• HOME
  • »
  • NEWS
  • »
  • buzz
  • »
  • Marathon | ചെരുപ്പില്ലാതെ ഓടിയത് 5 കിലോമീറ്റര്‍; തെലങ്കാന സ്വദേശിനി സമ്മാനമായി നേടിയത് 1 ലക്ഷം

Marathon | ചെരുപ്പില്ലാതെ ഓടിയത് 5 കിലോമീറ്റര്‍; തെലങ്കാന സ്വദേശിനി സമ്മാനമായി നേടിയത് 1 ലക്ഷം

മത്സരത്തിന് ഒരു ദിവസം മുമ്പാണ് മല്ലം ഇതേക്കുറിച്ച് അറിയുന്നത്. മറ്റുള്ളവരെപ്പോലെ യാതൊരു തയ്യാറെടുപ്പുകളും മല്ലത്തിനുണ്ടായിരുന്നില്ല.

  • Share this:
ചെരുപ്പില്ലാതെ 5 കിലോമീറ്റര്‍ ഓടി ഓട്ടമത്സരത്തില്‍ വിജയിച്ച് തെലങ്കാന (Telangana) സ്വദേശിയായ കര്‍ഷക. തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലെ അക്കനാപേട്ട് മണ്ഡലത്തിലെ മല്ലംപള്ളി ഗ്രാമത്തില്‍ നിന്നുള്ള മല്ലം രാമ (Mallam Rama) എന്ന കര്‍ഷകയാണ് മത്സരത്തില്‍ വിജയിച്ച് 1 ലക്ഷം രൂപ സമ്മാനം നേടിയത്. മാര്‍ച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് 30 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കായി 5 കിലോമീറ്റര്‍ ഓട്ടമത്സരം (marathon) സംഘടിപ്പിച്ചത്. വിജയിക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. എംഎല്‍എ സതീഷ് കുമാറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നതോടെ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും ഭാര്യമാരുള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ള സ്ത്രീകള്‍ മത്സരത്തിനുള്ള പരിശീലനം ആരംഭിച്ചു. മൂന്ന് മാസത്തോളം ഇത് നീണ്ടുനിന്നിരുന്നു.

മത്സരത്തിന് ഒരു ദിവസം മുമ്പാണ് മല്ലം ഇതേക്കുറിച്ച് അറിയുന്നത്. മറ്റുള്ളവരെപ്പോലെ യാതൊരു തയ്യാറെടുപ്പുകളും മല്ലത്തിനുണ്ടായിരുന്നില്ല. എന്തുതന്നെയായാലും മത്സരത്തില്‍ പങ്കെടുത്ത് ഭാഗ്യം പരീക്ഷിച്ച് നോക്കാമെന്ന് മല്ലം വിചാരിച്ചു. അങ്ങനെ പങ്കെടുത്ത് മല്ലം ഒന്നാംസ്ഥാനം നേടി. 26.42 മിനിറ്റുകൊണ്ടാണ് മല്ലം മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. ചെരിപ്പിടാതെയായിരുന്നു മല്ലത്തിന്റെ ഓട്ടം. സംഘാടകരെയും സഹ മത്സരാര്‍ത്ഥികളെയും അമ്പരപ്പിക്കുന്ന പ്രകടനം തന്നെയായിരുന്നു മല്ലത്തിന്റേത്. അഞ്ഞൂറോളം സ്ത്രീകളാണ് മാരത്തണില്‍ പങ്കെടുത്തത്.

തന്റെ ജീവിതശൈലിയാണ് തന്നെ വിജയിയാക്കിയതെന്നാണ് മല്ലം പറഞ്ഞത്. വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലേക്ക് നടക്കാന്‍ പോകാറുണ്ട്. തുറസ്സായ വയലുകളിലേക്ക് കന്നുകാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുമ്പോള്‍ അവയുടെ പുറകെ ഓടേണ്ടി വരുമെന്നും മല്ലം പറഞ്ഞു. മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിയതാണ് മല്ലം.

രണ്ട് ആണ്‍മക്കളാണ് മല്ലം രാമത്തിന് ഉള്ളത്. കന്നുകാലികളാണ് മല്ലത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. സമ്മാനത്തുക തന്റെ മകന്റെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്ന് മല്ലം പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു 68കാരി ഓട്ടമത്സരത്തില്‍ പങ്കെടുത്തതും വലിയ വാര്‍ത്തയായിരുന്നു. കര്‍ഷകത്തൊഴിലാളി ആയിരുന്ന ലത ഖാരെ തന്റെ ഭര്‍ത്താവിന് വേണ്ടിയാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന് ഒരു എംആര്‍ഐ സ്‌കാനിങ്ങ് നടത്താനായി 5000 രൂപ വേണ്ടിവന്നിരുന്നു. എന്നാല്‍ അവര്‍ ജീവിത്തില്‍ ഒരിക്കലും അത്രയും തുക ഒരുമിച്ച് കണ്ടിട്ടില്ല. ഈ സമയത്താണ് അവരുടെ ഗ്രാമത്തിലെ ഒരാള്‍ മാരത്തണിനെ കുറിച്ച് പറഞ്ഞത്. 5000 രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. വാര്‍ത്തയറിഞ്ഞതോടെ യാതൊരു മുന്‍പരിചയവുമില്ലാത്ത ലത മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സാരി ധരിച്ചാണ് ലത മത്സരത്തില്‍ പങ്കെടുത്തത്. പാതി വഴിയിൽ വെച്ച് അവരുടെ ചെരിപ്പും പൊട്ടി. എന്നാല്‍, ഇതൊന്നും വകവെയ്ക്കാതെ ല മൂന്ന് കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി സമ്മാനത്തുക സ്വന്തമാക്കി. ഈ പണം അവരുടെ ഭര്‍ത്താവിന്റെ സ്‌കാനിങിനായി ഉപയോഗിക്കുകയും ചെയ്തു. അന്നുമുതല്‍ പ്രാദേശിക മാരത്തണ്‍ മത്സരങ്ങളില്‍ ലത ഒരു സ്ഥിരം സാന്നിധ്യമാണ്.
Published by:Naveen
First published: