നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • തമിഴ്നാട് ബിജെപിനേതാവിന് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരുവോട്ട്; വീട്ടുകാർ പോലും കൂടെയില്ലേയെന്ന് സോഷ്യല്‍ മീഡിയ

  തമിഴ്നാട് ബിജെപിനേതാവിന് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരുവോട്ട്; വീട്ടുകാർ പോലും കൂടെയില്ലേയെന്ന് സോഷ്യല്‍ മീഡിയ

  കോയമ്പത്തൂർ കുരുടംപാളയം പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് ബിജെപി നേതാവിന്റെ ദയനീയ തോൽവി

  ഡി കാർത്തിക്

  ഡി കാർത്തിക്

  • Share this:
  പാലക്കാട്:  തമിഴ്നാട്ടിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേതാവിന് ഒരു വോട്ട് മാത്രം ലഭിച്ചത് ആഘോഷമാക്കിയിരിക്കുകയാണ് ട്രോളർമാർ.  കോയമ്പത്തൂരിന് സമീപം കുരുടംപാളയം പഞ്ചായത്തിലെ ഒൻപതാം വാർഡായ പെരിയനായ്ക്കെൻപാളയത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി നേതാവിന് ഒരു വോട്ട് മാത്രം ലഭിച്ചത്. ഇതോടെ സ്ഥാനാർത്ഥിയ്ക്കെതിരെയുള്ള ട്രോളുകൾ തമിഴ്നാട്ടിൽ വൈറലാണ്.

  കോയമ്പത്തൂരിന് സമീപം കുരുടംപാളയം പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ തമിഴ്നാട്ടിൽ വൈറൽ. ഈ വാർഡിൽ ജയിച്ച സ്ഥാനാർത്ഥിയേക്കാൾ നാട്ടുകാരും തമിഴ്നാട്ടിലെ വാർത്താ മാധ്യമങ്ങളും ആഘോഷിയ്ക്കുന്നത് ഒരു വോട്ട് മാത്രം കിട്ടിയ ബി ജെ പി നേതാവ് ഡി. കാർത്തിക്കിൻ്റെ ദയനീയ തോൽവിയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പായതിനാൽ എല്ലാ പാർട്ടികളും സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിച്ചത്. കട്ടിൽ ചിഹ്നത്തിൽ മത്സരിച്ച ഡിഎംകെയിലെ അരുൾരാജാണ് 387 വോട്ട് നേടി വാർഡിൽ ജയിച്ചത്. കാർ ചിഹ്നത്തിൽ മത്സരിച്ച ബി ജെ പി നേതാവ് കാർത്തിക്കിന് ഒരു വോട്ട് മാത്രം കിട്ടി. ഇതോടെയാണ് ബന്ധുക്കളോ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടവരോ പോലും വോട്ട് ചെയ്തില്ലെന്ന് പരിഹസിച്ച് സോഷ്യൽമീഡിയ ട്രോളിയത്.  എന്നാൽ തനിയ്ക്കും കുടുംബത്തിനും പഞ്ചായത്തിലെ  നാലാം വാർഡിലാണ് വോട്ടെന്നും അടുത്ത തവണ മികച്ച വിജയം നേടുമെന്നും വ്യക്തമാക്കി കാർത്തിക് രംഗത്തെത്തി. വീട്ടിലെ സാഹചര്യങ്ങൾ കാരണം ഇത്തവണ കാര്യമായി പ്രചാരണത്തിനിറങ്ങാൻ സാധിച്ചില്ലെന്നും അടുത്ത തവണ ശക്തമായി പ്രവർത്തിച്ച് ജയിക്കുമെന്നും കാർത്തിക് വിശദീകരിച്ചു. യുവമോർച്ച കോയമ്പത്തൂർ വടക്കൻ മേഖലാ വൈസ് പ്രസിഡന്റാണ് കാർത്തിക്. ഉപതെരഞ്ഞെടുപ്പിൽ എഐഡിഎംകെയിലെ വൈദ്യലിംഗം 196 വോട്ട്‌ നേടി. എന്തായാലും ബിജെപി നേതാവായ  കാർത്തിക്കിന്റെ ദയനീയ പരാജയം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

  മത്സരഫലം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കാർത്തിക്കിന്റെ ഒറ്റവോട്ടിനെ ചൊല്ലിയുള്ള ട്രോളുകള്‍ പ്രവഹിക്കുകയാണ്. #SingleVoteBJP എന്ന ഹാഷ്ടാഗ് ഇതോടെ ട്വിറ്ററിൽ ട്രെൻഡിംഗായി. 12,000ത്തിൽ അധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ വന്നത്. കവയിത്രിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമിയും വിഷയത്തിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വോട്ടുചെയ്യാന്‍ തീരുമാനിച്ച അദ്ദേഹത്തിന്റെ വീട്ടിലെ മറ്റ് നാല് വോട്ടര്‍മാരെയോര്‍ത്ത് അഭിമാനിക്കുന്നു - എന്നായിരുന്നു ട്വീറ്റ്.  ഡിഎംകെ ഐടി വിംഗ് സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി ഇസൈ ട്വീറ്റ് ചെയ്തത് ഇങ്ങനെ- “തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി ഒരു വോട്ട് നേടി, അദ്ദേഹത്തിന്റെ കുടുംബത്തിന് 5 വോട്ടുകളുണ്ട്.''

  മറ്റൊരു ട്വിറ്റർ ഉപയോക്താവ് ശിവ പ്രസാദ് ടിആർ എഴുതിയത് ഇങ്ങനെ- "#തമിഴ്‌നാട്ടിലെ ആളുകൾ വളരെ ക്രൂരരാണ്, അവർ 10 വോട്ടെങ്കിലും ചെയ്യണമായിരുന്നു. കുറഞ്ഞത് പോസ്‌റ്ററിൽ ഉണ്ടായിരുന്ന പത്തുപേരെങ്കിലും''. ഒക്ടോബർ 9നാണ് കോയമ്പത്തൂരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നു. ഈ ഉപതെരഞ്ഞെടുപ്പിൽ 55,280 പേർ വോട്ടു ചെയ്തു.

  കോയമ്പത്തൂർ ഉപതെരഞ്ഞെടുപ്പുകൾക്ക് പുറമേ, മറ്റ് തമിഴ്‌നാട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലും നടക്കുന്നു. ഒക്ടോബർ 12 ന് രാവിലെ 8 മണിക്ക് തമിഴ്നാട്ടിലെ 74 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. സംസ്ഥാനത്തെ കാഞ്ചീപുരം, ചെങ്കൽപ്പാട്ട്, തിരുനെൽവേലി, തെങ്കാശി, റാണിപേട്ട്, വില്ലുപുരം, വെല്ലൂർ, തിരുപ്പത്തൂർ, കല്ലാക്കുറിച്ചി ജില്ലകളിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

  31,245 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണൽ പ്രക്രിയയിൽ ഭാഗഭാക്കാകുന്നത്. 6,228 പോലീസുകാരെ ഒൻപത് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
  Published by:Rajesh V
  First published:
  )}