• HOME
 • »
 • NEWS
 • »
 • buzz
 • »
 • ചൂടുകാലത്ത് ആനകൾക്ക് നീന്തിതുടിക്കാം; ആഗ്രയിലെ ആന സംരക്ഷണ കേന്ദ്രത്തിൽ വലിയ കുളങ്ങൾ തയാർ

ചൂടുകാലത്ത് ആനകൾക്ക് നീന്തിതുടിക്കാം; ആഗ്രയിലെ ആന സംരക്ഷണ കേന്ദ്രത്തിൽ വലിയ കുളങ്ങൾ തയാർ

ഇപ്പോൾ കേന്ദ്രത്തിലെ 29 ആനകൾക്കും അവരവരുടെ സ്വന്തം കുളങ്ങളിൽ യഥേഷ്ടം സമയം ചെലവഴിക്കാം. കുളത്തിന് പുറമേ വാട്ടർ സ്പ്രിംഗ്ളറുകളും ഒരുക്കിയിട്ടുണ്ട്.

photo- IANS

photo- IANS

 • Share this:
  ഉത്തരേന്ത്യയിലെ കടുത്ത ചൂടിൽ ആനകൾക്ക് ആശ്വാസമായി ആഗ്ര-ദില്ലി ദേശീയപാതയോട് ചേർന്നുള്ള വൈൽഡ് ലൈഫ് എസ്‌ഒ‌എസ് ആന സംരക്ഷണ കേന്ദ്രം. ആനകൾക്ക് ചൂടിനെ മറികടക്കാൻ വളരെ വലിയ കുളങ്ങളാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. ചൂടുകാലത്ത് ഈ കുളങ്ങളിൽ ആനകൾക്ക് കൂടുതൽ സമയം ചെലവഴിക്കാം.

  കഴിഞ്ഞ ഒരാഴ്ചയായി ഉത്തരേന്ത്യയിൽ താപനില കുത്തനെ ഉയരുകയാണ്. ഇത് സംരക്ഷണ കേന്ദ്രത്തിലെ ആനകൾക്ക് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്രത്തിലെ 29 ആനകൾക്കും അവരവരുടെ സ്വന്തം കുളങ്ങളിൽ യഥേഷ്ടം സമയം ചെലവഴിക്കാം. കുളത്തിന് പുറമേ വാട്ടർ സ്പ്രിംഗ്ളറുകളും ഒരുക്കിയിട്ടുണ്ട്. ആനകളുടെ സ്വതന്ത്രമായ ചുറ്റുപാടുകളിൽ തണുത്ത മേഖലകൾ സൃഷ്ടിക്കുകയാണ് ഇതുവഴി അധികൃതർ ലക്ഷ്യമിട്ടത്.

  ആനകൾ അവരുടെ സ്വന്തം കുളങ്ങളിൽ സമയം ചെലവഴിക്കുന്നത് വളരെയേറെ ആസ്വദിക്കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. മുതിർന്ന ആനകൾ തണുത്ത വെള്ളത്തിൽ മണിക്കൂറുകളോളം വെറുതെ കിടക്കാൻ താത്പര്യപ്പെടുമ്പോൾ ചില കുട്ടിക്കുറുമ്പന്മാർ വെള്ളത്തിൽ ഊളിയിട്ട് കളിക്കുന്നത് കാണാം. പീനട്ട്, കോക്കനട്ട്, ലക്ഷ്മി, ചഞ്ചൽ തുടങ്ങിയ കുട്ടിയാനകൾ വെള്ളത്തിൽ മുങ്ങിയും കുളത്തിനുള്ളിലെ റബ്ബർ ടയറുകൾ കൊണ്ട് കളിക്കുന്നതും കാണാം.

  Also Read- Happy Birthday Adoor Gopalakrishnan| എട്ട് മുതൽ എൺപതുവരെ; അടൂർ ഗോപാലകൃഷ്ണന്റെ കലാജീവിതം

  400 ചതുരശ്ര അടി വലുപ്പത്തിൽ 6 അടി താഴ്ച്ചയിലാണ് കുളങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ആനകൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ, ഓരോ കുളത്തിലേക്കും ഒരു ചെരിഞ്ഞ പാതയുണ്ട്. ചൂടിൽ നിന്ന് ആശ്വാസം നൽകുന്നതിനുപുറമെ, ആനകളുടെ പാദങ്ങളിലെ തൊലി കുതിരാനും ആനകൾക്ക് കൂടുതൽ ആശ്വാസം നൽകാനും സഹായിക്കും.

  മഥുരയിലെ എലിഫന്റ് ഹോസ്പിറ്റലിലാണ് ആനകൾക്കായി ഇന്ത്യയിലെ ആദ്യത്തെ ജംബോ ഹൈഡ്രോതെറാപ്പി പൂൾ സ്ഥാപിച്ചിട്ടുള്ളത്. ആനകളുടെ സന്ധികൾക്കും കാലുകൾക്കുമുള്ള വേദന മാറാൻ ഈ ജലചികിത്സ വളരെ ഫലപ്രദമാണ്. വിട്ടുമാറാത്ത പേശിവേദന ഒഴിവാക്കാനും പേശികളുടെ സ്വാഭാവിക പ്രതിരോധം ഉറപ്പു വരുത്താനും ജലചികിത്സ സഹായിക്കുന്നു.

  Also Read- വിശ്വചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് ഇന്ന് 80ാം പിറന്നാൾ

  11 അടി ആഴമുള്ള ഹൈഡ്രോതെറാപ്പി പൂളിൽ 21 ഉയർന്ന മർദ്ദത്തിലുള്ള ജെറ്റ് സ്പ്രേകളുണ്ട്, ഇത് ജല സമ്മർദ്ദം സൃഷ്ടിക്കുകയും ആനകളുടെ കാലും ശരീരവും മസാജ് ചെയ്യുകയും രക്തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

  സർക്കസുകളിൽ പ്രകടനം നടത്തുക, വിനോദസഞ്ചാര സവാരി നൽകുക, തെരുവുകളിൽ ഭിക്ഷാടനം നടത്തുക, വിവാഹ ഘോഷയാത്രകളുടെ ഭാഗാമാകുക തുടങ്ങിയ സമ്മർദ്ദകരമായ അവസ്ഥകളിൽ നിന്ന് വൈൽഡ് ലൈഫ് എസ്‌ഒ‌എസ് ആനകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആനകളുടെ സന്ധിവാതത്തിന് പ്രധാന കാരണം കോൺക്രീറ്റിൽ മണിക്കൂറുകളോളം ചങ്ങലയിട്ട് നിർത്തുന്നതാണ്. പോഷകാഹാരക്കുറവും ഉചിതമല്ലാത്ത പാദസംരക്ഷണവും കാലുകളിൽ മുറിവുകൾക്ക് കാരണമാകാറുണ്ട്.

  ചൂടു കാലത്ത് ആനകൾക്കുണ്ടാകുന്ന സ്ട്രോക്കുകളും നിർജ്ജലീകരണവും തടയാൻ ഗ്ലൂക്കോസ്, ഇലക്ട്രോലൈറ്റ് ലായനി, ഔഷധ മരുന്നുകൾ എന്നിവ നൽകാറുണ്ടെന്നും വൈൽഡ്‌ലൈഫ് എസ്‌ഒ‌എസ് വെറ്ററിനറി സർവീസസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ ഇളയരാജ പറഞ്ഞു.
  Published by:Rajesh V
  First published: