തങ്ങളുടെ ആരാധനാപാത്രങ്ങളെ കാണുന്നതിന് പല സാഹസിക വഴികളും പിന്തുടരുന്നവരുണ്ട്. അഭിനേതാക്കളെയും ഗായകരെയും എഴുത്തുകാരെയും കാണാൻ തുനിഞ്ഞിറങ്ങും ചിലർ. വെറുതെയൊന്ന് കാണുക, സന്തോഷം പ്രകടിപ്പിക്കുക എന്നതൊക്കെയാവും ലക്ഷ്യം. പഞ്ചാബിലെ ഒരു കൗമാരക്കാരൻ തൻെറ പ്രിയപ്പെട്ട ഗായകൻ സിദ്ധു മൂസേവാലയെ (Sidhu Moosewala) കാണാനായി സഞ്ചരിച്ചത് ഏകദേശം 185 കിലോമീറ്റർ ദൂരമാണ്. 14കാരനായ സ്കൂൾ വിദ്യാർഥിയാണ് തന്റെ പ്രിയപ്പെട്ട ഗായകനോടുള്ള ആരാധനയെ തുടർന്ന് ഇത്തരത്തിൽ ഒരു യാത്ര ചെയ്യാൻ തീരുമാനിച്ചത്.
ശനിയാഴ്ച ക്ലാസ്സിൽ കയറാതെയാണ് വിദ്യാർഥി പ്രിയ ഗായകനെ കാണാനായി ഇറങ്ങിയത്. സിദ്ധുവിൻെറ സ്ഥലമായ മാനസയിലെത്താൻ 185 കിലോമീറ്ററാണ് യാത്ര ചെയ്യേണ്ടി വന്നത്. ആദ്യം സൈക്കിളിലായിരുന്നു ആരാധകൻെറ യാത്ര. 25 കിലോമീറ്റർ ദൂരം സൈക്കിളോടിച്ചു. പിന്നീട് സൈക്കിൾ ഒരു ഭാഗത്ത് മാറ്റിവെച്ച് ബസ്സിൽ കയറാൻ തീരുമാനിച്ചു. രണ്ട് ബസ്സുകളിലായി പിന്നീട് 160 കിലോമീറ്റർ ദൂരം യാത്ര ചെയ്തു.
പഞ്ചാബിലെ മഹിൽപൂരിന് സമീപമുള്ള ബെഹ്ബാൽപൂർ ഗ്രാമത്തിൽ നിന്നുള്ളതാണ് ഈ കൗമാരക്കാരൻ. ബാംഗയിലെ ഒരു സ്വകാര്യ സ്കൂളിലാണ് പഠിക്കുന്നത്. രണ്ട് സഹോദരിമാർക്കൊപ്പമാണ് എന്നും സ്കൂളിൽ പോകാറും വരാറുമുള്ളത്. ശനിയാഴ്ച വൈകിട്ട് മകൻ മടങ്ങിയെത്താതെ വന്നതോടെ രക്ഷിതാക്കൾക്കും ആശങ്കയായി. വൈകിട്ട് 5.30ഓടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. ഇതോടെ അന്വേഷണം സജീവമായി.
കുട്ടിയുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്യാനാണ് പോലീസ് ആദ്യം ശ്രമിച്ചത്. എന്നാൽ അത് സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. പിന്നീട് സ്കൂളിലെയും പോവാൻ സാധ്യതയുള്ള സ്ഥലങ്ങളുടെയും വഴികളുടെയുമെല്ലാം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സ്കൂളിൽ പോയിട്ടില്ലെന്ന് ഇതിലൂടെ മനസ്സിലായി. "മറ്റൊരു സിസിടിവി ഫൂട്ടേജിൽ നിന്ന് കുട്ടി ബാംഗ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുവെന്ന് മനസ്സിലായി. ചിപ്സിൻെറ പാക്കറ്റ് ഒരു കടയിൽ നിന്ന് വാങ്ങുന്നതും കണ്ടു," ബാംഗ ഡിഎസ്പി ഗുർപ്രീത് സിങ് പറഞ്ഞു. ഒരു സ്വകാര്യ ബസിലെ ഡ്രൈവർ വഴിയാണ് പിന്നീട് വിദ്യാർഥിയെ കണ്ടെത്താൻ സാധിച്ചത്. നീണ്ട യാത്രയ്ക്ക് ഒടുവിൽ ഞായറാഴ്ച രാവിലെയാണ് ഈ ആരാധകൻ വീട്ടിൽ തിരിച്ചെത്തിയത്.
ആരാധകരുടെ ഇത്തരത്തിലുള്ള ഭ്രാന്തൻ ചെയ്തികളെക്കുറിച്ച് കായികലോകത്ത് നിന്ന് നിരവധി വാർത്തകൾ വരാറുണ്ട്. ഐപിഎല്‍ കാണാന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ബംഗ്ലദേശ് യുവാവ് വാർത്തകളിലിടം പിടിച്ചിരുന്നു. ബംഗ്ലദേശിലെ നാരായണ്‍ഗഞ്ച് ജില്ലയില്‍ പൂര്‍വ ചന്ദ്പൂര്‍ സ്വദേശിയായ 31 വയസ്സുകാരനായ മുഹമ്മദ് ഇബ്രാഹിം ആണ് ഇന്ത്യയിലേക്ക് എത്തിയത്. ബംഗാളിലെ നോര്‍ത്ത് 24പര്ഗാനസിന് സമീപത്തെ രാജ്യാന്തര അതിര്‍ത്തി വഴിയാണ് ഇയാള്‍ ഇന്ത്യയിലേക്ക് കടന്നത്.
ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ ആരാധകർ ഗ്രൗണ്ടിലേക്ക് കയറുന്നതും സാധാരണ സംഭവിക്കാറുള്ളതാണ്. അർജൻറീനയും ഇക്വഡോറും തമ്മിൽ ഈയടുത്ത് നടന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിനിടയിലും ഒരു ആരാധകന് ഗ്രൗണ്ടിലെത്തി. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തിയ ആരാധകന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ താരത്തിന്റെ കഴുത്തിന് പിടിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന മെസ്സി ഗാര്സണിന്റെ കൈ തട്ടിമാറ്റി. പിന്നാലെ ആരാധകനെ പോലീസ് പിടികൂടുകയും ചെയ്തു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.