നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'എല്ലാവരെയും കൂട്ടിയിണക്കുന്ന എന്തോ ഒന്ന് ഇന്ത്യയുടെ ഒത്തൊരുമയുടെ അടിസ്ഥാനമാകുന്നു': വൈറലായി ഒരു ഫേസ്ബുക്ക് പോസ്റ്റ്

  'എല്ലാവരെയും കൂട്ടിയിണക്കുന്ന എന്തോ ഒന്ന് ഇന്ത്യയുടെ ഒത്തൊരുമയുടെ അടിസ്ഥാനമാകുന്നു': വൈറലായി ഒരു ഫേസ്ബുക്ക് പോസ്റ്റ്

  ഇന്ത്യയുടെ മതേതര ഭരണഘടനയെ കുറിച്ച് ആശങ്കകൾ ഉള്ള ഒരു സമയം ആണിപ്പോൾ, നമ്മൾ ഇതും അതിജീവിക്കും എന്ന് കഴിഞ്ഞ കാലങ്ങളിലെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രം നോക്കി ആശിക്കാൻ മാത്രമേ ഇപ്പോൾ നമുക്ക് കഴിയുകയുള്ളൂ

  നസീർ ഹുസൈൻ കിഴക്കേടത്ത്

  നസീർ ഹുസൈൻ കിഴക്കേടത്ത്

  • News18
  • Last Updated :
  • Share this:
   ഭാഷകളുടെ അടിസ്ഥാനത്തിൽ ഉള്ള സംസ്ഥാനങ്ങൾ, പല സംസ്കാരങ്ങൾ, ഭക്ഷണ രീതികൾ , ആചാരങ്ങൾ എല്ലാം കൂടിച്ചേർന്ന ഒരവിയൽ പരുവം ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. പക്ഷെ എല്ലാവരെയും കൂട്ടിയിണക്കുന്ന എന്തോ ഒന്ന് ഇന്ത്യക്കാരുടെ ഒത്തൊരുമയുടെ അടിസ്ഥാന ഘടകമായി വർത്തിക്കുന്നു. ലോകത്ത് ഒരത്ഭുത ജനാധിപത്യ രാജ്യം എന്ന സൽപെരുമയോടെ.. റിപ്പബ്കിക് ദിനത്തിൽ ആശംസകൾ നേർന്ന് ഐടി പ്രൊഫഷണൽ നസീർ ഹുസൈൻ കിഴക്കേടത്ത് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്. ഇന്ത്യ എന്ന അത്ഭുതം എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത ദീർഘമായി ഈ കുറിപ്പ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു

   ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

   ഇന്ത്യ എന്ന അത്ഭുതം.

   എന്റെ ആദ്യത്തെ ബാങ്ക് സമ്പാദ്യം 35 രൂപയായിരുന്നു. 1984 ൽ ഏഴിൽ പഠിക്കുമ്പോൾ പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തത്തിലെ പത്തു ദിവസത്തെ ഉത്സവ സമയത്ത് കപ്പലണ്ടി വിറ്റുണ്ടാക്കിയ പണമാണ്. ഉമ്മയാണ് ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടിൽ ഇടാൻ പറഞ്ഞത്. ഇന്ന് എന്റെ ആസ്തി ഒരു മില്യൺ ഡോളറിൽ കൂടുതൽ ഉണ്ട്. ഭാര്യയും ഞാനും ജോലി ചെയ്തതും , കഴിഞ്ഞ പത്ത് വർഷമായി സ്റ്റോക്ക് മാർക്കെറ്റിൽ നിന്ന് നിക്ക് കിട്ടിയ ലാഭവും എല്ലാം കൂട്ടിയിലാണിത്, നാളെ സ്റ്റോക്ക് മാർക്കറ്റ് താഴെ പോയാൽ ഇതിൽ വ്യത്യാസം വരാം. പക്ഷെ മാസം മൂവായിരം രൂപ കിട്ടുമല്ലോ എന്നോർത്തു എംസിഎ കോഴ്സ് ചെയ്ത ഒരാൾക്ക് ആവശ്യത്തിൽ അധികം പണമാണിത്.

   ഇത് ഒരുപക്ഷെ എന്റെ കഴിവുകൊണ്ട് ഉണ്ടായതാണെന്ന് ഒരു പക്ഷെ തോന്നിയേക്കാം. എന്നാൽ അത് ഒരു ചെറിയ ഘടകം മാത്രമാണ്. എന്റെ അതെ കഴിവും ബുദ്ധിയും ഉള്ള , എന്നാൽ ഏതാണ്ട് ഇന്ത്യയുടെ കൂടെ സ്വാതന്ത്ര്യം കിട്ടിയ പാകിസ്ഥാനിലോ, ബർമയിലോ , ശ്രീലങ്കയിലോ, അഫ്ഗാനിസ്ഥാനിലോ, ആഫ്രിക്കയിലെ ഏതെങ്കിലും രാജ്യത്തോ ജനിച്ച ഒരു കുട്ടിക്ക് ഇതുപോലെ ജീവിതവിജയം നേടാൻ അവസരം ഉണ്ടാകാൻ ഉള്ള സാധ്യത വളരെ കുറവാണു.

   ഇവിടെ ഞാൻ വാടകയ്ക്ക് കൊടുത്തിരുന്ന വീട്ടിലെ ആദ്യ വാടകക്കാർ പാകിസ്ഥാനികൾ ആയിരുന്നു. അവർ ചോദിച്ച പ്രസക്തമായ ഒരു ചോദ്യമുണ്ട്. "ഒരേ സമയത്ത് സ്വാതന്ത്ര്യം കിട്ടി ,ഒരേ ജനിതകവും ചോരയും ഉള്ള, ഒരേ സംസ്കാരമുള്ള പാകിസ്ഥാനിൽ നിന്ന് എന്തുകൊണ്ട് അധികം സോഫ്റ്റ്‌വെയർ എൻജിനീയർമാർ അമേരിക്കയിൽ ഇല്ല, എന്തുകൊണ്ട് ഗൂഗിളോ, മൈക്രോസോഫ്റ്റോ പാകിസ്താനികളോ മറ്റുള്ള രാജ്യക്കാരോ നയിക്കുന്നില്ല, എന്തുകൊണ്ട് ഒരു പാക്കിസ്ഥാൻ പേടകം ചന്ദ്രനിൽ ഇറങ്ങുന്നില്ല?"

   Also Read-'ഷഹീൻ ബാഗ് മുക്ത ഡൽഹിക്കായി താമരയ്ക്ക് വോട്ട് ചെയ്യു': ആഹ്വാനവുമായി അമിത് ഷാ

   ഇതിന്റെ അടിസ്ഥാന കാരണമായി വർത്തിക്കുന്നത് ഇന്ത്യയുടെ ജനാധിപത്യമാണ്. കാരണം സമാധാനപൂർണമായ, മതേതരമായ, ആധുനിക നിയമങ്ങൾ നിലവിലുള്ള , നീതി നടപ്പിലാക്കുന്ന, പട്ടാള അട്ടിമറി ഇല്ലാത്ത ശാസ്ത്രാവബോധം വളർത്തുന്ന ഭരണഘടനാ കാവൽ നിൽക്കുന്ന ഒരു ജനാധിപത്യം. സമാധാനപൂർണമായ ഒരു ജനാധിപത്യ രാജ്യത്താണ് സമ്പത്തും അവസരങ്ങളും വളരുന്നത്.

   ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ബ്രിട്ടീഷുകാരനായ വിൻസ്റ്റൺ ചർച്ചിൽ മുതൽ, ഇന്ത്യയുടെ പ്രധാനമന്ത്രിയായ നെഹ്‌റു വരെ ആശങ്കപ്പെട്ടിട്ടുണ്ട്. നിരക്ഷരായ ഇന്ത്യക്കാർക്ക് , ജാതികൊണ്ടും മതം കൊണ്ടും വിഭജിതരായ ഇന്ത്യ പോലെ ഒരു രാഷ്ട്രത്തിൽ ജനാധിപത്യം നിലനിൽക്കില്ല എന്നായിരുന്നു ചർച്ചിലിന്റെ വാദം. സ്വാതന്ത്ര്യം കിട്ടി കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ഇന്ത്യ പല ഭാഗങ്ങളായി അടിച്ചു പിരിയും എന്ന് അദ്ദേഹം പ്രവചിച്ചു. ഇന്ത്യ ഇന്ത്യക്കാർ തന്നെ ഭരിക്കണം എന്നും മതത്തെയും മനുസ്‌മൃതിയെയും തള്ളിക്കളഞ്ഞു കൊണ്ട് ആധുനിക ജനാധിപത്യ രാജ്യമായി ഇന്ത്യ വാഴണം എന്നും ഉറപ്പുണ്ടായിരുന്ന നെഹ്‌റുവിനു പക്ഷെ ഇന്ത്യയിയിലെ ജനാധിപത്യം, പണം കൊണ്ടും കോലാഹല പ്രചാരണങ്ങൾ കൊണ്ടും കഴിവുള്ള നേതാക്കളെക്കാൾ കയ്യൂക്കുള്ളവൻ തെരഞ്ഞെടുക്കപെടാൻ അവസരം ഒരുക്കും എന്നുള്ള ആശങ്കയായിരുന്നു. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സ്ഥിതി വരുമെന്ന് വളരെ മുൻകൂട്ടി കണ്ട ഒരാളായിരുന്നു നെഹ്‌റു.

