ഹൈദരാബാദ്: സ്വന്തം നാട്ടിൽ ഇഷ്ടമുള്ള ബ്രാൻഡിലുള്ള ബിയർ കിട്ടാൻ വഴിയുണ്ടാക്കണമെന്ന് ജില്ലാ കളക്ടർക്ക് മദ്യപാനിയുടെ നിവേദനം. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലാ ആസ്ഥാനത്താണ് രസകരമായ സംഭവം. ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാനുള്ള ഔദ്യോഗിക പരിപാടിയിലായിരുന്നു ജില്ലാ കളക്ടർക്ക് വേറിട്ട നിവേദനം ലഭിച്ചത്.
ജഗ്തിയാല്‍ സ്വദേശിയായ ബീറാം രാജേഷ് എന്ന യുവാവിന്റേതാണ് ആവശ്യം. ജനങ്ങളുടെ ആവലാതികൾ കേൾക്കാനും പരിഹാരം നിർദേശിക്കാനുമായി ടൗണിൽ ജില്ലാ കളക്ടറുടെ ‘പ്രജാവാണി’ പരിപാടി നടക്കുന്നുവെന്ന് രാജേഷ് കഴിഞ്ഞ ദിവസം മനസിലാക്കിയിരുന്നു.
ഇഷ്ട ബിയർ കിട്ടാത്തത് ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്ന് തോന്നിയ രാജേഷ്, പിന്നെ ഒട്ടും വൈകിയില്ല. നേരെ പരിപാടിയിലെത്തി ജില്ലാ കളക്ടർക്ക് നിവേദനം നൽകി. നാട്ടിലെ വൈൻ ഷോപ്പുകളിലും ബാറുകളിലും ഇഷ്ട ബ്രാൻഡിലുള്ള ബിയർ ലഭിക്കുന്നില്ലെന്നാണ് രാജേഷിന്റെ പരാതി. കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും ജില്ലാ കളക്ടർ ഈ നിവേദനത്തിൽ എന്തു തുടര്‍ നടപടി സ്വീകരിക്കുമെന്നത് കാത്തിരുന്നുതന്നെ കാണണം.
Also Read- ‘ഏറ്റവും ആസ്വദിച്ചു പാടിയ വേദി; അൽപദൂരം ഓടേണ്ടിവന്നു; ഇനിയും വിളിച്ചാൽ വരും’; വിനീത് ശ്രീനിവാസൻ
2018ലും ഇവിടെ സമാനമായ സംഭവം നടന്നിരുന്നു. അയില സൂര്യനാരായണ എന്ന വ്യക്തിയാണ് അന്ന് കളക്ടർക്ക് നിവേദനവുമായി എത്തിയത്. ഇതേ ബ്രാൻഡിലുള്ള ബിയര്‍ തങ്ങളുടെ പ്രദേശത്ത് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അന്നും പ്രജാവാണി പരിപാടിയിൽ നിവേദനം നൽകുകയായിരുന്നു. തന്റെ ഇഷ്ട ബ്രാൻഡ് വിൽക്കാതെ, ബാറുടമകൾ വില കുറഞ്ഞ ബിയർ വിതരണം ചെയ്ത് ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്നായിരുന്നു പരാതി.
പരിസരപ്രദേശമായ കരിംനഗറിലും മറ്റും ഇതേ ബിയർ സുലഭമായി ലഭിക്കുമ്പോൾ തന്റെ നാടിനോട് എന്താണ് വിവേചനമെന്നും ഇയാൾ ചോദിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.