ഗർഭിണിയായിരിക്കേ വീണ്ടും ഗർഭം ധരിക്കുകയോ? കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം. എന്നാൽ അത്തരമൊരു സംഭവം പങ്കുവെച്ചിരിക്കുകയാണ് കാലിഫോർണിയ സ്വദേശികളായ ദമ്പതികൾ. ഒഡാലിസ്, അന്റോണിയോ മാർ എന്നിവരാണ് തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഈ അപൂർവ സംഭവം പുറംലോകത്തോട് വെളിപ്പെടുത്തിയത്.
കാലിഫോർണിയയിലെ സാൻ പാബ്ലോ സ്വദേശികളാണ് ഒഡാലിസും അന്റോണിയോയും. 2020 ലാണ് ഒഡാലിസ ഗർഭിണിയായത്. അതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു തവണ ഗർഭം അലസിപ്പോകുകയും ചെയ്തിരുന്നു. എന്നാൽ തന്റെ ഉദരത്തിൽ ഒന്നല്ല, രണ്ടു കുട്ടികളാണ് വളരുന്നതെന്ന് ആദ്യ സ്‌കാനിംഗിനു ശേഷമാണ് ഒഡാലിസ തിരിച്ചറിഞ്ഞത്. അഞ്ച് ദിവസത്തെ ഇടവേളയിലാണ് രണ്ടാമത്തെ ഗർഭധാരണം ഉണ്ടായത് എന്നും സ്കാനിങ്ങിൽ കണ്ടെത്തി. ‘സൂപ്പർഫെറ്റേഷൻ’ (superfetation) എന്നാണ് ഡോക്ടർമാർ ഇതിനെ വിളിക്കുന്നത്. ഗർഭിണിയായിരിക്കേ വീണ്ടും ഗർഭം ധരിക്കുന്ന അവസ്ഥയാണിത്. വളരെ അപൂർവമായേ ഇങ്ങനെ സംഭവിക്കൂ.
തങ്ങളുടേത് ഇരട്ടക്കുട്ടികളാണ് എന്നാണ് ഒഡാലിസ എല്ലാവരോടും പറയാറുള്ളത്. ഈ കഥ ആവർത്തിച്ച് എല്ലാവരോടും പറയാനുള്ള മടി തന്നെയാണ് അതിനു കാരണം. ലിലോ, ഇമെൽഡ എന്നിങ്ങനെയാണ് മക്കളുടെ പേര്. ഇരട്ടകളല്ലെങ്കിലും ഒരേ ദിവസം തന്നെയാണ് അവർ ജനിച്ചത്. ഇരുവരും തമ്മിൽ കാഴ്ചയിലും ചില സമാനതകൾ ഉണ്ട്.
Also read-മൂന്ന് വര്‍ഷം മുമ്പ് വിവാഹമോചനം നേടിയ ഭാര്യയെ യുവാവ് വീണ്ടും വിവാഹം ചെയ്തു
”ജീവശാസ്ത്രപരമായി നോക്കുമ്പോൾ അവർ ഇരട്ടകളല്ല. എന്നാൽ അവർ ഇരട്ടക്കുട്ടികളാണെന്നാണ് എല്ലാവരും കരുതുന്നത്. അവർക്ക് ബാഹ്യരൂപത്തിലും ചില സാമ്യതകളുണ്ട്. ചിലപ്പോൾ എന്റെ ഭർത്താവിനു പോലും അവരെ തമ്മിൽ മാറിപ്പോകാറുണ്ട്”, ഒഡാലിസ് പറഞ്ഞു.
2020 ന്റെ തുടക്കത്തിലാണ് ഒഡാലിസ് ആദ്യം ഗർഭിണിയായത്. എന്നാൽ പന്ത്രണ്ടാമത്തെ ആഴ്ച നടത്തിയ പരിശോധനയിൽ ഗർഭം അലസിപ്പോയതായി കണ്ടെത്തി. അതേ വർഷം തന്നെ വീണ്ടും ഗർഭിണിയായെങ്കിലും ഇങ്ങനൊരു ട്വിസ്റ്റ് തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന് ഒഡാലിസും അന്റോണിയോയും പറയുന്നു.
മൂന്നാഴ്ച്ച ഗർഭിണിയായിരിക്കേ വീണ്ടും ഗർഭിണിയായ ബ്രിട്ടനിലെ റബേക്ക എന്ന യുവതിയെക്കുറിച്ചുള്ള വാർത്ത മുൻപ് പുറത്തു വന്നിരുന്നു. അതായത്, മൂന്നാഴ്ച്ച വ്യത്യാസത്തിൽ റബേക്കയുടെ വയറ്റിൽ രണ്ടു കുഞ്ഞുങ്ങൾ ഒരുമിച്ചു വളർന്നു. ഒരേ ദിവസം തന്നെ റബേക്ക രണ്ട് കുഞ്ഞുങ്ങൾക്കും ജന്മവും നൽകി. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും റബേക്കയ്ക്കും ഭർത്താവ് റൈസ് വീവറിനും കുട്ടികൾ ഉണ്ടായിരുന്നില്ല. ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിൽ കഴിഞ്ഞ വർഷമാണ് റബേക്ക ഗർഭിണിയാകുന്നത്. ഡോക്ടർമാർ ആ വാർത്ത അറിയിച്ചപ്പോൾ റബേക്കയ്ക്കും റൈസിനും ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. 12 ആഴ്ച്ച ഗർഭിണിയായിരിക്കേയാണ് ഡോക്ടർമാർ റബേക്കയുടെ അസാധാരണ ഗർഭത്തെ കുറിച്ച് തിരിച്ചറിയുന്നത്. പന്ത്രണ്ടാമത്തെ ആഴ്ച്ചയിലുള്ള മൂന്നാമത്തെ സ്കാനിങ്ങിനിലാണ് റബേക്കയുടെ വയറ്റിൽ രണ്ടാമതൊരു കുഞ്ഞ് കൂടി വളരുന്നുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. റോബർട്സ് സൂപ്പർ ട്വിൻസ് എന്ന പേരിലുള്ള റബേക്കയുടെ കുട്ടികളുടെ ഇൻസ്റ്റഗ്രാം പേജും വൈറലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.