   ലോകത്തിലെ പല ജനാധിപത്യ രഷ്ട്രങ്ങളിലെയും ജനങ്ങൾ ഒരേ മതം, ഒരേ സംസ്കാരം, അല്ലെങ്കിൽ ഒരേ ഭാഷ എന്ന ഏതെങ്കിലും ഘടകം കൂട്ടിച്ചേർത്തി നിർത്തിയിരിക്കുന്ന രാജ്യങ്ങളാണ്. ഇന്ത്യ എന്നാൽ ഇക്കാര്യത്തിൽ വേറിട്ട് നിൽക്കുന്നു. ഭാഷകളുടെ അടിസ്ഥാനത്തിൽ ഉള്ള സംസ്ഥാനങ്ങൾ, പല സംസ്കാരങ്ങൾ, ഭക്ഷണ രീതികൾ , ആചാരങ്ങൾ എല്ലാം കൂടിച്ചേർന്ന ഒരവിയൽ പരുവം ഉള്ള ഒരു രാജ്യമാണിന്ത്യ, പക്ഷെ എല്ലാവരെയും കൂട്ടിയിണക്കുന്ന എന്തോ ഒന്ന് ഇന്ത്യക്കാരുടെ ഒത്തൊരുമയുടെ അടിസ്ഥാന ഘടകമായി വർത്തിക്കുന്നു. ലോകത്ത് ഒരത്ഭുത ജനാധിപത്യ രാജ്യം എന്ന സൽപെരുമയോടെ.

   ഇന്ത്യയിലെ ജനാധിപത്യം പല തവണ വെല്ലുവിളിക്കപ്പെട്ടിട്ടുണ്ട്. അടിയന്തിരാവസ്ഥയെ കുറിച്ച എനിക്ക് വലിയ ഓർമയില്ല. എനിക്ക് മൂന്ന് വയസുള്ളപ്പോൾ തുടങ്ങി അഞ്ചാം വയസിൽ ഒന്നാം ക്ലാസ്സിൽ ചേരുന്നതിന് തൊട്ടുമുൻപ് അവസാനിച്ച അടിയന്തിരാവസ്ഥ ഇന്ദിരാഗാന്ധിക്ക് താനാണ് ഇന്ത്യ എന്ന മതിഭ്രമത്തിൽ നിന്നുണ്ടായതാണ്. ഗാന്ധി, നെഹ്‌റു, അംബേദ്‌കർ തുടങ്ങിയവരുടെ ആശയ അടിസ്ഥാനങ്ങൾ ഇല്ലാതെ ഒരു കൂട്ടം സ്തുതിപാഠകരുടെയും പുത്ര വാത്സല്യത്തിൻന്റെയും തിമിരം ബാധിച്ചു പോയ കാലഘട്ടം ആയിരുന്നു അത്. ഡൽഹിയിലെ കോളനികളിലെ ആളുകളെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കുന്നത് മുതൽ പത്രസ്വാതന്ത്ര്യം അടിച്ചമർത്തുന്ന ജനാധിപത്യ ധ്വംസനങ്ങളുടെ പരമ്പരകൾ അരങ്ങേറിയ നാളുകൾ. ഒരുപക്ഷെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ താൻ തന്നെ ജയിക്കും എന്ന അമിത ആത്മവിശ്വാസം ആകാം രണ്ടു വർഷങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇന്ദിരയെ തോന്നിപ്പിച്ചത്. കാരണം എന്ത് തന്നെ ആയാലും ഇന്ത്യൻ ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള ചരിത്രത്തിൽ അതൊരു വലിയ ഭാഗ്യമായി.

   അതിനു ശേഷം ഭാഷ അടിസ്ഥാനത്തിലും , നാഗാലാ‌ൻഡ്, പഞ്ചാബ്, കശ്മീർ തുടങ്ങി പല വിഘടന പ്രവർത്തനങ്ങൾ കൊണ്ടും ഇന്ത്യ പല തവണ വെല്ലുവിളിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജനാധിപത്യം വളരെ ശക്തിയോടെ നിന്നു. പലപ്പോഴും ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ചു കൊണ്ട് ഇന്ത്യൻ ജനാധിപത്യം അതിന്റെ ശക്തി കാണിച്ചു, ഉദാഹരണത്തിന് അടിയന്തിരാവസ്ഥ കഴിഞ്ഞ ഉടനെ ഇന്ദിരയെ സ്വന്തം തട്ടകം ആയ റായ് ബറേലിയിൽ തന്നെ തോൽപിച്ചത്.

