തമിഴ്നാട്: അസാധാരണമായ ഒരു വിവാഹസമ്മാനം ലഭിച്ച ഞെട്ടലിലാണ് തമിഴ്നാട്ടിൽ നിന്നുള്ള നവദമ്പതികൾ. പൊന്നേരി സർക്കാര്‍ ആശുപത്രി നഴ്സായ ഷീബ സുവിധയും ഭർത്താവും എഞ്ചിനിയറുമായ സെന്തിൽ കുമാറുമാണ് സുഹൃത്തുക്കൾ നൽകിയ സമ്മാനം കണ്ട് ഞെട്ടിയത്. പിന്നീട് ഇത് തന്നെ നല്ലൊരു തമാശയ്ക്ക് വഴി മാറുകയും ചെയ്തു. വിവാഹശേഷം ഇരുവരുടെയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു. അതിഥികളെല്ലാം സമ്മാനങ്ങളുമായെത്തിയപ്പോഴാണ് സുഹൃത്തുക്കള്‍ 'വ്യത്യസ്ത' സമ്മാനവുമായെത്തി അമ്പരപ്പിച്ചത്.
ഷീബ മുമ്പ് ജോലി ചെയ്തിരുന്ന റോയപുരം ആർഎസ്ആർഎം ആശുപത്രിയിൽ നിന്നുള്ള സുഹൃത്തുക്കളാണ് ദമ്പതികൾക്ക് നിലവിൽ 'വളരെ വിലയേറിയ' ഒരു വസ്തു സമ്മാനമായി നൽകിയത്. വളരെ മനോഹരമായി അലങ്കരിച്ച ഒരു ബൊക്കെയാണ് ഇവർ നവദമ്പതികൾക്ക് കൈമാറിയത്. പൂക്കൾ കൊണ്ടുണ്ടാക്കിയതാണെന്നാണ് ആദ്യം കരുതിയതെങ്കിലും ഒരു തവണ കൂടി നോക്കിയപ്പോഴാണ് സംഭവം പിടികിട്ടിയത്.
ഉള്ളികൾ കൊണ്ടുള്ള ഒരു ബൊക്കയായിരുന്നു അത്. ഉള്ളിവില റോക്കറ്റ് പോലെ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇതിലും വിലയേറിയ സമ്മാനം നൽകാനില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മൂന്ന് കിലോ ഉള്ളി ഉപയോഗിച്ച് തയ്യാറാക്കിയ ബൊക്കെയായിരുന്നു ഇതെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.
'അതിഥികളെ സ്വീകരിച്ചു കൊണ്ടിരുന്ന സമയമായതിനാൽ ഗിഫ്റ്റ് കണ്ട ഉടൻ തന്നെ പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് എല്ലാവരും കൂടി പൊട്ടിച്ചിരിക്കുകയായിരുന്നു എന്നാണ് ഷീബയും ഭര്‍ത്താവും പറയുന്നത്. വിവാഹത്തിന് ഒരു ദിവസം മുമ്പ് എന്ത് സമ്മാനം വാങ്ങണമെന്ന് എല്ലാവരും ചേർന്ന് ആലോചിച്ചു അപ്പോൾ കൂട്ടത്തിലൊരാളാണ് ഇങ്ങനെയൊരു ആശയം പറഞ്ഞത്. ഒടുവിൽ ഉള്ളി തന്നെ സമ്മാനമായി നൽകാൻ തീരുമാനിക്കുകയായിരുന്നു.
മനോഹരമായ അലങ്കരിച്ച് ഒരു ബൊക്കയുടെ രൂപത്തിലാണ് ഞങ്ങൾ ആ സമ്മാനം നൽകിയത്. RSRM ഹോസ്പിറ്റൽ കൗൺസിലർ കൂടിയായ ഹേമലത പറയുന്നു. നിലവിലെ ഉള്ളിയുടെ വില വച്ച് ഇത് ഒരു ഉപകാരപ്രദമായ സമ്മാനമാണെന്നു തോന്നിയെന്നും തങ്ങളുടെ വ്യത്യസ്ത സമ്മാനത്തെക്കുറിച്ച് ഇവർ വിശദീകരിക്കുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.