''അക്രമ വാസന, സാമൂഹ്യ വിരുദ്ധ മനോഭാവം തുടങ്ങിയ സ്വഭാവ വൈകല്യങ്ങള്‍ ശാരീരിക ശിക്ഷകളുമായി ബന്ധപ്പെട്ടു കിടക്കുന്നതായാണ് കാണാന്‍ കഴിഞ്ഞത്. ശാരീരിക ശിക്ഷകള്‍ ഇത്തരം സ്വഭാവ വൈകല്യങ്ങളെ വര്‍ദ്ധിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്,'' ഡോ. അന്‍ഞ്ച ഹെയില്‍മാന്‍ വിവരിച്ചു.

   നിരന്തരം ശാരീരിക ശിക്ഷകള്‍ നേരിടുന്ന കുട്ടികള്‍ ക്രൂരമായ അക്രമവാസന കാണിക്കുമെന്നതാണ് പഠനത്തില്‍ കണ്ട ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം എന്നും അന്‍ഞ്ച ഹെയില്‍മാന്‍ പറയുന്നു.

   ലോകത്തിന്റെ പല ഭാഗങ്ങളിലായി നടത്തിയ ഒരു പഠനത്തിലും ശാരീരികമായ ശിക്ഷകള്‍ കുട്ടികളുടെ സ്വഭാവം മെച്ചപ്പെടുത്തുന്നുവെന്നോ മറ്റെന്തെങ്കിലും തരത്തിലുള്ള ഗുണങ്ങള്‍ ലഭിക്കുന്നുവെന്നോ കണ്ടെത്തിയിട്ടില്ല. കുട്ടികളുടെ ശ്രദ്ധ, പഠന മികവ്, മറ്റുള്ളവരുമായുള്ള ഇടപെടല്‍, സാമൂഹിക പെരുമാറ്റം തുടങ്ങിയവയില്‍ ഒന്നും ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ ശാരീരിക ശിക്ഷകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പഠനങ്ങള്‍ വിശദീകരിക്കുന്നത്. ലിംഗ, ഗോത്ര ഭേദമന്യേ എല്ലാ കുട്ടികളിലും ഇത് സമാനമാണന്നും പഠനം പറയുന്നു.

   കുട്ടികള്‍ക്ക് നേരെയുള്ള ശാരീരികമായ ശിക്ഷകള്‍ അവരെ ദോഷമായി ബാധിക്കുന്നതിനാല്‍ ഇത് മനുഷ്യാവകാശ ലംഘനമാണെന്നും അന്‍ഞ്ച ഹെയില്‍മാന്‍ പറഞ്ഞു. എല്ലാ തരം അതിക്രമങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് സംരക്ഷണം നല്‍കണം എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട കണ്‍വെന്‍ഷന്‍ വ്യക്തമാക്കിയിട്ടുളളത്. കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിയമ വിധേയമായുള്ള എല്ലാ രാജ്യങ്ങളും ഇത് പിന്‍വലിക്കേണ്ടത് ഉണ്ടെന്നും അവര്‍ പറഞ്ഞു.

   ലോകത്ത് രണ്ട് വയസിനും നാല് വയസിനും ഇടയില്‍ പ്രയാമുള്ള 63 ശതമാനം കുട്ടികളും രക്ഷിതാക്കളുടെയോ പരിപാലകരുടെയോ ശാരീരിക ശിക്ഷകള്‍ക്ക് വിധേയമാകുന്നുണ്ട് എന്നാണ് കണക്ക്. 62 രാജ്യങ്ങളാണ് ഇതുവരെ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിരോധിച്ചിട്ടുള്ളത്. ലോകത്താകമാനം ഈ നിരോധനം കൊണ്ടു വരണം എന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

   Published by:Sarath Mohanan
   First published:
   )}