നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • India-Pakistan T20 | ഇന്ത്യയ്‌ക്കെതിരായ ടി20 മത്സരത്തിൽ പാകിസ്ഥാനെ പിന്തുണച്ചു; അധ്യാപികയ്ക്ക് ജോലി നഷ്ടമായി

  India-Pakistan T20 | ഇന്ത്യയ്‌ക്കെതിരായ ടി20 മത്സരത്തിൽ പാകിസ്ഥാനെ പിന്തുണച്ചു; അധ്യാപികയ്ക്ക് ജോലി നഷ്ടമായി

  തിങ്കളാഴ്ചയായിരുന്നു അധ്യാപികയ്ക്ക് ഒറ്റവരിയിലുള്ള പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്

  • Share this:
   ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കായിക മത്സരങ്ങളില്‍ എപ്പോഴും വീറും വാശിയും വളരെ കൂടുതലായിരിക്കും. ക്രിക്കറ്റ് മത്സരത്തിലാണെങ്കില്‍ ആവേശം അതിന്റെ അതിര്‍വരമ്പുകളെല്ലാം ലംഘിച്ചെന്നും വരും. പലപ്പോഴും ശ്രീലങ്കയുടെയോ, ഓസ്ട്രേലിയുടെയോ മറ്റേതെങ്കിലും രാജ്യത്തിനെയോ പിന്തുണയ്ക്കുന്നത് പോലെ ഇന്ത്യയില്‍ ആരും പാകിസ്ഥാന്‍ ടീമിന് അനുകൂലമായി നില്‍ക്കാറില്ല. അങ്ങനെ സംഭവിച്ചാല്‍ അത് വിവാദമാകാറുമുണ്ട്. കഴിഞ്ഞ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാന്‍ ടീം വിജയിച്ചത്തോടെ ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്ക് നേരെ പല തരത്തിലുള്ള വിവാദങ്ങളാണ് ഉടലെടുത്തത്. അതിനോട് അനുബന്ധിച്ച് കളിക്കളത്തിന് പുറത്ത് ഇപ്പോള്‍ മറ്റൊരു വിവാദവും ഉണ്ടായിരിക്കുകയാണ്.

   രാജസ്ഥാനിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപികയെ ഞായറാഴ്ച നടന്ന ടി20 മത്സരത്തില്‍ ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഉദയ്പൂരിലെ നീര്‍ജ മോദി സ്‌കൂളിലെ അധ്യാപികയായിരുന്ന നഫീസ അട്ടാരി പാക് ടീമിനെതിരെ ഇന്ത്യ തോറ്റതില്‍ സന്തോഷം പ്രകടിപ്പിച്ച് തന്റെ വാട്ട്‌സ്ആപ്പില്‍ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് വന്‍വിവാദമായത്തോടെ നഫീസയെ സ്‌ക്കൂളില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.

   നഫീസ തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍, പാകിസ്ഥാന്‍ കളിക്കാരുടെ ചിത്രങ്ങള്‍ക്കൊപ്പം 'ഞങ്ങള്‍ വിജയിച്ചു' എന്ന പരാമര്‍ശം കൂടി ചേര്‍ത്തായിരുന്നു സന്തോഷം പ്രകടിപ്പിച്ചത്. തുടര്‍ന്ന് അവര്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വിമര്‍ശനവുമായിയെത്തി. 'താങ്കള്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നുണ്ടോ?' എന്ന് രക്ഷിതാക്കളില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ 'അതെ' എന്നായിരുന്നു നഫീസയുടെ മറുപടി. നഫീസയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുകയായിരുന്നു.

   സോജതിയ ഗ്രൂപ്പിന് കീഴിലുള്ള സോജതിയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദ്യാലയമാണ് നീര്‍ജ മോദി സ്‌കൂള്‍. സ്‌ക്കൂളിന്റെ ചെയര്‍മാന്‍ ഒപ്പിട്ട പിരിച്ചുവിടല്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്, ''നീര്‍ജ മോദി സ്‌കൂളിലെ അധ്യാപികയായ നഫീസ അട്ടാരിയെ, സോജതിയ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ യോഗത്തിലെ തീരുമാന പ്രകാരം സ്‌കൂളിലെ ഉദ്യോഗത്തില്‍ നിന്നും പിരിച്ചുവിടുന്നു'' എന്നാണ്. 25-ാം തീയതി തിങ്കളാഴ്ചയായിരുന്നു അധ്യാപികയ്ക്ക് ഒറ്റവരിയിലുള്ള പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.

   അതിനിടെ തന്റെ ഭാഗം വ്യക്തമാക്കുന്ന നഫീസയുടെ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതില്‍ പറയുന്നത്, ''ഇന്ത്യ-പാക് മത്സരത്തിനിടെ എന്റെ കുടുംബാംഗങ്ങള്‍ രണ്ട് പക്ഷമായി വിഭജിക്കപ്പെട്ടു. ഓരോ ടീമിനെയും പിന്തുണച്ച് ഇരുപക്ഷവും ആവേശത്തിലായിരുന്നു. എന്റെ പക്ഷത്തുള്ളവര്‍ പാകിസ്ഥാനെ പിന്തുണച്ചു. മത്സരശേഷം വാട്സ്ആപ്പില്‍ സ്റ്റാറ്റസായി 'ജീത്തേ ഗയേ, വീ വിന്‍' എന്ന് പോസ്റ്റ് ചെയ്തു. എന്നാല്‍ എന്റെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന രക്ഷിതാക്കളില്‍ ഒരാള്‍ ഞാന്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ചോദിച്ചു. അതെ എന്ന് മറുപടി നല്‍കി. സന്ദേശത്തിന്റെ അവസാനം ഒരു ഇമോജി ഉണ്ടായിരുന്നതിനാല്‍ ഇതൊരു തമാശയാണെന്ന് ഞാന്‍ കരുതി. എന്നാല്‍ സംഭവം മറ്റൊരു തരത്തിലായി,'' വീഡിയോയില്‍ അവര്‍ പറഞ്ഞു. താനൊരു രാജ്യസ്‌നേഹിയാണെന്നും പാക്കിസ്ഥാനെ ഒരിക്കലും പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും ദൃശ്യത്തില്‍ നഫീസ അവകാശപ്പെട്ടിരുന്നു.

   ഞായറാഴ്ച നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തി രണ്ട് ചരിത്രനേട്ടങ്ങളായിരുന്നു പാക് ടീം സ്വന്തമാക്കിയത്. ആദ്യത്തെത്, 10 വിക്കറ്റിന് ഇന്ത്യയെ തോല്‍പിച്ചതോടെ ടി20 ലോകകപ്പില്‍ പത്ത് വിക്കറ്റ് വിജയം നേടുന്ന നാലാമത്തെ ടീമായി പാകിസ്ഥാന്‍ മാറി. മറ്റൊന്ന് ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്ഥാന്‍ ടീം ഇന്ത്യയെ തോല്‍പിക്കുന്നത് എന്നതാണ്. ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ്, 13 പന്ത് ശേഷിക്കേ 17.5 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു
   Published by:Jayashankar AV
   First published:
   )}