നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ ( Suresh Gopi ) പാര്‍ലമെന്റിലെ പ്രസംഗങ്ങളുടെ വീഡിയോകള്‍ അടുത്തിടെയായി വൈറലാണ്. സംസ്ഥാനത്തെ ആദിവാസികളുടെ ഉന്നമനത്തിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സുരേഷ് ഗോപി രാജ്യസഭയില്‍ നടത്തിയ പ്രസംഗം സൈബര്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു.
ഇപ്പോളിതാ സുരേഷ് ഗോപിയുടെ പുതിയ ലുക്കില്‍ സംശയം പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അദ്ദേഹത്തോട് ചോദിച്ച ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സുരേഷ് ഗോപിയുടെ താടി കണ്ടിട്ട് ''ഇത് മാസ്ക് ആണോ അതോ താടിയാണോ'' എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ചോദ്യം. ''താടിയാണ് സാർ, ഇതെന്റെ പുതിയ സിനിമയ്ക്ക് വേണ്ടി എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഉപരാഷ്ട്രപതിയുടെ ചോദ്യം കേട്ട് ഒരു നിമിഷം സഭാ അംഗങ്ങളോല്ലാം പൊട്ടിച്ചിരിച്ചു.
ഡിഫന്‍സ് സിവിലിയന്‍ പെന്‍ഷനേഴ്സ് മലബാര്‍ മേഖലയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരം കേന്ദ്ര ആരോഗ്യ സ്കീമില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആശുപത്രികള്‍ മേഖലയില്‍ ഇല്ലെന്നും അതിനാല്‍ അവര്‍ക്ക് ചികിത്സക്ക് ബുദ്ധുമുട്ട് നേരിടുന്നു എന്ന കാര്യം സുരേഷ് ഗോപി സഭയില്‍ ഉന്നയിക്കുന്നതിന് മുന്‍പാണ് ഉപരാഷ്ട്രപതിയുടെ കുസൃതി ചോദ്യം ഉണ്ടായത്.
സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയായ 'പാപ്പന്'. വേണ്ടിയാണ് സുരേഷ് ഗോപി പുതിയ ലുക്ക് സ്വീകരിച്ചത്. ചിത്രത്തില്‍ മാത്യൂസ് പാപ്പന് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ ഹിറ്റായ 'പൊറിഞ്ചു മറിയം ജോസി'ന് ശേഷമുള്ള ജോഷിയുടെ ക്രൈം ത്രില്ലർ ചിത്രമാണ് പാപ്പന്.
സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. 'കെയര്‍ ഓഫ് സൈറാ ബാനു' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആര്.ജെ. ഷാനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ ശ്യാം ശശിധരനാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇഫാര്‍ മീഡിയ കൂടി നിര്‍മ്മാണ പങ്കാളിയാണ്.
'അച്ഛൻ എന്റെ സൂപ്പര്‍ഹീറോ'; സുരേഷ് ഗോപിയുടെ രാജ്യസഭയിലെ വീഡിയോ പങ്കുവച്ച് മകൻ ഗോകുൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസികളുടെ ഉന്നമനത്തിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സുരേഷ് ഗോപി (Suresh Gopi) രാജ്യ സഭയില്‍ (Rajya Sabha) നടത്തിയ പ്രസംഗം പങ്കുവച്ച് മകനും നടനുമായ ഗോകുല്‍ സുരേഷ് (Gokul Suresh). "വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും അച്ഛന് ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ ഹീറോ, അഭിമാനം എന്നാണ് വീഡിയോ പങ്കുവച്ച് ഗോകുല്‍ സുരേഷ് കുറിച്ചിരിക്കുന്നത്". കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകരമാണെന്നും ഉടൻ തന്നെ കേരളത്തിലേക്ക് ട്രൈബൽ കമ്മീഷനെ അയയ്ക്കണമെന്നും സുരേഷ് ഗോപി എംപി രാജ്യ സഭയിൽ ആവശ്യപ്പെട്ടിരുന്നു.
'എന്റെ കൈയിൽ ഇതുസംബന്ധിച്ച രേഖകളൊന്നുമില്ല. പക്ഷേ നേരിട്ടനുഭവിച്ച ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിക്കുന്നത്. നാല് ദിവസങ്ങൾക്ക് മുമ്പ് ഞാൻ വയനാട് സന്ദർശിച്ചിരുന്നു. നൂറിലധികം വരുന്ന അവിടുത്തെ കോളനികളെ ഉൾപ്പെടുത്തികൊണ്ട് സംഘടിപ്പിച്ച 27 യോഗങ്ങളിലാണ് പങ്കെടുത്തത്. മറ്റുപല എംപിമാരും അവരുടെ സംസ്ഥാനങ്ങളിൽ ഗോത്രവിഭാഗങ്ങൾക്കുവേണ്ടിയുള്ള തുക വിജയകരമായി ചെലവഴിക്കപ്പെട്ടത് കേട്ടിട്ട് അസ്വസ്ഥനായി ഇരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. കാരണം എന്റെ സംസ്ഥാനത്ത് നിന്നും അത്തരത്തിലൊരു പ്രതികരണമല്ല ലഭിച്ചത്'.
ഉദാഹരണമായിട്ട് സുരേഷ് ഗോപി ചൂണ്ടിക്കാട്ടിയത് വയനാട് പുൽപ്പളളിയിലെ കുളത്തൂർ കോളനിയിലെ പ്രശ്നങ്ങളായിരുന്നു. കുടിവെള്ളം പോലും ഇതുവരെയും അവിടത്തുകാർക്ക് ലഭ്യമായിട്ടില്ല. ഒടുവിൽ തന്റെ കൈയിൽ നിന്ന് അഞ്ച് ലക്ഷം രൂപ മുടക്കിയാണ് അതിന് സൗകര്യമൊരുക്കിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കുളത്തൂർ കോളനിയിലും സമീപത്തുളള നാല് കോളനികളിലും ഗോത്ര വിഭാഗത്തിൽപെട്ടവരും നാട്ടുകാരും ഉൾപ്പെടെ 2000ത്തോളം പേർ താമസിക്കുന്നയിടമാണ്. അവിടെ എത്തിയപ്പോൾ അവർക്ക് കുടിക്കാൻ പോലും വെള്ളം ഇല്ലാത്ത അവസ്ഥയായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. കോളനിക്കാരുടെ പരാതി കേട്ട താൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി പമ്പും മോട്ടറും ഉൾപ്പെടെ വാങ്ങി നൽകി. ഇവിടുത്തെ കുടിവെളള വിതരണ ടാങ്കിലേക്ക് വെളളം എത്തിക്കാനുളള പമ്പ് വരെ താൻ വാങ്ങി നൽകേണ്ടി വന്നു. ഒടുവിൽ രാത്രി 120 കിലോമീറ്റർ വീണ്ടും യാത്ര ചെയ്ത് ഇതിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.