ഇൻഫോസിസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണും (Infosys foundation) പ്രമുഖ എഴുത്തുകാരിയുമായ സുധാ മൂർത്തി (Sudha Murthy) വളരെ എളിയ ജീവിതം നയിക്കുകയും ദയയുടെയും മാനവികതയുടെയും ആദർശങ്ങൾ മുറുകെ പിടിച്ചുകൊണ്ട് യുവതലമുറയ്ക്ക് മാതൃകയാവുകയും ചെയ്ത വ്യക്തിത്വമാണ്. എഴുത്തുകളിൽ തന്റെ മൂല്യങ്ങളും ആദർശങ്ങളും സുധാ മൂർത്തി പങ്കുവെയ്ക്കാറുമുണ്ട്. ഈയടുത്ത കാലത്ത് പത്രപ്രവർത്തകയായ ചന്ദ്ര സോഷ്യൽ മീഡിയയിൽ (Social Media) ഒരു വീഡിയോ ഷെയർ ചെയ്തു. സുധാ മൂർത്തിയും അവരുടെ നായയും ചേർന്നുള്ള മനോഹരമായ വീഡിയോ ഇപ്പോൾ ജനഹൃദയങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
ആ വീഡിയോയിൽ തന്റെ പ്രിയപ്പെട്ട നായയ്ക്ക് ആരതി ഉഴിയുന്ന സുധാ മൂർത്തിയെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. സുധയും സഹോദരിയും കൂടിയാണ് അവരുടെ നായയായ ഗോപിയുടെ ജന്മദിനത്തിൽ ആരതി ഉഴിഞ്ഞ് ആഘോഷിക്കുന്നത്. രണ്ട് പേരും ചേർന്ന് തങ്ങളുടെ പ്രിയപ്പെട്ട നായയ്ക്ക് വേണ്ടി ആചാരങ്ങൾ നിർവഹിക്കുന്നതും സ്നേഹപൂർവ്വം അതിനെ താലോലിക്കുന്നതും ജന്മദിനാശംസകൾ ആലപിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
This is so cute. Sudha Murty and her sister doing Arti for their dog Gopi on his birthday (via WhatsApp) pic.twitter.com/7q21FWeihe
— Chandra R. Srikanth (@chandrarsrikant) December 6, 2021
"ഇത് വളരെ മനോഹരമായ കാഴ്ചയാണ്. സുധാ മൂർത്തിയും സഹോദരിയും അവരുടെ നായ ഗോപിക്ക് വേണ്ടി ജന്മദിനത്തിൽ ആരതി ഉഴിയുന്നു", വാട്സാപ്പ് വഴി ലഭിച്ച വീഡിയോ പങ്കുവെച്ചുകൊണ്ട് ചന്ദ്ര എസ് ശ്രീകാന്ത് കുറിച്ചു. ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള സുധ മൂർത്തിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ഇതേ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ട്വിറ്ററിലെ വീഡിയോ ഇതുവരെ 30,000 ത്തിലധികം പേരാണ് കണ്ടത്. എല്ലാവരും വീഡിയോയുടെ താഴെ അവരുടെ സ്നേഹവും സന്തോഷവും അറിയിച്ചു.
വളരെ മനോഹരമാണ് ആ വീഡിയോ. ഹിന്ദുക്കൾ ആരതി ഉഴിയുന്നത് ഐശ്വര്യവും നന്മയും ലഭിക്കാനാണ്. അതുപോലെ സ്വന്തം കുടുംബത്തിലെ ഒരംഗത്തിനെ പോലെ ഗോപി എന്ന നായയുടെ ജന്മദിനം ആഘോഷിക്കുകയാണ് ഇരുവരും. മനസ്സലിയിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ജനങ്ങൾ ഏറ്റെടുത്തു. നന്മയും നല്ല മൂല്യങ്ങളും ആദർശങ്ങളുമുള്ള വ്യക്തിത്വങ്ങളുടെ അഭാവം നേരിടുന്ന കാലത്താണ് വളരെയധികം സന്തോഷം നൽകുന്ന വീഡിയോയുമായി സുധാ മൂർത്തി എത്തുന്നത്.
View this post on Instagram
വീഡിയോയ്ക്ക് താഴെ മറ്റൊരു ആരാധകൻ ആരതി ഉഴിയുന്നതിന്റെ അർത്ഥം വിശദീകരിച്ചു. മറാത്തിയിൽ ഔക്ഷൻ എന്ന് ആരതി അറിയപ്പെടുന്നു. അവിടെ ഇതിനായി നെയ് വിളക്ക്, വെറ്റില, മോതിരം, ഹൽദി, കുങ്കുമം, അരി എന്നിവ ഉപയോഗിക്കുന്നു. ജന്മദിനങ്ങളിൽ ദീർഘായുസ്സ് ആശംസിക്കുന്നതിനും അനുഗ്രഹങ്ങൾ ചൊരിയുന്നതിനുമാണ് ആരതി ഉഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. വളർത്തുമൃഗങ്ങൾക്ക് മനുഷ്യ വികാരങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടെന്നും അതുകൊണ്ട് അവർ തങ്ങളെ കുടുംബത്തിന്റെ ഭാഗമായി തന്നെ കാണുന്നു എന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pet Dog, Viral video