ബെംഗളൂരുവിൽ ജോലിയ്ക്കായും പഠിക്കാനായും എത്തുന്നവരിൽ ഭൂരിഭാഗവും നേരിടുന്ന ഒരു പ്രശ്നമാണ് താമസിക്കാനായി ഒരു സ്ഥലം കണ്ടെത്തുക എന്നത്. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ, പേ സ്ലിപ്പുകൾ, തുടങ്ങി വ്യക്തിപരവും തൊഴിൽപരവുമായ വിശദാംശങ്ങൾ ചോദിച്ച് നീണ്ട അഭിമുഖം തന്നെ കെട്ടിട ഉടമകൾ നടത്താറുണ്ട്. അത്തരമൊരു സംഭവമാണ് റിപു ദമൻ ഭഡോറിയ എന്ന യുവാവ് ലിങ്ക്ഡിനിൽ പങ്കുവെച്ചിരിക്കുന്നത്.
ഗൂഗിളിലെ തന്റെ അഭിമുഖത്തേക്കാൾ വെല്ലുവിളി നിറഞ്ഞതായിരുന്നു കെട്ടിടമുടമയുമായുള്ള തന്റെ അഭിമുഖം എന്ന് റിപു പോസ്റ്റിൽ പറയുന്നു. കോവിഡിന് ശേഷം താമസ സ്ഥലങ്ങളുടെ ഡിമാൻഡ് ഉയർന്നെന്നും റിപു പറയുന്നു. താമസസ്ഥലം കണ്ടെത്താനുള്ള ആദ്യ അഭിമുഖത്തിൽ താൻ പരാജയപ്പെട്ടെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
റിപുവിന്റെ പോസ്റ്റിന്റെ പൂർണരൂപം
”ഗൂഗിളിലെ അഭിമുഖത്തിൽ ഞാൻ വിജയിച്ചു. പക്ഷേ ബാംഗ്ലൂരിൽ താമസസ്ഥലം കണ്ടെത്താനുള്ള അഭിമുഖത്തിൽ പരാജയപ്പെട്ടു. കോവിഡിനു ശേഷം വാടകക്കുള്ള താമസ്ഥലങ്ങൾക്ക് ഉയർന്ന ഡിമാൻഡ് ആയിരുന്നതിനാൽ ഞാൻ വളരെയധികം കഷ്ടപ്പെട്ടു. പല കെട്ടിടമുടകളും നീണ്ട അഭിമുഖങ്ങൾ തന്നെയാണ് നത്തുന്നത്. അത്തരത്തിലുള്ള ആദ്യത്തെ അഭിമുഖത്തിൽ തന്നെ ഞാൻ പരാജയപ്പെട്ടു. ഗൂഗിളിലെ അഭിമുഖത്തേക്കാൾ ബുദ്ധിമുട്ടേറിയ പല അഭിമുഖങ്ങളും ഈ ഭൂമിയിലുണ്ടെന്ന് അന്നാണ് ഞാൻ മനസിലാക്കിയത്. ഓരോ അഭിമുഖങ്ങൾ കഴിയും തോറും ഞാൻ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ട്. എനിക്കും കെട്ടിട ഉടമക്കുമിടയിൽ ഒരു എച്ച്ആർ ഇല്ലാത്തതിനാൽ തന്നെ ഞാൻ അദ്ദേഹത്തോട് നേരിട്ട് ഫീഡ്ബാക്ക് ചോദിച്ചു. അദ്ദേഹം ഫീഡ്ബാക്ക് നൽകുകയും ചെയ്തു. താമസസ്ഥാലം കണ്ടെത്താനുള്ള അടുത്ത അഭിമുഖത്തിൽ ഞാൻ വിജയിച്ചു. ഈ രംഗത്തെ എന്റെ എക്സ്പീരിയൻസ് ഷെയർ ചെയ്യാൻ ഞാൻ തയ്യാറാണ്. ആവശ്യമുള്ളവർക്ക് ചോദിക്കാം”.
റിപുവിന്റെ ലിങ്ക്ഡിൻ പോസ്റ്റ് വൈകാതെ തന്നെ വൈറലായി. ചോദ്യങ്ങളെല്ലാം ഒരു പബ്ലിക് ഡോക്യമെന്റായി ഷെയർ ചെയ്യാമോ എന്നും ചിലർ തമാശരൂപേണ ചോദിക്കുന്നുണ്ട്.
വാടകയ്ക്കു പുറമേ, ആദ്യം തന്നെ നൽകേണ്ട ഉയർന്ന സെക്യൂരിറ്റി ഡെപ്പോസിറ്റും പലർക്കും താങ്ങാനാകില്ല. ബെംഗളൂരുവിലെ വീട്ടുടമകളുടെ ഇത്തരം അമിതമായ ഡിമാൻഡുകളെ പരിഹസിക്കുന്ന ഒരു പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. രമ്യഖ് എന്നയാളാണ് ട്വിറ്ററിൽ ഇത് പങ്കുവെച്ചത്
”ഇടതു വശത്തെ വൃക്ക വിൽപനക്ക്. വീട്ടുടമകൾ ആവശ്യപ്പെടുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകാൻ പണം വേണം”, എന്നാണ് പോസ്റ്ററിൽ കുറിച്ചിരുന്നത്. താൻ ബംഗളൂരുവിലെ ഇന്ദിരാനഗറിൽ വാടകയ്ക്ക് വീട് തേടുകയാണെന്നും ഇത് വെറുമൊരു തമാശ മാത്രമാണെന്നും പോസ്റ്ററിനു താഴെ എഴുതിയിരുന്നു. പ്രൊഫൈൽ ആക്സസ് ചെയ്യാനുള്ള ക്യുആർ കോഡും ഒപ്പം ചേർത്തിരുന്നു. രമ്യഖ് പങ്കുവെച്ച ട്വീറ്റ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ”വലതു വശത്തെ വൃക്കയാണ് വിൽപനക്ക് വെക്കേണ്ടിയിരുന്നത്. ഇടതു വശത്തെ വൃക്കക്ക് ഇന്ത്യയിൽ അത്ര ഡിമാൻഡില്ല” എന്നാണ് ഒരാൾ തമാശയായി കുറിച്ചത്. ”ഞാൻ ഈ ട്വീറ്റ് സേവ് ചെയ്യുന്നു. എനിക്കിത് ഭാവിയിൽ ആവശ്യമുണ്ട്”, എന്ന് മറ്റൊരാൾ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bengaluru, Viral post