തന്റെ പ്രസംഗത്തെ വളച്ചൊടിച്ചതാണെന്ന് സുരേഷ് ഗോപി (Suresh Gopi). കഴിഞ്ഞ ദിവസങ്ങളിൽ സുരേഷ് ഗോപി നിരീശ്വരവാദികൾക്കെതിരെ പരാമർശം നടത്തി എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു.
‘എന്‍റെ ഈശ്വരന്മാരെ സ്നേഹിച്ച് ഞാന്‍ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്നേഹിക്കുമെന്ന് പറയുമ്പോള്‍. അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിന് വേണ്ടി ഈ ശ്രീകോവിലിന് മുന്നിൽ പോയി പ്രാർത്ഥിച്ചിരിക്കും. അത് എല്ലാവരും അങ്ങനെ ചെയ്യണം’, എന്നായിരുന്നു പുറത്തുവന്ന ഭാഗം.
എന്നാൽ ഇത് എഡിറ്റ് ചെയ്തതാണെന്നും, താൻ പറഞ്ഞ കാര്യങ്ങൾ മറ്റൊന്നാണെന്നും സുരേഷ് ഗോപി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
“എന്റെ സമീപകാല പ്രസംഗങ്ങളിലൊന്നിൽ നിന്നും പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് ഞാൻ കണ്ടു, പക്ഷേ അത് തെറ്റായി എഡിറ്റ് ചെയ്തതാണ്. ഈ വിഷയം അറിഞ്ഞതും അത് പരിഹരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂർണ്ണവും ചിന്തനീയവുമായ നിലപാടിനോട് എനിക്ക് അനാദരവില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ല. ഞാൻ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല, എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള ചിലരുടെ വിഷലിപ്തമായ ആഗ്രഹം തൃപ്തിപ്പെടുത്താൻ അവർ ഞാൻ പറഞ്ഞത് മുറിച്ചു കഷണങ്ങളാക്കി.
എന്റെ മതത്തിന്റെ ഭരണഘടനാപരമായി സ്വീകാര്യമായ ആചാരങ്ങളുടെ പ്രദർശനം പരാജയപ്പെടുത്താനുള്ള തടസ്സങ്ങളെയും ശ്രമങ്ങളെയും കുറിച്ചാണ് ഞാൻ സംസാരിച്ചത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അവരുടെ നാശത്തിനായി ഞാൻ പ്രാർത്ഥിക്കും. ശബരിമലയിലെ ശ്രദ്ധ തിരിക്കല്‍ നടത്തിയവരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയും കുറിച്ചാണ് ഞാൻ ഉദ്ദേശിച്ചത്. അത് മാത്രമായിരുന്നു എന്റെ ഉദ്ദേശവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങൾക്കായി, പൊളിട്രിക്‌സ് എടുക്കാൻ ഒരു *** നെയും അനുവദിക്കില്ല. ഞാൻ അതിനെ പൂർണ്ണമായും എതിർക്കുന്നു. എന്റെ ഉദ്ദേശം ഞാൻ പറയട്ടെ, ആരും അത് വഴിതിരിച്ചുവിടേണ്ടതില്ല. ഇവിടെ ഞാൻ പൊളിറ്റിക്സ് അല്ല പറയുന്നത്, ഒരിക്കലും അത് പറയുകയുമില്ല,’ സുരേഷ് ഗോപി പോസ്റ്റിൽ കുറിച്ചു.
Summary: Suresh Gopi clears the air on the video circulating in his name
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.