200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം ജയിൽ ഡിജിപിക്ക് അയച്ച കത്താണ് പുതിയ ചർച്ചാ വിഷയം. സുകേഷ് ചന്ദ്രശേഖറിന്റെ പിറന്നാളായിരുന്നു ഇന്നലെ. ഈ ദിവസമാണ് പ്രത്യേക അഭ്യർത്ഥനയുമായി ചന്ദ്രശേഖർ ഡിജിപിക്ക് കത്ത് നൽകിയത്. ജയിലിലെ തടവുകാരുടേയും അവരുടെ കുടുംബത്തിന്റേയും ക്ഷേമത്തിനായി താൻ 5.11 കോടി രൂപ നൽകാമെന്നും അത് സ്വീകരിക്കണമെന്നുമാണ് സാമ്പത്തിക ക്രമേക്കേട് കേസിലെ പ്രതിയുടെ ആവശ്യം.
നിലവിൽ ഡൽഹിയിലെ തിഹാർ ജയിലിലാണ് സുകേഷ് കഴിയുന്നത്. അഞ്ച് കോടി സംഭാവനയായി നൽകാനുള്ള ആവശ്യം അംഗീകരിച്ചാൽ അത് തനിക്ക് ലഭിക്കുന്ന ഏറ്റവും മികച്ച പിറന്നാൾ സമ്മാനമായിരിക്കുമെന്നും കത്തിൽ പറയുന്നു.
പ്രിയപ്പെട്ടവരിൽ നിന്ന് അകന്നിരിക്കുന്ന അതേ അവസ്ഥയിൽ നല്ല ഉദ്ദേശത്തോടെ കഴിയുന്ന ഒരു മനുഷ്യൻ എന്ന നിലയിൽ, അന്തേവാസികളുടെ ക്ഷേമത്തിനായി 5.11 കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സ്വീകരിക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. തന്റെ പിറന്നാളായ മാർച്ച് 25ന് ഈ ആവശ്യം അംഗീകരിച്ചാൽ വലിയ സന്തോഷമാകും. ഏറ്റവും വലിയ പിറന്നാൾ സമ്മാനമാകും എന്നാണ് കത്തിൽ പറയുന്നത്.
സുകേഷിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനു നേർക്കും ആരോപണം ഉയർന്നിരുന്നു. ജാക്വിലിനുമായി പ്രണയത്തിലായിരുന്നുവെന്ന് സുകേഷ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സുകേഷിൽ നിന്ന് ജാക്വിലിനും കുടുംബാംഗങ്ങളും ആഢംബര സമ്മാനങ്ങൾ സ്വീകരിച്ചതിനും തെളിവുകളും പുറത്തുവന്നിട്ടുണ്ട്. പിറന്നാൾ ദിവസം ജാക്വിലിനും സുകേഷ് കത്ത് എഴുതിയിട്ടുണ്ട്. തന്റെ പ്രണയിനിയായ ജാക്വിലിനെ പിറന്നാൾ ദിവസം കൂടുതൽ മിസ്സ് ചെയ്യുന്നുവെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.