   എന്റെ കാര്യത്തിൽ ജീവനോടെ ഇരിക്കാൻ പ്രതിരോധ കുത്തിവയ്‌പ്പുകൾ ഉണ്ടായിരുന്നു. പഠിക്കാൻ പ്രൈമറി സ്കൂൾ എന്റെ വീടിന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു. പഠിപ്പിക്കാൻ സ്നേഹം ഉള്ള അധ്യാപകരും. ഇതൊന്നും വെറുതെ ഉണ്ടാകുന്നതല്ല, മറിച്ച് ഒരു രാജ്യവും അതിന്റെ നേതാക്കളും ദീർഘ വീക്ഷണത്തോടെ തങ്ങളുടെ ബഡ്ജറ്റിന്റെ ഒരു വലിയ ഭാഗം വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മാറ്റിവയ്ക്കുന്നത് കൊണ്ട് നടക്കുന്നതാണ്. മറ്റു രാജ്യങ്ങളിൽ മതപഠന ശാലകൾ സ്ഥാപിക്കപ്പെട്ടപ്പോൾ ഇന്ത്യയിൽ ഐഐടികൾ , ആണവ കമ്മീഷൻ, ജലവൈദ്യത പദ്ധതികൾ, ISRO, സ്റ്റീൽ പ്ലാന്റുകൾ തുടങ്ങി രാജ്യ പുരോഗത്തിക്ക് വേണ്ടിയുള്ള സ്ഥാപനങ്ങൾ സ്ഥാപിക്കപ്പെട്ടു. സയന്റിഫ് ടെമ്പർ എന്ന് ഭരണഘടനയിൽ തന്നെ എഴുതിച്ചേർക്കപെട്ടു. മതം കുറച്ചു നാളത്തേക്കെങ്കിലും രാഷ്ട്രീയത്തിൽ നിന്നും, പുരോഗമന പ്രവർത്തികളിലും നിന്ന് വിട്ടുനിന്നതിന്റെ ഗുണം ആയിരുന്നു ഞാൻ അനുഭവിച്ചത്.

   എന്റെ ബാപ്പ നാലാം ക്ലാസുകാരനും, ഉമ്മ സ്കൂളിൽ പോകാത്ത ഒരാളുമാണ്. അങ്ങിനെ ഉള്ള മാതാപിതാക്കളുടെ മകന് എംസിഎ വരെ പഠിക്കാൻ കഴിഞ്ഞെങ്കിൽ അതിനുള്ള അവസരങ്ങൾ ഒരുക്കിത്തന്ന നേതാക്കൾക്ക് , അംബേദ്‌കറും നെഹ്രുവും മുതൽ ഭൂപരിഷകരണം നടപ്പിലാക്കിയ കേരളത്തിലെ സർക്കാരിന് വരെ എന്റെ ഇന്നത്തെ വിജയത്തിൽ അവകാശമുണ്ട്.

   ഇന്ത്യയുടെ മതേതര ഭരണഘടനയെ കുറിച്ച് ആശങ്കകൾ ഉള്ള ഒരു സമയം ആണിപ്പോൾ, നമ്മൾ ഇതും അതിജീവിക്കും എന്ന് കഴിഞ്ഞ കാലങ്ങളിലെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രം നോക്കി ആശിക്കാൻ മാത്രമേ ഇപ്പോൾ നമുക്ക് കഴിയുകയുള്ളൂ. അതിന്റെ കൂടെ ഇന്ത്യൻ ഭരണഘട ഇതേരൂപത്തിൽ നിലനിർത്തുവാൻ സമരം ചെയ്യുന്ന എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിവാദ്യങ്ങൾ.

   ഇന്ത്യ എന്തുകൊണ്ട് ഒരത്ഭുതമായി ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായി നിൽക്കുന്ന എന്നത്ഭുതപ്പെടുന്നവർ ഒന്ന് കൂടി ഭരണഘടനയുടെ ആമുഖം വായിക്കുക, ഇത് ഒരു കാരണവും ഇല്ലാതെ സംഭവിച്ചത് അല്ലെന്നും, അനേകം പേരുടെ ചിന്താധാരകൾ ഇന്ന് നമ്മുടെ രാജ്യം ഇതുപോലെ ഇരിക്കാൻ കാരണം ആയിട്ടുണ്ടെന്നും നമുക്ക് ഈ ആമുഖത്തിൽ കാണാം :

   "നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം
   ചെയ്യുന്നതിനും
   ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി,
   ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം,
   സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം,എന്നിവ ഉറപ്പുവരുത്തുന്നതിനും
   വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു"

   ഏവർക്കും റിപ്പബ്ലിക്ക് ദിന ആശംസകൾ..

   (അഭിപ്രായങ്ങൾ വ്യക്തിപരം)
   Published by:Asha Sulfiker
   First published:
   )}