നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ക്ലാസ്മുറിയില്‍ സിനിമാപാട്ടിനൊപ്പം അധ്യാപികമാര്‍ ഡാന്‍സ് ചെയ്തു; 'സദാചാരവിരുദ്ധമെന്ന്' വിദ്യാഭ്യാസവകുപ്പ്‌

    ക്ലാസ്മുറിയില്‍ സിനിമാപാട്ടിനൊപ്പം അധ്യാപികമാര്‍ ഡാന്‍സ് ചെയ്തു; 'സദാചാരവിരുദ്ധമെന്ന്' വിദ്യാഭ്യാസവകുപ്പ്‌

    വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഈ അധ്യാപികമാരെ 'സദാചാര വിരുദ്ധമായ പെരുമാറ്റത്തിന്' സസ്പെന്‍ഡ് ചെയ്തുവെന്നാണ് വിശദീകരണം.

    • Share this:
      വൈറല്‍ വീഡിയോയിലൂടെ പ്രശസ്തരായ ആഗ്രയിലെ സ്‌കൂള്‍ അധ്യാപികമാര്‍ക്ക് അതേ വീഡിയോയിലൂടെ ഒരു 'പണി' കൂടി കിട്ടിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അച്ച്നേര ജില്ലയിലെ സാധനിലുള്ള ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അഞ്ച് അസിസ്റ്റന്റ് അദ്ധ്യാപികമാര്‍, ഒരു ഒഴിഞ്ഞ ക്ലാസ് റൂമിനുള്ളില്‍ സിനിമ ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യുന്ന ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പ്.

      വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഈ അധ്യാപികമാരെ 'സദാചാര വിരുദ്ധമായ പെരുമാറ്റത്തിന്' സസ്പെന്‍ഡ് ചെയ്തുവെന്നാണ് വിശദീകരണം.രശ്മി സിസോദിയ, ജീവിക കുമാരി, അഞ്ജലി യാദവ്, സുമന്‍ കുമാരി, സുധാ റാണി എന്നീ അഞ്ച് അധ്യാപകിമാര്‍ പ്രശസ്തമായ 'മൈനു ലെഗെന്‍ഗ ലേഡെ മെഹംഗ' എന്ന പഞ്ചാബി ഗാനത്തിനാണ് നൃത്തം ചെയ്തത്. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, 15 ദിവസത്തിനുള്ളില്‍ സംഭവം അന്വേഷിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

      ആഗ്രയിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് സസ്പെന്‍ഷന്‍ ഉത്തരവുകള്‍ നല്‍കിയത്.''അധ്യാപികമാര്‍ നൃത്തം ചെയ്യുന്ന പാട്ടുകള്‍ വിദ്യാഭ്യാസപരമല്ല. ക്ലാസ്സില്‍ നൃത്തം ചെയ്തുകൊണ്ട് അവര്‍ അധ്യാപക സേവന നിയമങ്ങള്‍ ലംഘിക്കുകയും വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായ നശിപ്പിക്കുകയും ചെയ്തു. ഗ്രാമവാസികള്‍ക്കിടയില്‍ രോഷം സൃഷ്ടിച്ചു,'' അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധികാരി (ബിഎസ്എ) ബ്രജരാജ് സിംഗ് പുറപ്പെടുവിപ്പിച്ച സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.2021 മാര്‍ച്ച് 21 നാണ് ഈ വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്ന് പറയപ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ദിനേശ് ചന്ദ് പരിഹറില്‍ നിന്ന് വകുപ്പ് വിശദീകരണം തേടി.

      പ്രിന്‍സിപ്പല്‍, തന്റെ മറുപടിയില്‍ മാര്‍ച്ചില്‍ നടന്ന അധ്യാപികമാരുടെ നൃത്ത പ്രകടനത്തെക്കുറിച്ച് തനിക്ക് മുന്‍കൂര്‍ വിവരങ്ങളൊന്നുമില്ലെന്ന് പറഞ്ഞു. അന്ന് അദ്ദേഹം ഒരു അക്കാദമിക് മീറ്റിംഗിന് പോയിരുന്നു.അനുചിതമായ പെരുമാറ്റം, വകുപ്പിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കല്‍, 1978ലെ സര്‍ക്കാര്‍ ജീവനക്കാരുടെ നിയന്ത്രണങ്ങള്‍, വിദ്യാഭ്യാസ അവകാശ നിയമം എന്നിവ ലംഘിച്ചുവെന്നാണ് അധ്യാപികമാര്‍ക്ക് മേലുള്ള കുറ്റങ്ങള്‍. ''അച്നേര ബ്ലോക്കിലെ സാധനിലുള്ള പ്രൈമറി സ്‌കൂളിലെ അഞ്ച് അസിസ്റ്റന്റ് അധ്യാപകരോടും പ്രഥമാധ്യാപകരോടും വിശദീകരണം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. നാല് അധ്യാപകര്‍ മറുപടി നല്‍കിയെങ്കിലും ഒരാള്‍ മറുപടി നല്‍കിയില്ല,'' ബ്രജരാജ് സിംഗ് പിടിഐയോട് പറഞ്ഞു.

      അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് മൂന്നംഗ സമിതി കേസ് അന്വേഷിക്കുകയും അഞ്ച് അധ്യാപകര്‍ക്കും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുമെന്ന് ശനിയാഴ്ച പാസാക്കിയ ഉത്തരവില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രമുഖ ഇന്ത്യന്‍ യുവ സംഗീതജ്ഞനായ ജാസ് മനക്ക് വരികളെഴുത്തി ഈണമിട്ട് പാടിയ 'മൈനു ലെഗെന്‍ഗ ലേഡെ മെഹംഗ' എന്ന ഗാനം വളരെ പ്രശസ്തമായിരുന്നു. 2019-ല്‍ ഇറങ്ങിയ ലെഹംഗ എന്ന ആല്‍ബത്തിലെ ഈ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ ജാസിനൊപ്പം നടിയും മോഡലുമായ മഹീറാ ശര്‍മ്മയുമുണ്ടായിരുന്നു.
      Published by:Jayashankar AV
      First published:
      )}