ശീതള പാനീയത്തിന് 4.5 രൂപ ജിഎസ്ടി ഈടാക്കിയെന്ന് പരാതി; സ്വിഗ്ഗിയ്ക്ക് 20,000 രൂപ പിഴ
ശീതള പാനീയത്തിന് 4.5 രൂപ ജിഎസ്ടി ഈടാക്കിയെന്ന് പരാതി; സ്വിഗ്ഗിയ്ക്ക് 20,000 രൂപ പിഴ
144 രൂപ വില വരുന്ന ചീസി ഗാർലിക്ക് സ്റ്റിക്കും 90 രൂപ വിലവരുന്ന മൂന്ന് ശീതള പാനീയങ്ങളും ഓർഡർ ചെയ്ത ഉപഭോക്താവിൽ നിന്ന് ശീതള പാനീയത്തിന് സ്വിഗ്ഗി 4.5 രൂപ ജിഎസ്ടി ഈടാക്കുകയായിരുന്നു
ശീതള പാനീയത്തിന് 4.5 രൂപ ജിഎസ്ടി ഈടാക്കിയതായി പരാതി. ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിയ്ക്ക് 20,000 രൂപ പിഴ. ഹരിയാന സ്വദേശിയായ ഒരു ഉപഭോക്താവാണ് താൻ ഓർഡർ ചെയ്ത ശീതള പാനീയത്തിന് സ്വിഗ്ഗി 4.5 രൂപ ജിഎസ്ടി ഈടാക്കി എന്നാരോപിച്ച് പരാതിയുമായി രംഗത്തെത്തിയത്. പിഴ തുകയുടെ പകുതി പരാതി ഉന്നയിച്ച അഭിഷേക് ഗാർഗിന് ലഭിക്കും. ബാക്കി പകുതി തുക കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സംസ്ഥാന കൗൺസിലിന്റെ അക്കൗണ്ടിലാണ് ലഭിക്കുക. ഹരിയാനയിലെ പഞ്ച്കുലയിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് സ്വിഗ്ഗിയോട് പിഴയൊടുക്കാൻ ആവശ്യപ്പെട്ട് ഉത്തരവിട്ടത്.
2018 ഓഗസ്റ്റിലാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. 144 രൂപ വില വരുന്ന ചീസി ഗാർലിക്ക് സ്റ്റിക്കും 90 രൂപ വിലവരുന്ന മൂന്ന് ശീതള പാനീയങ്ങളും ഓർഡർ ചെയ്ത ഉപഭോക്താവിൽ നിന്ന് ശീതള പാനീയത്തിന് സ്വിഗ്ഗി 4.5 രൂപ ജിഎസ്ടി ഈടാക്കുകയായിരുന്നു. 2006ലെ ഉപഭോക്തൃ വസ്തുക്കളെ സംബന്ധിച്ച നിയമത്തിന്റെ ലംഘനമാണ് സ്വിഗ്ഗിയുടെ നടപടി എന്നതായിരുന്നു അഭിഷേക് ഗാർഗിന്റെ പരാതി.
തങ്ങൾ ഈ ഇടപാടിൽ ഒരു ഇടനിലക്കാരൻ മാത്രമാണ് എന്നതായിരുന്നു സ്വിഗ്ഗിയുടെ വാദം. തങ്ങളുടെ സേവനത്തിന്റെ കാര്യത്തിൽ അപാകതകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ബില്ലിൽ പരാമർശിക്കുന്ന നികുതികളെല്ലാം വ്യാപാരസ്ഥാപനം നേരിട്ട് ഈടാക്കുന്നതാണെന്നും അവർക്കുവേണ്ടി പണം ശേഖരിക്കുക എന്ന ജോലി മാത്രമേ തങ്ങൾ ഏറ്റെടുക്കുന്നുള്ളൂ എന്നും അവർ പ്രതികരിച്ചു.
എന്നാൽ, സ്വിഗ്ഗി തങ്ങളുടേതായ മറ്റു പരിഗണനകൾ ഒന്നുമില്ലാതെ ഉപഭോക്താക്കൾക്ക് സൗജന്യ സേവനമല്ല നൽകുന്നത് എന്നായിരുന്നു ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നിലപാടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സ്വിഗ്ഗി ഒരു ചാരിറ്റബിൾ ഓർഗനൈസേഷൻ അല്ലെന്നും വിൽപ്പനക്കാരനും ഉപഭോക്താവിനും ഇടയിൽ കണ്ണിയായി പ്രവർത്തിക്കുകയും ഡെലിവറിയ്ക്കായി ഓർഡറുകൾ സ്വീകരിച്ച് വിൽപ്പനക്കാർക്ക് കൈമാറുകയും ചെയ്യുകയാണ് സ്വിഗ്ഗിയുടെ പ്രവർത്തനമെന്നും കമ്മീഷൻ വ്യക്തമാക്കി.
മുമ്പും ഭക്ഷണ വിതരണ ആപ്പുകളായ സ്വിഗ്ഗിയും സൊമാറ്റോയും നിരവധി വിവാദങ്ങളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. അടുത്തിടെ സൊമാറ്റോയുടെ ഒരു ഡെലിവറി ജീവനക്കാരൻ തന്നെ ആക്രമിച്ചതായി ആരോപിച്ച യുവതിയുടെ വീഡിയോ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു. സമാനമായ രീതിയിൽ 2019ൽ ഡെലിവറി ജീവനക്കാരൻ ഉപദ്രവിച്ചതായി ആരോപിച്ച് ബെംഗളൂരു സ്വദേശിയായ യുവതി സ്വിഗ്ഗിയ്ക്കെതിരെയും രംഗത്ത് വന്നിരുന്നു. പിന്നീട്, സ്വിഗ്ഗി അവരോട് ഔദ്യോഗികമായി ക്ഷമാപണം നടത്തുകയും 200 രൂപ മൂല്യമുള്ള ഒരു കൂപ്പൺ നൽകുകയും ചെയ്തു. രാജ്യത്തെ പ്രമുഖ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കും എതിരെ ഉപഭോക്താക്കളിൽ നിന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഉയർന്നു വന്ന അനേകം പരാതികളിൽ ചിലതാണ് ഇവ.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.