Disha Salian suicide | സുശാന്ത് സിംഗ് രാജ്പുതിന്‍റെ മുൻ മാനേജറുടെ മരണത്തിൽ അനാവശ്യ കഥകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കുടുംബം
Disha Salian suicide | സുശാന്ത് സിംഗ് രാജ്പുതിന്‍റെ മുൻ മാനേജറുടെ മരണത്തിൽ അനാവശ്യ കഥകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കുടുംബം
ബോളിവുഡ് താരം സൽമാൻ ഖാനുമായി അടുത്ത ബന്ധമുള്ള സൂരജ് പഞ്ചോളിയാണ് ദിഷയുടെ മരണത്തിന് പിന്നിലെന്നും എല്ലാ കാര്യങ്ങളും അറിയാവുന്ന സുശാന്തിനെയും ഇവരെല്ലാം ചേർന്ന് ഗൂഢാലോചന നടത്തി ഇല്ലാതാക്കിയെന്ന തരത്തിലുമാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മുൻ മാനേജർ ദിഷ സാലിയാന്‍റെ മരണവുമായി ബന്ധപ്പെട്ടുയരുന്ന അഭ്യൂഹങ്ങൾക്കെതിരെ കുടുംബം. തങ്ങളുടെ നിക്ഷിപ്ത താത്പ്പര്യങ്ങൾക്കായി ദിഷയുടെ മരണം ചിലർ മുതലെടുക്കുകയാണെന്നാണ് കുടുംബം പുറത്തുവിട്ട പ്രസ്താവനയിൽ ആരോപിക്കുന്നത്.
'ദിഷയുടെ പ്രിയപ്പെട്ടവരുടെ വേദന മനസിലാക്കണം. നഷ്ടപ്പെടലിന്‍റെ വേദനയിൽ ഞങ്ങൾ മുക്തരായി വരുന്നതേയുള്ളു. വളരെ പ്രിയപ്പെട്ട ഒരാളാണ് ഞങ്ങളെ വിട്ടു പിരിഞ്ഞത്. ഒരിക്കലും നികത്താനാകാത്ത നഷ്ടമാണിത്.. ആ വേദനയിൽ നിന്ന് മുക്തരാകാൻ സമയമെടുക്കും..ഈ സമയത്ത് ഒപ്പം നിൽക്കണം.. ഈ വിഷമഘട്ടം കടക്കാൻ ഞങ്ങളെ സഹായിക്കണം.. മറിച്ച് അഭ്യൂഹങ്ങളും കിംവദന്തികളും ഗൂഢാലോചന സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുന്നത് ദിഷയുടെ മാതാപിതാക്കളുടെയും അടുപ്പമുള്ളവരെടെയും വേദന കൂട്ടുകയേയുള്ളു.. 'ദിഷയുടെ പേരിൽ ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹങ്ങളെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി കൊണ്ട് കുടുംബം പ്രസ്താവനയിൽ പറയുന്നു.
ഞങ്ങളുടെ വേദന നിങ്ങൾ മനസിലാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് മലഡിലെ അപാർട്മെന്‍റിന്‍റെ മുകളിൽ നിന്ന് ചാടി ദിഷ ജീവനൊടുക്കിയത്. മരണകാരണം വ്യക്തമായിരുന്നില്ല. എന്നാൽ ദിഷയുടെ മരണം നടന്ന് ആറ് ദിവസം പിന്നിട്ടപ്പോൾ സുഷാന്ത് സിംഗ് രാജ്പുതും ജീവനൊടുക്കി. ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് രണ്ട് മരണങ്ങളെയും ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ സജീവമായത്.
സുശാന്തിന്‍റെ മരണത്തിൽ തുടക്കം മുതൽ തന്നെ ആരാധകർ സംശയം ഉന്നയിക്കുന്നുണ്ട്. ഇതിനൊപ്പമാണ് ദിഷയുടെ മരണവും ബന്ധിപ്പിച്ച് ചർച്ചകള്‍ ഉയർന്നത്. ദിഷയും ബോളിവുഡ് താരം സൂരജ് പഞ്ചോലിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും യുവതി ഗർഭിണിയായിരുന്നുവെന്നുമായിരുന്നു ഒരു അഭ്യൂഹം. ഇക്കാര്യം സുശാന്തിനും അറിയാമായിരുന്നു. സുശാന്ത് ഇക്കാര്യം സൂരജിനെ അറിയിക്കാൻ ശ്രമിച്ചിരുന്നതായും ആരോപണത്തിൽ പറയുന്നു.
ബോളിവുഡ് താരം ജിയാ ഖാന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഉൾപ്പെട്ടയാളാണ് സൂരജ് പഞ്ചോളി. പ്രമുഖ താരങ്ങളായ സറീന വഹാബിന്‍റെയും ആദിത്യ പഞ്ചോളിയുടെയും മകനായ സൂരജ് പിന്നീട് കേസിൽ കുറ്റവിമുക്തനായിരുന്നു. അന്ന് സൂരജിനെ രക്ഷപ്പെടുത്തിയതിന് പിന്നിൽ സല്‍മാൻ ഖാനാണെന്ന് ആരോപിച്ച് ജിയയുടെ അമ്മ രംഗത്തെത്തിയിരുന്നു. സുശാന്തിന്‍റെയും ദിഷയുടെയും മരണത്തിന് പിന്നാലെയും സൽമാൻ ഖാനെതിരെ ആരോപണവുമായി ജിയയുടെ അമ്മ റാബിയ രംഗത്തെത്തിയിരുന്നു.
എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിയാണ് ദിഷയുടെ കുടുംബത്തിന്‍റെ പ്രതികരണം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.